24 October Thursday
രാത്രി യാത്ര നിരോധനം

സഞ്ചാരസ്വാതന്ത്രത്തിൽ വിട്ടുവീഴ്‌ച്ചയില്ല; പ്രക്ഷോഭം ശക്തമാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
 
ബത്തേരി
ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം നീക്കിക്കിട്ടുന്നതിനുള്ള പ്രക്ഷോഭം ശക്തിപ്പെടുത്താൻ എൻഎച്ച‌് 766 ട്രാൻസ‌്പോർട‌് പ്രൊട്ടക‌്ഷൻ ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. ദേശീയപാത അടച്ചു പൂട്ടരുതെന്നും നിലവിലെ രാത്രിയാത്ര നിരോധനം പിൻവലിക്കണം എന്നതുമാണ‌് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം. മുത്തങ്ങ വഴി കടന്നു പോവുന്ന 766 ദേശീയപാതക്ക‌് മറ്റ‌് ബദലുകൾ ഇല്ലെന്ന‌് കേന്ദ്ര–-സംസ്ഥാന സർക്കാരുകളെയും കോടതിയേയും ധരിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കും. ദേശീയപാതയുടെ ഗുണഭോക്താക്കളായ ഗുണ്ടൽപേട്ടയിലെയും ഗൂഡല്ലൂരിലെയും ജനങ്ങളെയും തുടർ പ്രക്ഷോഭങ്ങളിലും പ്രചാരണ പരിപാടികളിലും പങ്കെടുപ്പിക്കും. ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ കേരള﹣-കർണാടക മുഖ്യമന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെയും സന്ദർശിച്ച‌് കാര്യങ്ങൾ ധരിപ്പിക്കും. ചർച്ചകളിലൂടെ കോടതിയിൽ പൊതുസത്യവാങ‌്മൂലം സമർപ്പിക്കുന്നതിനുള്ള നടപടികളും ആലോചിക്കും. റെയിൽവേ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ മുമ്പ‌് രൂപീകരിച്ചസർവകക്ഷി ആക്ഷൻ കമ്മിറ്റി പിരിച്ചുവിട്ട‌് നിലവിലെ പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റിയിൽ ലയിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ഐ സി ബാലകൃഷ‌്ണൻ എംഎൽഎ അധ്യക്ഷനായി. സി കെ ശശീന്ദ്രൻ എംഎൽഎ, സുരേഷ‌് താളുർ, ടി എൽ സാബു, പി സി മോഹനൻ, എൻ എം വിജയൻ, പി എം അരവിന്ദൻ, കെ ജെ ദേവസ്യ, ബേബി വർഗീസ‌്, കെ കെ വാസുദേവൻ, സി കെ സഹദേവൻ, ടി ജെ ജോസഫ‌്, പി വൈ മത്തായി, ടിജി ചെറുതോട്ടിൽ എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top