03 August Tuesday
ഓൺലൈൻ പഠന തടസം

ഗോവിന്ദപാറയിൽ വൈദ്യുതിയും ഇന്റർനെറ്റും ലഭ്യമാക്കണം: ബാലാവകാശ കമീഷൻ

സ്വന്തം ലേഖകൻUpdated: Thursday Jun 10, 2021

തൃക്കൈപ്പറ്റ ഗോവിന്ദ പാറ കോളനിയിൽ എത്തിയ ബാലാവകാശ കമ്മീഷൻ അംഗങ്ങളായ നസീർ ചാലിയം , 
ബബിത ബൽരാജ് എന്നിവർ ചന്ദ്രനോടും , മുത്തച്ഛൻ ഗോപാലനോടും വിവരങ്ങൾ ആരായുന്നു

 

തൃക്കൈപ്പറ്റ
 ഓൺലൈൻ പഠനം മുടങ്ങുന്നതിന്റെ ആധിയുമായി കഴിയുന്ന ഗോവിന്ദ പാറ പട്ടികവർഗ കോളനിയിലെ കുട്ടികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടലുകളുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ. വൈദ്യുതി, ഇന്റർനെറ്റ് സൗകര്യങ്ങൾ അടിയന്തരമായി ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകി. കോളനിയിലെ കുട്ടികൾ ഓൺലൈൻ പഠനത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ റിപ്പോർട്ട്‌ ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ കമീഷൻ അംഗങ്ങൾ കോളനിയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കോളനി നിവാസികളുമായും ട്രൈബൽ പ്രൊമോട്ടർ ഉൾപ്പടെയുള്ളവരുമായും കമീഷൻ വിഷയം ആരാഞ്ഞു.  
   മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ റോഡിൽ നിന്ന്‌ രണ്ടര കിലോമീറ്റർ അകലെ പാറമുകളിലായി വനമേഖലയോട് ചേർന്ന്‌‌ മൂന്ന്‌ ഏക്കറിലാണ്‌ കോളനിക്കാരുടെ താമസം.  18 പണിയവിഭാഗം കുടുംബങ്ങളും ആറ്‌ കാട്ടുനായ്‌ക്ക വിഭാഗങ്ങളും താമസിക്കുന്ന കോളനിയിൽ  41 കുട്ടികളാണുള്ളത്‌. നിലവിൽ സർക്കാർ നിയോഗിച്ച മെന്റർ ടീച്ചറുടെ കീഴിൽ  കോളനിക്ക്‌ താഴെയുള്ള  പ്രാദേശിക പഠനകേന്ദ്രത്തിൽ എത്തിച്ചാണ് കുട്ടികളുടെ ഓൺലൈൻ പഠനം നടത്തുന്നത്‌.  ചില കുട്ടികളെ ചൈൽഡ്‌ ലൈൻ പ്രവർത്തകരുടെ നിർദേശപ്രകാരം ഹോസ്‌റ്റലുകളിലും താമസിപ്പിച്ച്‌ പഠിപ്പിക്കുന്നുണ്ട്‌. 
  കോളനിയിലെ അടിസ്ഥാനസൗക്യങ്ങളുടെ അപര്യാപ്‌തതയടക്കം കാരണം കുട്ടികൾ തുടർച്ചയായി ഓൺലൈൻ പഠനത്തിന്‌ എത്തുന്നില്ല.  കാലവർഷം കനത്താൽ സ്ഥിതി ഗുരുതരമാവും. പരാതികൾ കേട്ട കമീഷൻ അംഗങ്ങൾ ഇക്കാര്യത്തിൽ കമീഷൻ നിർദേശങ്ങൾ സർക്കാരിന്‌ മുന്നിൽ വെയ്‌ക്കുമെന്നും അടിയന്തര നടപടകൾക്കായി ശുപാർശചെയ്യുമെന്നും അറിയിച്ചു.  കമീഷൻ അംഗങ്ങളായ നസീർ ചാലിയം, ബബിത ബൽരാജ് എന്നിവരാണ്‌ കോളനയിലെത്തിയത്‌. ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ ടി യു സ്മിത, അംഗം അഡ്വ. മനിത മൈത്രി, ഐടിഡിപി പ്രോജക്ട് ഓഫീസർ കെ സി ചെറിയാൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ജംഷീദ് ചെമ്പൻതൊടിക, ട്രൈബൽ പ്രൊമോട്ടർമാരായ പി ഒ അംബുജം, കെ ജി വിജിത എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. 
    കോളനികളിൽ വൈദ്യുതിയും ഇന്റർനെറ്റും  സ്ഥിരമായി ലഭ്യമാക്കുന്നതിന്‌ സാങ്കേതികമായ തടസ്സങ്ങളുണ്ടെന്ന്‌ കമീഷൻ അംഗങ്ങൾ പറഞ്ഞു.  എങ്കിലും താൽക്കാലികമായി വീടുകളിൽതന്നെ ഇന്റർനെറ്റ്‌ ലഭ്യമാക്കാനുള്ള നടപടികൾ ഉണ്ടാവേണ്ടതുണ്ട്‌‌.  ഇന്റർനെറ്റ്‌ സൗകര്യം ഇല്ലാതെ വരുന്നവർ പ്രാദേശികമായ പഠനമുറികൾ ഉപയോഗപ്പെടുത്തുന്നത്‌ അധികൃതർ ഉറപ്പുവരുത്തണം. കോളനിക്കാരുടെ പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഇടപെടുമെന്നും കമീഷൻ വ്യക്തമാക്കി. ‌ മാതാപിതാക്കൾ മരണപ്പെട്ട രണ്ട് കുട്ടികളെ സർക്കാരിന്റെ ശിശു സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് ശുപാർശ ചെയ്‌തിട്ടുണ്ട്‌.  കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും ബാലാവകാശ സംരക്ഷണ കമീഷൻ അറിയിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top