19 October Saturday

ഹൃദയവീഥികളും നിറഞ്ഞ്‌

ജോബിൻസ‌് ഐസക‌്Updated: Thursday Oct 10, 2019

അരൂരിൽ മനു സി പുളിക്കലിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ്‌ഷോ

അരൂർ
അരൂരിന്റെ അരുമയായി, യുവതയുടെ ആവേശമായി മനുവന്നു. വഴിത്താരകളിൽ ഹൃദയാഭിവാദ്യവുമായി ജനപഥങ്ങൾ. അരൂരിന് ആരാണ് മനു സി പുളിക്കൽ എന്ന് വിളിച്ചുപറയുന്ന സായാഹ്നം. നാട്ടിടവഴികളിൽ കൈവീശി ആർത്തു വിളിച്ചവർ, പുഞ്ചിരിപ്പൂക്കളർപ്പിച്ചവർ, വാഹനംനിർത്തി കരംപിടിച്ചവർ...അവർ വിളിച്ചുപറഞ്ഞു, ഇതാ അരൂരിന്റെ അവകാശി. 
ഒരാഴ്‌ച പിന്നിട്ട പ്രചാരണത്തിൽ ജനഹൃദയങ്ങളിൽ എത്രമാത്രം ആഴത്തിൽ പതിഞ്ഞു ആ ചെറുപ്പക്കാരന്റെ പേരെന്ന് അടിവരയിടുകയായിരുന്നു റോഡ് ഷോ. ഇരുചക്രവാഹനത്തിൽ ചിഹ്നവുമായി ആരവം മുഴക്കിയ യുവത അവരുടെ നായകനെ അരൂരിന്റെ കരങ്ങളിൽ ഏൽപ്പിക്കുകയായിരുന്നു. അഭിമാനത്തോടെ അതിനു സാക്ഷിയായി അരൂരിന്റെ പ്രിയപ്പെട്ട ആരിഫും. 
എഴുപുന്ന കുമ്പളങ്ങിയിൽ നിർത്തിയിട്ട നൂറുകണക്കിന‌് ഇരുചക്രവാഹനങ്ങൾക്കിടയിലൂടെ മനുവിന്റെ മാസ‌് എൻട്രിയോടെയാണ് റോഡ് ഷോയുടെ തുടക്കം. വല്ലേത്തോട്, നാലുകുളങ്ങര, ചാവടി, മനക്കോടം, വളമംഗലംവഴി  തൈക്കാട്ടുശേരി പാലം  കയറിയിറങ്ങുമ്പോൾ കായലിനപ്പുറം സായാഹ്നമേഘങ്ങൾക്കഭിമുഖമായി ചെമ്പതാകകൾ ഒഴുകിയിറങ്ങി. ഇരുചക്രവാഹനങ്ങൾക്കു പിന്നിലായി തുറന്നജീപ്പിൽ നറുപുഞ്ചിരിവെട്ടമായി മനു സി പുളിക്കൽ.  
  പള്ളിപ്പുറം എൻഎസ്എസ് കോളേജ് ജങ്ഷനിലൂടെ ഒറ്റപ്പുന്ന  കടന്നപ്പോൾ അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടി. പളളിച്ചന്ത, മാക്കേക്കടവ്, പൂച്ചാക്കൽ പിന്നിട്ടപ്പോൾ ലിസിയം ജങ്ഷൻ വീർപ്പുമുട്ടി.  കാത്തുനിന്നവർ മുദ്രവാക്യംമുഴക്കി. ഓടമ്പള്ളി, തൃച്ചാറ്റുകുളം, വടുതല, അരൂക്കുറ്റി, അരൂർ,  ചന്തിരൂർ, എരമല്ലൂർ, കോടംതുരുത്ത്, കുത്തിയതോടു വഴി രാത്രി ഏഴരയോടെ തുറവൂരിൽ സമാപനം.
   ബുധനാഴ‌്ച രാവിലെ പള്ളിപ്പുറം പഞ്ചായത്തിലാണ‌് മനു സി പുളിക്കൽ  വോട്ടുതേടിയത‌്. യുഡിഎഫ‌് സ്ഥാനാർഥി ഷാനിമോൾ  ഉസ‌്മാൻ കോടംതുരുത്തിലും കുത്തിയതോടും എൻഡിഎ സ്ഥാനാർഥി പ്രകാശ‌് ബാബു പള്ളിപ്പുറത്തും എത്തി. 
പ്രധാന വാർത്തകൾ
 Top