22 July Monday
ട്രോളിങ‌് നിരോധം

ആശ്വാസമൊരുക്കി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019
മലപ്പുറം
ട്രോളിങ‌് നിരോധത്തിൽ കഷ്ടപ്പെടുന്ന ജില്ലയിലെ തീരദേശ മത്സ്യത്തൊഴിലാളികൾക്ക‌് ആശ്വാസമായി സംസ്ഥാന സർക്കാർ.  വരുമാന മാർഗമില്ലാതാകുന്ന 690 കുടുംബങ്ങൾക്ക‌് 43 കിലോ ഗ്രാം വീതം റേഷൻ ലഭ്യമാക്കും. ഇതിൽ 32 കിലോഗ്രാം അരിയും 11 കിലോ ഗോതമ്പുമുണ്ടാകും. ഉപഭോക്താക്കളുടെ പട്ടിക ഫിഷറീസ‌് വകുപ്പ‌് ചൊവ്വാഴ‌്ച ജില്ലാ സിവിൽ സപ്ലൈസ‌് ഓഫീസിൽ നൽകും. തുടർന്ന‌് ദിവസങ്ങൾക്കുള്ളിൽ റേഷൻ വിതരണം തുടങ്ങും. പുതുതായി ലഭിക്കുന്ന അപേക്ഷകൾക്ക‌് അതത‌് താലൂക്കുകൾവഴിയും പരിഹാരമൊരുക്കും. ഫിഷറീസ് വകുപ്പ‌് നടപ്പാക്കുന്ന ഉൾനാടൻ സമ്പാദ്യ സമാശ്വാസ പദ്ധതിയിലൂടെ അംഗീകൃത മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായവും നൽകും. കേന്ദ്ര സർക്കാരുമായി ചേർന്നുള്ള പദ്ധതിയിൽ പ്രതിമാസം 4500 രൂപയാണ‌് ഉപഭോക്താവിന‌് ലഭിക്കുക. ഈയിടെയായി കേന്ദ്ര സർക്കാർ വിഹിതം നൽകുന്നില്ലെങ്കിലും സംസ്ഥാന സർക്കാർ പദ്ധതിക്ക‌് മുടക്കംവരുത്തിയിട്ടില്ല. ട്രോളിങ‌് നിരോധ  സമയത്ത‌് തൊഴിലാളികൾക്ക‌് വലിയ ആശ്വാസമാണ‌് ഈ തുക. കൂടാതെ കാലാവസ്ഥയെക്കുറിച്ച‌് കൃത്യമായ നിർദേശങ്ങളും തൊഴിലാളികൾക്ക‌് നൽകുന്നുണ്ട‌്. സമൂഹമാധ്യമങ്ങളിലൂടെയും നാവിക‌് ഉപകരണംവഴിയും മത്സ്യത്തൊഴിലാളികൾക്ക‌് വിവരം കൈമാറും.  പരമ്പരാഗത തൊഴിലാളികൾക്ക‌ുള്ള ലൈഫ‌് ജാക്കറ്റ‌് വിതരണവും നടക്കുന്നുണ്ട‌്. ഇതോടൊപ്പം സൗജന്യ സുരക്ഷാ കിറ്റുകളുടെ വിതരണവും പൂർത്തിയാക്കും. തീരദേശ മേഖലകൾ കേന്ദ്രീകരിച്ച‌് പെട്രോൾ ബോട്ടുകളുടെ സേവനവും ഉറപ്പാക്കും.  ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് വാട്ടർ സ്പോർട‌്സിൽനിന്നും പരിശീലം ലഭിച്ചവരുടെ സേവനവും കടൽത്തീരങ്ങളിൽ ഉറപ്പാക്കും. ഇത്തരത്തിൽ ആദ്യഘട്ട പരിശീലനം ലഭിച്ച 314 പേരാണ‌് സംസ്ഥാനത്തുള്ളത‌്.‌ ഇവർ അടിയന്തര സാഹചര്യങ്ങളെക്കുറിച്ച‌് തീരദേശവാസികൾക്ക‌് ക്ലാസ‌് നൽകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top