11 August Tuesday

തെറ്റിദ്ധരിപ്പിച്ചവർക്കെതിരെ കർശന നടപടി

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

പൂന്തുറയിൽ ലോക്‌ഡൗൺ ലംഘിച്ച്‌ പ്രദേശവാസികൾ പുറത്തിറങ്ങിയപ്പോൾ

തിരുവനന്തപുരം
പൂന്തുറയിൽ ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ വർഗീയമായി വേർതിരിക്കാൻ ശ്രമമുണ്ടായെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. പൂന്തുറയിൽ അതിവേഗം പരിശോധന നടത്തി രോഗവ്യാപനം നിയന്ത്രണവിധേയമാക്കാനുള്ള കഠിനപ്രയത്നമാണ്‌ നടക്കുന്നത്‌. അവിടെ നടത്തുന്ന ആന്റിജൻ പരിശോധന ഫലപ്രദമല്ലെന്ന്‌ ചിലർ വ്യാജപ്രചാരണം നടത്തി.  സർക്കാർ നടപടികളോട്‌ നന്നായി സഹകരിക്കുന്നവരാണ്‌ പൂന്തുറയിലെ ജനങ്ങൾ. ഓഖി, പ്രളയം തുടങ്ങിയ ദുരന്തസമയങ്ങളിൽ ഇവരുടെ സേവനസന്നദ്ധത നാം കണ്ടു. ജനങ്ങളെ വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. 
 
കോവിഡ്‌ ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററിൽ സൗകര്യക്കുറവുണ്ട്‌ എന്ന പരാതി ഉയർന്നു. അതിവ്യാപനത്തിൽ കൂടുതൽ രോഗികളുണ്ടായപ്പോൾ ചില കുറവുകളുണ്ടായി. ഇത്‌ പരിഹരിക്കാൻ ശ്രമം നടക്കുന്നു. നിയന്ത്രണംവിടുന്ന സാഹചര്യമുണ്ടായാൽ ഹൈ റിസ്ക്‌ വിഭാഗത്തിലുള്ളവരെ മാറ്റി പാർപ്പിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. 
 
പൂന്തുറയിൽ തടിച്ചുകൂടിയവരിൽ ചിലർ ആരോഗ്യ പ്രവർത്തകരുടെ കാർ തടഞ്ഞ്‌ കാറിനുള്ളിലേക്ക്‌ ചുമച്ചത്‌ വേദനാജനകമാണ്‌. കാറിന്റെ ഡോർ ബലമായി തുറന്ന് മാസ്ക്‌ മാറ്റിയാണ്‌ ചുമച്ചത്‌. തുടർന്ന്‌ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ക്വാറന്റൈനിൽ പോകേണ്ടിവന്നു. ജീവൻ രക്ഷിക്കാനെത്തുന്നവർക്കെതിരെ ഇതുപോലെ ഹീനമായ പെരുമാറ്റം എവിടേയും ഉണ്ടായിട്ടില്ല. ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top