20 February Wednesday

ട്രായ‌് പുതിയ നിയമം: മൂന്നുമണിക്കൂർ കേബിൾ ഓഫ‌് ചെയ‌്ത‌് പ്രതിഷേധം ഇന്ന‌് വൈകിട്ട‌്

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

 കോട്ടയം 

കേബിൾ ടിവി മേഖലയിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ‌് ഇന്ത്യ (ട്രായ‌്) ഏർപ്പെടുത്തിയ പുതിയ നിയമത്തിനും ഡെൻ കമ്പനിയുടെ ചൂഷണത്തിനുമെതിരെ വെള്ളിയാഴ‌്ച വൈകിട്ട‌് അഞ്ചുമുതൽ എട്ടുവരെ മുഴുവൻ ഓപ്പറേറ്റേഴ‌്സും കേബിൾ കൺട്രോൾ റൂം ഓഫ‌് ചെയ്ത‌് പ്രതിഷേധിക്കുമെന്ന‌് കേബിൾ ടിവി ഓപ്പറേറ്റേഴ‌്സ‌് വെൽഫെയർ അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  
പുതിയ നിയമത്തോടെ സിഗ്ന‌ൽ നൽകുന്ന മൾട്ടി സിഗ്നൽ ഓപ്പറേറ്റർമാർ ഈ മേഖലയിലെ കുത്തകകളായി മാറും. നിലവിൽ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ ഉപഭോക്താക്കൾ ഈ കമ്പനികളുടേതായിമാറും. പ്രത്യക്ഷത്തിൽ ഉപഭോക്താവിന‌് ഗുണകരമെന്ന‌് തോന്നുമെങ്കിലും ഓരോ ചാനലിനും പണം നൽകേണ്ടി വരുന്നതോടെ വൻ നഷ്ടമുണ്ടാകും. നിലവിൽ 220 ചാനലുകൾ 200 രൂപമുതൽ 270 രൂപവരെയുള്ള നിരക്കിലാണ‌് കേബിൾ ഓപ്പറേറ്റർമാർ ലഭ്യമാക്കുന്നത‌്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഇതിന‌് 638 രൂപ നൽകേണ്ടിവരും. 100 ചാനലുകൾ 130 രൂപയ‌്ക്ക‌് നൽകുന്നതായി പറയുന്നുണ്ടെങ്കിലും ജിഎസ‌്ടി അടക്കം 153.40 രൂപ നൽകേണ്ടിവരും. 
ഓപ്പറേറ്റർമാരുമായി ആലോചിക്കുകയോ അവർക്ക‌് ആവശ്യമായ പരിശീലനം നൽകുകയോ ചെയ്യാതെ ധൃതിപിടിച്ച‌് ഇത‌് നടപ്പാക്കുന്നതിൽനിന്ന‌് അധികൃതർ പിന്തിരിയണമെന്നും കുത്തകകളെ മാത്രം സഹായിക്കുന്ന പുതിയ നിയമം പുനഃപരിശോധിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ‌് കെ കെ മോഹനൻ, സെക്രട്ടറി വി എസ‌് ശ്രീജിത്ത‌്, എക‌്സിക്യുട്ടീവ‌് അംഗങ്ങളായ ഷാജി ജോസഫ‌്, അനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top