06 June Saturday
പ്രോഗ്രസ‌് റിപ്പോർട്ട‌്

സർക്കാർ കരുതലിൽ മത്സ്യമേഖല

സ്വന്തം ലേഖകൻUpdated: Tuesday Jun 11, 2019
 
 
ആലപ്പുഴ
കടലാക്രമണം തടയാൻ മുതലപ്പൊഴി, കായംകുളം, തോട്ടപ്പള്ളി, ചേറ്റുവ, തലായി, മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖങ്ങളുടെ സമീപതീരത്ത‌് പുലിമുട്ടുകൾ സ്ഥാപിക്കാൻ 46.94 കോടി രൂപയുടെ കിഫ‌്ബി പദ്ധതി. എൽഡിഎഫ‌് സർക്കാരിന്റെ മൂന്നാം വർഷ പ്രോഗ്രസ‌് റിപ്പോർട്ട‌് പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയനാണ‌് ഇക്കാര്യം അറിയിച്ചത‌്.  മത്സ്യമേഖലയിൽ സമാനതകളില്ലാത്ത നേട്ടം കൈവരിക്കാനായതായി റിപ്പോർട്ട‌് സാക്ഷ്യപ്പെടുത്തുന്നു. 
കടലാക്രമണ ഭീഷണി നേരിടുന്നവരെ പുനരധിവസിപ്പിക്കാനും വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേയ‌്ക്ക‌് മാറ്റി പാർപ്പിക്കാനും പദ്ധതിതുടങ്ങി. തീരദേശ ജില്ലകളിലെ 998 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക‌് 10 ലക്ഷം രൂപ ധനഹായം അനുവദിച്ചു. മാറ്റിപ്പാർപ്പിക്കാനുളള നടപടി സ്വീകരിച്ചു. വേലിയേറ്റരേഖയിൽനിന്ന് 50 മീറ്റിറിനുള്ളിൽ താമസിച്ചിരുന്നവരിൽ സുരക്ഷിതമേഖലയിൽ സ്വന്തമായി ഭൂമിയുള്ള 400 കുടുംബങ്ങൾക്ക് ഭവനനിർമാണത്തിന് നാല‌ുലക്ഷം രൂപ ധനസഹായം അനുവദിച്ചു. 
 വിവിധ ജില്ലകളിലായി 772 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിക്കാൻ 78.20 കോടി രൂപയുടെ പദ്ധതിക്ക‌് ഭരണാനുമതി നൽകി. തീരദേശ നിയന്ത്രണ നിയമം ബാധകമായ മേഖലകളിൽ ഭവനനിർമാണത്തിന് ഇളവ‌് നൽകാൻ നടപടി സ്വീകരിച്ചുവരുന്നു. വികസനരഹിത മേഖലയുടെ വ്യാപ്തി കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി 200ൽനിന്ന് 50 മീറ്ററായി കുറച്ച‌് നിയമം ഭേദഗതിചെയ‌്തു.
കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക‌്
മത്സ്യത്തൊഴിലാളികൾക്ക് കടലിന്റെ അവകാശം ഉറപ്പാക്കുന്നതിന‌് മത്സ്യത്തൊഴിലാളി അവകാശസംരക്ഷണ നിയമം കൊണ്ടുവരാനുള്ള നടപടി തുടങ്ങി. മത്സ്യത്തിന്റെ ആദ്യവിൽപ്പനാവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പാക്കുന്നതിനും ന്യായവില ലഭ്യമാകുന്നതിനും ഫിഷ് മാർക്കറ്റിങ് ആൻഡ് ഓക്ഷനിങ് ബിൽ നിയമസഭയിൽ അവതരിപ്പിക്കും.
ഹാർബറുകളുടെ പരിപാലനത്തിന‌് മത്സ്യത്തൊഴിലാളികളുംകായംകുളം, വിഴിഞ്ഞം, തങ്കശേരി, നീണ്ടകര, ചേറ്റുവ, ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാൽ, തലായി, മാപ്പിളബേ, ചെറുവത്തൂർ എന്നിവിടങ്ങളിൽപങ്കാളിത്ത ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റി രൂപീകരിച്ചു. ഹാർബറുകളെ അന്താരാഷ‌്ട്രനിലവാരത്തിലേക്ക് ഉയർത്താൻ നടപടി സ്വീകരിച്ചു. എല്ലാ മത്സ്യബന്ധനതുറമുഖങ്ങളിലും ശീതീകരണസംവിധാനങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. നിർമാണം പൂർത്തിയായ തലായി, ചേറ്റുവ, തുറമുഖങ്ങൾ കമീഷൻചെയ‌്തു. കായംകുളം,നീണ്ടകര, തോട്ടപ്പള്ളി, മുനമ്പം, കാസർഗോഡ് മത്സ്യബന്ധനതുറമുഖങ്ങളുടെ രണ്ടാംഘട്ടവികസനത്തിനായി 54.7 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി പ്രവൃത്തി തുടങ്ങി. അർത്തുങ്കൽ, താനൂർ, വെള്ളയിൽ എന്നീ മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനായി 45.3 കോടി രൂപയുടെപദ്ധതി തയ്യാറാക്കി നബാർഡിന്റെ അനുമതിക്കായി സമർപ്പിച്ചു.
മത്സ്യക്ഷേമസംഘങ്ങളുടെ പ്രവർത്തനം പുനഃസംഘടിപ്പിക്കവൻ നടപടി തുടങ്ങി. പട്ടയവിതരണം സമയബന്ധിതമായി പൂർത്തീകരിക്കും. ഭൂരഹിതരായ മത്സ്യത്തൊഴിലാളികൾക്ക് ഭൂമി വാങ്ങുന്നതിന് സംസ്ഥാനത്ത് ആദ്യമായി പദ്ധതി ആവിഷ്‌കരിച്ചു. ഒരു കുടുംബത്തിന‌് ആറുലക്ഷം രൂപ നിരക്കിൽ മൂന്ന് സെന്റ‌ുവരെ ഭൂമി വാങ്ങാൻ 48 കോടി രൂപ നീക്കിവച്ചു. 800 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചു.
മത്സ്യമേഖലയിലെ പാർപ്പിടപ്രശ്നം പരിഹരിക്കാൻ എല്ലാവർക്കും വീട്, സാനിട്ടറി -കക്കൂസ്‌ സൗകര്യങ്ങൾ, കുടിവെള്ളം, വൈദ്യുതി, ആരോഗ്യകരമായ പരിസരം എന്നിവ ഉറപ്പാക്കാൻ സമഗ്ര തീരദേശ പാർപ്പിട പദ്ധതി ആവിഷ്‌കരിക്കാൻ വിവിധ പദ്ധതികളെ കൂട്ടിയോജിപ്പിക്കുന്ന പ്രവർത്തനത്തിലാണ‌്. ആലപ്പുഴ മണ്ണുപ്പുറം ഉൾപ്പെടെയുള്ളിടങ്ങളിൽ 772 ഫ്ലാറ്റുകൾ നിർമിക്കാൻ ഭരണാനുമതി നൽകി. 
തീരദേശ വിദ്യാലയങ്ങൾക്ക‌് പുതിയമുഖം
തീരദേശത്തെ 71 വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 294.72 കോടി രൂപയുടെ കിഫ‌്ബി പദ്ധതി. സ്വാശ്രയ കോളേജുകളിൽ മെറിറ്റിൽ പ്രവേശനം നേടുന്ന കുട്ടികളുടെ പഠനച്ചെലവ് സർക്കാർ വഹിച്ചു. പട്ടികവിഭാഗങ്ങൾക്കുള്ള എല്ലാ വിദ്യാഭ്യാസാനുകൂല്യങ്ങളും മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും ലഭ്യമാക്കി.
തദ്ദേശീയ മത്സ്യങ്ങളുടെ സംരക്ഷണം
തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി പീച്ചി, പോളച്ചിറ എന്നിവിടങ്ങളിൽ ഹാച്ചറികൾ ആരംഭിച്ചു. കാരി, കല്ലേമുട്ടി, വരാൽ, കരിമീൻ, മഞ്ഞക്കൂരി എന്നിവയുടെ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് പൊതു ജലാശയങ്ങളിൽ നിക്ഷേപിച്ചു. 
മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനന ആവാസകേന്ദ്രങ്ങൾ സംരക്ഷിക്കാനായി 2017–-18 സാമ്പത്തികവർഷം 20 ലക്ഷം രൂപ നീക്കിവച്ചു. അഷ‌്ടമുടി, വേമ്പനാട് കായലുകളിലുൾപ്പെടെ പ്രജനനകേന്ദ്രങ്ങൾ സ്ഥാപിക്കാൻ നടപടി തുടങ്ങി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top