27 September Tuesday

ഗ്രാമങ്ങളും അരാജകത്വത്തിന്റെ 
പിടിയില്‍: നിലമ്പൂർ ആയിഷ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

മഴവില്ല് വനിതാ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള നിലമ്പൂർ ആയിഷ ഉദ്‌ഘാടനംചെയ്യുന്നു

കോട്ടയം
‘തലയുയർത്തി നിൽക്കുന്ന പെൺകുട്ടികളെ കണ്ടല്ലോ. ഞാൻ സംതൃപ്‌തയാണ്‌’ – നടി നിലമ്പൂര്‍ ആയിഷയുടെ വാക്കുകള്‍. ‘മഴവില്ല്‌’ സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്‌ട്ര ചലച്ചിത്രമേള ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. ‌യാഥാസ്ഥിതികത്വം ഏറ്റുമുട്ടിയപ്പോഴും അഭിനേത്രിയുടെ കുപ്പായം അഴിച്ചുവയ്‌ക്കാതിരുന്നത്‌ കലാകാരൻ അല്ലെങ്കില്‍ കലാകാരിയാണ് യഥാർഥ മനുഷ്യനെന്ന തിരിച്ചറിവോടെയാണ്. ഇന്ന്‌ കാലംമാറി. ഗ്രാമങ്ങൾപോലും അരാജകത്വത്തിന്റെ പിടിയിലാണ്‌. അവര്‍ പറഞ്ഞു. തന്റെ വീട്ടിൽ ചെറുമക്കൾ മരക്കൊമ്പിലിരുന്ന്‌ സിനിമ പിടിക്കുന്നത്‌ കാണുമ്പോൾ ചെറുപ്പകാലം മനസിൽ ഓടിയെത്തും. കലയും സംസ്‌കാരവുമാണ്‌ മനുഷ്യനെ മനുഷ്യനാക്കുന്നത്‌. 20 വർഷം ഗൾഫിൽ പ്രവാസിയായതും മറക്കാറായില്ല. അവിടെയും കലാകാരിയായിരുന്നു. നാട്ടിലേക്ക്‌ മടങ്ങുമ്പോൾ ‘ഗദ്ദാമ’കൾ കരഞ്ഞു–- അവര്‍ പറഞ്ഞു. 
1953 മുതൽ നൂറോളം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ച ആയിഷ തന്റെ ജീവിത മുഹൂർത്തങ്ങൾ വിവരിക്കുന്നത്‌ അക്ഷരനഗരി കേട്ടിരുന്നു. മുസ്ലിം സമുദായത്തിൽനിന്നുള്ള ആദ്യനാടക, സിനിമാനടിയാണ് ആയിഷ. സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ സുരേഷ്‌‍കുറുപ്പ്‌ ആയിഷയെ പൊന്നാടയണിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top