19 September Thursday

തിരുവനന്തപുരം ജില്ലയില്‍ 84 വീട്‌ തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

ശക്തമായ മഴയിൽ പുത്തൻപാലം തോട്‌ കരകവിഞ്ഞപ്പോൾ

തിരുവനന്തപുരം
കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും മഴയിലും ജില്ലയിൽ 84 വീടിന്‌ നാശനഷ്ടമുണ്ടായി. ആറ്‌ വീട്‌ പൂർണമായും 78 വീട്‌ ഭാഗികമായും തകർന്നു. കാട്ടാക്കട താലൂക്കിൽ മൂന്ന്‌, നെയ്യാറ്റിൻകര, തിരുവനന്തപുരം, വർക്കല താലൂക്കുകളിലെ ഓരോ വീടുമാണ്‌ പൂർണമായും തകർന്നത്‌. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകിവീണ്‌ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. നിലവിൽ 157 കുടുംബത്തിലെ 656 പേരാണ്‌ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നത്‌. ഇതിൽ 135 കുട്ടികളും 270 സ്‌ത്രീകളും 251 പുരുഷന്മാരുമുൾപ്പെടുന്നു. ജില്ലയിലാകെ ഏഴ്‌ ദുരിതാശ്വാസക്യാമ്പ്‌ പ്രവർത്തിക്കുന്നുണ്ട്‌. കാട്ടാക്കട വിളവൂർക്കൽ കുരിശുമുട്ടം ഗ്രന്ഥശാലയിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പ്‌ അവസാനിപ്പിച്ചു.
 
മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനും ആവശ്യാനുസരണം ക്യാമ്പുകളുടെ എണ്ണം വർധിപ്പിക്കാനും സൗകര്യങ്ങൾ സജ്ജമാക്കാനും റവന്യൂ ഉദ്യോഗസ്ഥർക്ക്  കലക്ടർ കെ ഗോപാലകൃഷ്ണൻ നിർദേശം നൽകി. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. നദീതീരത്തും തീരദേശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. ദുരന്തനിവാരണ വിഭാഗത്തിൽനിന്ന് നൽകുന്ന മുന്നറിയിപ്പുകളോട് സഹകരിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി കലക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുമുണ്ട്‌. ഫോൺ: 1077.
അരുവിക്കര: ഷട്ടർ 80 സെന്റിമീറ്റർ ഉയർത്തി
 
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഒരു ഷട്ടർ ശനിയാഴ്‌ച 80 സെന്റീമീറ്റർ ഉയർത്തി. കഴിഞ്ഞ ദിവസം 35 സെന്റീമീറ്റർവരെ ഉയർത്തിയിരുന്നു. ആറ്‌ ഷട്ടറാണുള്ളത്‌. പരമാവധി ജലനിരപ്പ്‌ 46.6 മീറ്ററാണ്‌. ഷട്ടർ ഉയർത്തിയ സാഹചര്യത്തിൽ അരുവിക്കരയിലും പരിസര പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്‌. പേപ്പാറ ഡാമിൽ ശനിയാഴ്‌ച വൈകിട്ടുവരെ 104.3 മീറ്ററാണ്‌ ജലനിരപ്പ്‌. 107.5 മീറ്ററാണ്‌ ഡാമിലെ പരമാവധി ജലനിരപ്പ്‌. നെയ്യാർ ഡാമിൽ 81.50 മീറ്ററാണ്‌ ജലനിരപ്പ്‌. ശനിയാഴ്‌ച രാവിലെയിത്‌ 81.25 മീറ്ററായിരുന്നു. 84.75 മീറ്ററാണ്‌ ഇവിടെ പരമാവധി ജലനിരപ്പ്‌. ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്ന്‌ കലക്ടർ പറഞ്ഞു. 
 
ക്വാറികൾ പ്രവർത്തിപ്പിക്കരുത്‌ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറി പ്രവർത്തനങ്ങളും മണ്ണിടിക്കുന്നതുൾപ്പെടെയുള്ള ഖനന പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടു.
വർക്കലയിൽ വൻ നാശം 
 
വർക്കല 
വർക്കലയിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും കനത്ത മഴയിലും ശക്തമായ കാറ്റിലും വൻ നാശനഷ്ടം. വർക്കല താലൂക്കിൽ ഒരു വീട് പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഒറ്റൂർ വില്ലേജിൽ തോപ്പുവിള ചരുവിളവീട്ടിൽ ലളിത (65) യുടെ ഓട് മേഞ്ഞ വീടാണ് പൂർണമായും തകർന്നത്.സംഭവ സമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ അപകടമൊഴിവായി.വീട്ടിലുണ്ടായിരുന്ന ടിവി, ഫാനുകൾ, കട്ടിലുകൾ, പാത്രങ്ങൾ, ഗൃഹോപകരണങ്ങൾ മുതലായവ പൂർണമായും നശിച്ചു. ലളിതയെ ബന്ധുവീട്ടിലേക്ക്‌ മാറ്റി. മരം വീടിന് മുകളിൽ വീണ് ഒറ്റൂർ തോപ്പിൽ തങ്കച്ചി മന്ദിരത്തിൽ തങ്കച്ചിയുടെ വീട്, അതിര് ഇടിഞ്ഞ് വീണ് ചെമ്മരുതി വില്ലേജിൽ വടശ്ശേരിക്കോണം ആലുവിള വീട്ടിൽ മുബാറക്കിന്റെ വീട്, മരം വീണ് നാവായിക്കുളം വില്ലേജിൽ നെട്ടിയറ ചന്ദ്രകാന്തത്തിൽ ജയപ്രസാദിന്റെ വീട് എന്നിവ ഭാഗികമായി നശിച്ചു.
 
വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി ഇലക്ട്രിക് ലൈനിലും റോഡിലും വീണതിനാൽ വൈദ്യുതി ബന്ധം നിലയ്‌ക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്‌തു. തീരദേശ മേഖലയിലെ വീടുകളിലും താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ചെമ്മരുതി കല്ലണയാർ കരകവിഞ്ഞൊഴുകി. ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ വെട്ടൂർ, ഇടവ, ഇലകമൺ, ചെമ്മരുതി എന്നീ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലെല്ലാം വെള്ളം കയറി.

പ്രധാന വാർത്തകൾ
 Top