05 August Wednesday
എംവിഐപി പദ്ധതി പൂർത്തിയായി

മധ്യകേരളത്തിന്റെ കാർഷികമേഖല ഉണർവിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ച ചടങ്ങില്‍ ജലസേചന മന്ത്രി കെ കൃഷ്ണന്‍കുട്ടി ശിലാഫലകം അനാവരണം ചെയ്യുന്നു

 തൊടുപുഴ

കാർഷികസമൃദ്ധിക്കും കുടിവെള്ള ലഭ്യതയ്‌ക്കും പ്രഥമ പരിഗണന നൽകുന്ന മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി കമീഷൻ ചെയ്‌തതോടെ മധ്യകേരളത്തിന്റെ കാർഷികമേഖല കൂടുതൽ ഉണർവിലേക്ക്‌. മൂലമറ്റം പവർ ഹൗസിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദനശേഷം പുറത്തേക്ക്‌ ഒഴുക്കുന്ന ജലവും മറ്റ് സ്രോതസ്സുകളിൽനിന്നുള്ള നീരൊഴുക്കും ഇടുക്കി, എറണാകുളം ജില്ലകളിലെ കർഷകസമൂഹത്തിന് പ്രദാനംചെയ്യാനാണ് എംവിഐപി പദ്ധതി 1974ൽ വിഭാവനം ചെയ്‌തത്.
 പിന്നീട്‌ കോട്ടയം ജില്ലയിലേക്കും പദ്ധതി വ്യാപിപ്പിച്ചു. നാലു പതിറ്റാണ്ടോളമായി പദ്ധതി പൂർത്തിയാകാതെ കിടക്കുകയായിരുന്നു. എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റശേഷം മുഖ്യമന്ത്രി നേരിട്ട്‌ ഇടപെടൽ നടത്തിയാണ്‌ പദ്ധതി വേഗം പൂർത്തിയാക്കാൻ നിർദേശം നൽകിയത്‌. മുടങ്ങിക്കിടന്ന നിർമാണങ്ങൾക്കെല്ലാം ഇതോടെ ജീവൻവച്ചു.  
 മൂന്ന്‌ ജില്ലകളിലായുള്ള എഴു നിയമസഭാ മണ്ഡലങ്ങളിലെ 37 പഞ്ചായത്തുകളിലും അഞ്ച്‌ നഗരസഭാ പ്രദേശങ്ങളിലും കൃഷിക്കും കുടിവെള്ളത്തിനും ഈ പദ്ധതി മുതൽക്കൂട്ടാവുകയാണ്‌. ആകെ 323 കിലോമീറ്റർ കനാൽ ശൃംഖലയിലൂടെയാണ്‌ ജലവിതരണം. ‌പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കാത്ത മേഖലകളിൽ മൈക്രോ ഇറിഗേഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് കമാന്റ് ഏരിയ ഡെവലപ്‌മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി നടപ്പാക്കിവരികയാണ്. പ്രധാനമായും നെൽകൃഷിയെ അടിസ്ഥാനമാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കിലും നാണ്യവിളകൾക്ക് പ്രാധാന്യം നൽകിയുള്ള കൃഷിരീതിയാണ് ഇപ്പോൾ അവലംബിക്കുന്നത്. 
 തരിശായി കിടക്കുന്ന പാടശേഖരങ്ങൾ കർഷകരോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളും കൃഷി–- ജലസേചന– മണ്ണ് സംരക്ഷണ വകുപ്പും ചേർന്നാണ്‌ ഇനി കൃഷിയോഗ്യമാക്കേണ്ടത്‌. ഇതിനുള്ള എല്ലാ പ്രോത്സാഹനവും നൽകുമെന്നും പദ്ധതി ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്‌. മലങ്കര ഡാം പരിസരത്ത്‌ ചേർന്ന യോഗത്തിൽ മന്ത്രി കെ കൃഷ്‌ണൻകുട്ടി അധ്യക്ഷനായി. മന്ത്രിമാരായ എം എം മണി, വി എസ്‌ സുനിൽകുമാർ, എംപിമാരായ തോമസ്‌ ചാഴികാടൻ, ഡീൻ കുര്യാക്കോസ്‌, എംഎൽഎമാരായ പി ജെ ജോസഫ്‌, റോഷി അഗസ്‌റ്റിൻ, ആന്റണി ജോൺ, മോൻസ്‌ ജോസഫ്‌, അനൂപ്‌ ജേക്കബ്‌ എന്നിവർ സംസാരിച്ചു. സൂപ്രണ്ടിങ്‌ എൻജിനിയർ സി എസ്‌ സിനോഷ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ചീഫ്‌ എൻജിനിയർ അലക്‌സ്‌ വർഗീസ്‌ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top