17 September Tuesday

കാതോർക്കാതിരിക്കില്ല ഈ ‘കാൽത്താള’ത്തിന്‌

ഷാജി ഏറംUpdated: Sunday Aug 11, 2019

പ്ലൈവുഡ്‌ കൊണ്ടുള്ള ഉപകരണത്തിൽ കാലുകൊണ്ട്‌ താളം പിടിക്കുന്ന പ്രവീൺ സുധ

അഞ്ചൽ
ഏതു പാട്ടാണെങ്കിലും താളമൊരുക്കാൻ പ്രവീൺ തയ്യാറാണ്‌. പക്ഷേ കാലുകൾ കൊണ്ടാണെന്നു മാത്രം. അതും ഒറിജിനലിനെ വെല്ലുന്നരീതിയിൽ. ആയൂർ സ്വദേശിയായ പ്രവീൺ സുധയാണ്‌ സംഗീതലോകത്ത്‌ കാലുകൾകൊണ്ട്‌ വിസ്മയം തീർക്കുന്നത്‌. 12 വർഷമായി പ്രവീൺ സംഗീതലോകത്ത്‌ സജീവമായിട്ട്‌. സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിലും തന്റെ കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌. 
ഗാനമേള വേദികളിലും നിറസാന്നിധ്യമായ പ്രവീണിന്റെ കാലുകളിലെ സംഗീതം മറ്റുള്ളവരിലേക്ക്‌ എത്തുന്നത്‌ ഈ അടുത്തകാലത്താണ്‌. കാലുകൾകൊണ്ട്‌ താളമൊരുക്കുന്ന പ്രവീണിന്റെ പ്രകടനം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.  
കുറച്ചുകാലം മുമ്പ് നടന്ന ഒരു റെക്കോഡിങ് വേളയിൽ പാട്ടിന്റെ താളം പലതവണ കമ്പോസ് ചെയ്തിട്ടും ശരിയാകാതെ വന്നപ്പോൾ പ്രവീൺ കാലുകൊണ്ട്‌ ആ താളം കൊട്ടിക്കേൾപ്പിച്ച്‌ റെക്കോഡിസ്റ്റിനെ ഞെട്ടിച്ചു. ഇത്‌ അത്ഭുതമായി തോന്നിയ റെക്കോഡിസ്റ്റാണ്‌ പ്ലൈവുഡിൽ തീർത്ത ബോക്സും അതിനു മുകളിൽ  ഇരുമ്പുപൈപ്പ് കൊണ്ടൊരു ഇരിപ്പിടവുമുള്ള തരത്തിൽ ഒരു ഉപകരണം പ്രവീണിന്‌ നിർമിച്ചു നൽകിയത്‌. 
പാട്ട്കേൾക്കുമ്പോൾ പ്രവീൺ തന്റെ കാലുകൾ കൊണ്ടാണ്‌ താളം പിടിക്കുക. കുട്ടിക്കാലത്ത്‌ സിനിമാ തിയറ്ററിൽ ഡപ്പാംകൂത്ത് പാട്ട് വരുമ്പോൾ  അറിയാതെ തന്നെ കാലുകൾ തറയിൽ താളം പിടിക്കുമായിരുന്നു. ബസിൽ യാത്ര ചെയ്യുമ്പോഴും കേൾക്കുന്ന പാട്ടിന്‌ അനുസരിച്ച്‌ താളം പിടിക്കുമായിരുന്നു. 
ഇതിനകം അമ്പതിലധികം ഗാനങ്ങൾക്ക്‌ പ്രവീൺ സംഗീതം നൽകിയിട്ടുണ്ട്. കുട്ടിക്കാലത്ത് സംഗീതം പഠിച്ചിട്ടുണ്ട്‌. ഗസൽ പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും നടന്നില്ല. പ്യാഡ്, കംപോസർ, തബല എന്നീ ഉപകരണങ്ങൾ കൈകൊണ്ട് വായിക്കും. ഗിന്നസിൽ കയറാനുള്ള പരിശ്രമവുമായി പ്രാക്ടീസ് തുടർന്നു കൊണ്ടിരിക്കുന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top