19 June Saturday

കരുതലിന്റെ തണൽവിരിച്ച്‌, കാതോരത്ത്‌ നഗരസഭ

സ്വന്തം ലേഖകൻUpdated: Friday Jun 11, 2021

കോർപറേഷൻ അങ്കണത്തിലെ കൺട്രോൾ റൂമിലെ ഫാർമസിയിൽ മരുന്നുകൾ ഒരുക്കുന്ന നേഴ്സുമാർ

 
തിരുവനന്തപുരം 
മഹാമാരിയുടെ നാളുകളിൽ നഗരവാസികൾക്ക്‌ കരുതലിന്റെ തണൽവിരിച്ച്‌ തിരുവനന്തപുരം നഗരസഭ.  ‘ഒരു വിളിയിൽ’ നാട്ടുകാരുടെ ആവശ്യങ്ങൾ നിറവേറ്റിയാണ്‌ കോവിഡ്‌ കാലത്ത്‌ ജനക്ഷേമത്തിന്റെയും നന്മയുടെയും പുതുഗാഥ തീർക്കുന്നത്‌. തെരുവിൽ അലഞ്ഞവർപോലും നഗരസഭയുടെ സ്‌നേഹം അനുഭവിച്ചറിഞ്ഞു. പ്രളയവേളയിൽ ദുരിതബാധിതർക്ക്‌ കൈത്താങ്ങേകി മുഴുവൻ മലയാളികളുടെയും മനസ്സിൽ ഇടം നേടിയ തിരുവനന്തപുരം നഗരസഭ വീണ്ടും മാതൃകയാകുന്നു കോവിഡ്‌ പ്രതിരോധത്തിലും. ‘കോൾസെന്റർ’ ഉൾപ്പെടെയുള്ള സംവിധാനമൊരുക്കിയാണ്‌ സാന്ത്വനം പകരുന്നത്‌.
 
ജീവൻകാത്ത വിളികൾ
മെയ്‌ അഞ്ചിനാണ്‌ നഗരസഭയുടെ കോൾ സെന്റർ പൂർണ തോതിൽ പ്രവർത്തന സജ്ജമായത്‌. ഇതിനകം കോവിഡ്‌ പോസിറ്റീവായ 45508 പേരെ ഇവിടെ നിന്ന്‌ വിളിച്ചു. 8393 പേർ ഇവിടേക്കും. മരണം മുന്നിൽ കണ്ടവർ പോലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അവർക്കരികിലേക്ക്‌ നഗരസഭയുടെ മെഡിക്കൽ ടീം മിന്നൽ വേഗത്തിൽ കുതിച്ചെത്തി വൈദ്യസഹായം ലഭ്യമാക്കി. 600 പേരെയെങ്കിലും ഇത്തരത്തിൽ രക്ഷിക്കാനായി. 1970  പേർക്ക്‌ വൈദ്യസേവനം നൽകി.
 
അവരെയും രക്ഷിച്ചു
തെരുവിൽ അലഞ്ഞവരിലേക്കും നഗരസഭയുടെ സ്‌നേഹ സ്‌പർശമെത്തി. ജനപ്രതിനിധികളുടെയും വളന്റിയർമാരുടെയും നേതൃത്വത്തിൽ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക്‌ മാറ്റി. കോവിഡ്‌ ടെസ്‌റ്റും നടത്തി. 28 പേർ പോസിറ്റീവായി. ഇവർക്ക്‌ ചികിത്സ ഉറപ്പാക്കി. 
ഒരു പക്ഷേ നഗരസഭയുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ഇവരിൽ പലരുടെയും ജീവിതം തെരുവിൽ ഒടുങ്ങുമായിരുന്നു. സുരക്ഷിത കേന്ദ്രത്തിലുളളവർക്ക്‌ ഭക്ഷണവും വസ്‌ത്രവും നൽകി.
 
വീടുകളിലെത്തുന്ന ഡോക്ടർമാർ
കോവിഡ്‌ കാലത്ത്‌ വീടുകളിലെത്തി ചികിത്സിക്കാൻ മെഡിക്കൽ ടീമിന്‌ രൂപം നൽകിയ തദ്ദേശ സ്‌ഥാപനമെന്ന ഖ്യാതിയും നഗരസഭയ്‌ക്ക്‌ സ്വന്തം. ഡോക്ടർ, നേഴ്‌സ്‌, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരടങ്ങുന്നതാണ്‌ സംഘം. 
 
ആശുപത്രിയിലെത്തിക്കാനും റെഡി
രോഗികൾക്ക്‌ ആശുപത്രിയിൽ പോകാനും നഗരസഭ വാഹന സൗകര്യം ഏർപ്പാടാക്കി. ഇതിനായി നാല്‌ ആംബുലൻസുകളുണ്ട്‌. ഓട്ടോഡ്രൈവർമാരുടെ സഹകരണത്തോടെ ഓട്ടോകളും ഏർപ്പെടുത്തി. ഓട്ടോ ചാർജ്‌ നഗരസഭ നൽകും. 235 പേരാണ്‌ വാഹനത്തിനായി കോൾസെന്ററിൽ വിളിച്ചത്‌.  
 
മുടങ്ങാതെ അന്നം
ആരും പട്ടിണികിടക്കാതിരിക്കാൻ ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. 10 ജനകീയ ഹോട്ടലുകൾ തുറന്നു. ദിവസം ശരാശരി 7500 പേർക്ക്‌ ഭക്ഷണം വിതരണം  ചെയ്യുന്നു.
അണുനശീകരണവും ഉഷാർ
കോൾ സെന്ററിൽ വിളിച്ച്‌ നഗരസഭയുടെ അണുനശീകരണ സേവനം പ്രയോജനപ്പെടുത്തിയവർ നിരവധി. 169 അപേക്ഷകളിൽ നടപടി സ്വീകരിച്ചു. 
 
നഗരസഭയുടെ കൺട്രോൾ റൂം നമ്പർ: 04712377702, 04712377705
തിരുവനന്തപുരം നഗരസഭ, കരുതലിന്റെ തണൽ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top