25 August Sunday
കരുതലായി ഞങ്ങളുണ്ട‌്

ചെന്നൈക്ക‌് കുടിവെള്ളമേകാൻ കോട്ടൺഹിൽ വിദ്യാർഥികൾ

സ്വന്തം ലേഖികUpdated: Wednesday Jul 10, 2019
തിരുവനന്തപുരം
കോട്ടൺഹിൽ സ്കൂളിലെ എട്ട‌് എ ക്ലാസിൽ നിറയെ മിനറൽ വാട്ടർ കുപ്പികളാണ‌്. ക്ലാസിന്റെ മുക്കിലും മൂലയിലും ജനലിലും മേശയിലുമൊക്കെ കുപ്പിവെള്ളം അടുക്കി വച്ചിരിക്കുന്നു. ഓരോ കുപ്പിയും കരുതലോടെ അടുക്കിയും എണ്ണിയും കൊച്ചുമിടുക്കികൾ ചിട്ടയോടെ ജോലി ചെയ്യുന്നു. കൊടും വേനലിൽ കുടിനീരിനായി കേഴുന്ന ചെന്നൈയിലെ ചങ്ങാതിമാർക്കുള്ള സ്നേഹവും കരുതലുമാണ‌് ഓരോ വെള്ളക്കുപ്പിയും. 
 
വഴുതക്കാട‌് ഗവ. കോട്ടൺഹിൽ ഗേൾസ‌് യു പി, ഹൈസ്കൂൾ വിദ്യാർഥികളാണ‌് കടുത്ത വേനലിൽ ജലദൗർലഭ്യം നേരിടുന്ന ചെന്നൈ നിവാസികൾക്കായി കുപ്പിവെള്ളം ശേഖരിക്കുന്നത‌്. സ്കൂളിലെ ഇക്കോ, സ്വച്ഛ ഗ്രഹ ക്ലബുകളുടെ ആഭിമുഖ്യത്തിൽ സ്വകാര്യ ഏജൻസിയുടെ സഹകരണത്തോടെയാണ‌് ജലം ശേഖരിക്കുന്നത‌്. കുടിക്കാൻ ഒരിറ്റ‌് വെള്ളത്തിനായി കിലോമീറ്ററുകൾ അലയേണ്ടിവരുന്ന ചെന്നൈ നിവാസികൾക്ക‌് വെള്ളം എത്തിച്ച‌് കൊടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സന്നദ്ധത അറിയിച്ചിരുന്നു. വിവിധ സംഘടനകളും ചെന്നൈ നിവാസികൾക്ക‌് കുടിവെള്ളമെത്തിക്കാൻ ശ്രമിച്ചുവരുന്നു. ഈ ആവശ്യവുമായി സ്വകാര്യ ഏജൻസി സ്കൂളിനെ സമീപിച്ചപ്പോൾ കുട്ടികൾ ഉടനടി സമ്മതം മൂളി. 
 
‘ഇക്കോ, സ്വച്ഛ ഗ്രഹ ക്ലബ്ബുകളുടെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്ന‌് ‘പ്ലാസ‌്റ്റിക‌് രഹിത ചുറ്റുപാടാ’ണ‌്. തങ്ങൾതന്നെ പ്ലാസ‌്റ്റിക‌് മാലിന്യം സൃഷ്ടിക്കുമെന്നതായിരുന്നു കുട്ടികളുടെ ഒരേയൊരു ആശങ്ക,’ സ്വച്ഛ ഗ്രഹ ക്ലബ‌് കോ–- ഓർഡിനേറ്ററായ അധ്യാപിക അമിന റോഷ‌്നി പറഞ്ഞു. അവസാനം കുട്ടികളുടെ നിർദേശപ്രകാരം വെള്ളം കൊണ്ടുപോകുന്ന പ്ലാസ‌്റ്റിക‌് കുപ്പികളുടെ പുന:ചംക്രമണം സ്വകാര്യ ഏജൻസിതന്നെ ഏറ്റെടുത്തു. പല കുട്ടികളും തങ്ങളുടെ പോക്കറ്റ‌് മണി ഉപയോഗിച്ചാണ‌് കുപ്പിവെള്ളം വാങ്ങി നൽകിയത‌്. കുട്ടികൾ ആദ്യഘട്ടമായി ശേഖരിച്ച കുപ്പിവെള്ളം ബുധനാഴ്ച വൈകിട്ട‌് ചെന്നൈക്ക‌് അയക്കും.
പ്രധാന വാർത്തകൾ
 Top