19 October Saturday

കർഷക നൊമ്പരങ്ങളും സ്വപ്‌നങ്ങളും നിറഞ്ഞ്‌ ‘ഡ്രീം പോയംസ്‌’

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019
കൽപ്പറ്റ
‘കണ്ണുനീരിനാൽ നിറഞ്ഞതാണെന്റെ ഓർമകൾ
എല്ലായിപ്പോഴും വഴികളിൽ സങ്കടം നിറഞ്ഞു.
എല്ലാവരും  കണ്ണീർക്കടലിലേക്കാണ്‌ ഒഴുകുന്നത്‌.’
അറുപതുകാരനായ കർഷകൻ ജോസ്‌ മാത്യുവിന്റെ ആംഗലേയ കവിതയിലെ വരികളിങ്ങനെ നീളുകയാണ്‌. വയനാടൻ കർഷകന്റെ നൊമ്പരങ്ങളും പ്രതീക്ഷകളുമാണ്‌ മണ്ണിൽ പണിയെടുക്കുന്ന ഈ കവിയുടെ ‘ഡ്രീം പോയംസ്‌’ എന്ന ഇംഗ്ലീഷ്‌ കവിതാ സമാഹാരം നിറയെ. 
മാനന്തവാടി ദ്വാരക കൊളമ്പിൽ ജോസിന്‌  കൃഷിക്കൊപ്പം വായനയും എഴുത്തും ഹരമാണ്‌. പണികൾക്കിടയിൽ ലഭിക്കുന്ന ഒഴിവ്‌ സമയങ്ങൾ എഴുത്തിനും വായനക്കുമായി മാറ്റും. ഇതിനിടയിൽ രചിച്ച കവിതകളുടെ സമാഹാരമാണ്‌ ഡ്രീം.
ബിരുദപഠനം പൂർത്തിയാക്കാത്ത ജോസ്‌ സാഹിത്യകൃതികളിലൂടെയാണ്‌ ഇംഗ്ലീഷ്‌ കൈവശമാക്കിയത്‌. രണ്ടാമത്തെ പുസ്‌തകംതന്നെ ഇംഗ്ലീഷിലെഴുതി. മലയാള കവിതാ സമാഹാരം ‘വരമൊഴികൾ’ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.   ‘ഡ്രീം’ നിറയെ കർഷകന്റെ അനുഭവങ്ങളാണ്‌. നീർമാതളം ബുക്‌സ്‌ പ്രസിദ്ധീകരിച്ച കവിതാ സമാഹരത്തിൽ 64 കവിതകളാണുള്ളത്‌. 
വയനാട്‌  പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ നോവലിസ്‌റ്റ്‌ ബാലൻ വേങ്ങര പുസ്‌തകം പ്രകാശനം ചെയ്‌തു.  എഴുത്തുകാരൻ ഡോ. കെ എസ്‌ പ്രേമൻ ഏറ്റുവാങ്ങി. നീർമാതളം ബുക്‌സ്‌ പ്രസാധകൻ അനിൽ കുറ്റിച്ചിറ സംസാരിച്ചു. ഗ്രന്ഥശാല പ്രവർത്തകൻ കൂടിയായ ജോസ്‌ ദ്വാരക പുലിക്കാട്‌ യുവധാര ലൈബ്രറിയുടെ പ്രസിഡന്റുകൂടിയാണ്‌.
പ്രധാന വാർത്തകൾ
 Top