17 September Tuesday

ഓണത്തിമിർപ്പിൽ പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

കരൂർ ആശാനിലയത്തിലെ ഓണാഘോഷത്തിന്റെ വടംവലി മത്സരത്തിൽ മാണി സി കാപ്പൻ പങ്കെടുത്തപ്പോൾ

 പാലാ 

തെരഞ്ഞെടുപ്പാണ‌് സംസാരവിഷയമെങ്കിലും ഓണത്തിരക്കിലാണ‌് പാലാ മണ്ഡലം. തിരുവോണസദ്യ ഒരുക്കാനും പുതുവസ‌്ത്രങ്ങൾ വാങ്ങാനും ഉത്രാടപ്പാച്ചിലിലായിരുന്നു നാടും നഗരവും. ഓണാഘോഷങ്ങളും പൊടിപൊടിക്കുന്നു. നാടിന്റെ പ്രിയങ്കരൻ മാണി സി കാപ്പനും ചൊവ്വാഴ‌്ച ആഘോഷങ്ങൾക്കൊപ്പമായിരുന്നു. നാട്ടുകാരുടെ ആഘോഷങ്ങളിൽ പങ്കെടുത്തും വോട്ട‌് അഭ്യർഥിച്ചും അദ്ദേഹം പാലായുടെ പ്രിയ പുത്രനായി. കായികതാരമായിരുന്നതിനാൽ ഓണാഘോഷത്തിനൊപ്പമുള്ള കായികമത്സരങ്ങൾ പലയിടത്തും കണ്ടപ്പോൾ കാപ്പനും ആവേശം. കുട്ടികൾക്കും ചെറുപ്പക്കാർക്കുമെല്ലാം പ്രോത്സാഹനം നൽകാനും മറന്നില്ല.  
   രാവിലെ നഗരത്തിലെ ജിംനേഷ്യത്തിലെത്തി വോട്ട്‌ അഭ്യർഥിച്ചുകൊണ്ടായിരുന്നു പ്രചാരണത്തിനു തുടക്കം. ളാലം സെന്റ് മേരീസ് മഠം സന്ദർശിച്ചു.  പുറത്തിറങ്ങുമ്പോൾ സെന്റ് മേരീസ് സ്‌കൂളിലെത്തിയ വിദ്യാർഥികൾ ചുറ്റുംകൂടി. അവരുമായി കുറച്ചുനേരം സംഭാഷണം, ഫോട്ടോയെടുക്കൽ. അപ്പോഴേയ്ക്കും ചാനലുകാർ എത്തി. തുടർന്ന് കടപ്പാട്ടൂരിൽ സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങുകളിൽ പങ്കെടുത്ത് വോട്ടുകൾ തേടി.
തിരക്കിനിടയിലും പ്രചാരണ പ്രവർത്തനങ്ങൾ എൻസിപി നേതാക്കളുമായി ചേർന്നു വിലയിരുത്തി. ബെന്നി മൈലാടൂർ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ജോസ് കുറ്റിയാനിമറ്റം, താഹ തലനാട് തുടങ്ങിയവർക്ക് പ്രവർത്തനങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകി. ഭരണങ്ങാനം, മീനച്ചിൽ, എലിക്കുളം, കൊഴുവനാൽ, പാലാ മേഖലകളിലും കാപ്പൻ വോട്ടർമാരെ കണ്ടു.
പ്രധാന വാർത്തകൾ
 Top