19 February Tuesday

കണ്ണൂരിലെ കാണികൾ; അവർ മുന്നേ പറന്നവർ

സ്വന്തം ലേഖകൻUpdated: Sunday Jun 10, 2018
കണ്ണൂർ
ലോകകപ്പ് ഫുട്ബോളെന്ന ഒറ്റശ്വാസത്തിൽ രാജ്യത്തിന്റെ അതിർത്തി മാഞ്ഞുപോവുമ്പോൾ അതിനുമുമ്പേ പറന്നവരാണ് കണ്ണൂരുകാർ. നഗരത്തിലെ മൈതാനങ്ങൾതന്നെയായിരുന്നു അതിന് മുഖ്യപങ്ക് വഹിച്ചത്. ദിവസവും കാൽപന്തിന്റെ ആവേശം മനസ്സിലും ശരീരത്തിലും നിറച്ച ഒരുപാടുപേർ  കണ്ണൂരിലുണ്ടായിരുന്നു. അവരുടെ പിൻമുറക്കാർ കളിമൈതാനിയിൽനിന്ന് താൽകാലികമായി പിന്നോട്ടുവലിഞ്ഞെങ്കിലും ലോകകപ്പുപോലുള്ള അവസരത്തിൽ രക്തത്തിലെ പഴയ പടക്കുതിരകൾ പിടഞ്ഞെഴുന്നേൽക്കും. ആ കാഴ്ചകളാണ് നാട് നിറയെ ഉയരുന്ന  പ്രിയപ്പെട്ട ലോകതാരങ്ങളുടെ ചിത്രങ്ങളടങ്ങിയ ബോർഡുകളും ബാനറുകളും പാറിപറക്കുന്ന പതാകകളും. 
ഒരുകാലത്ത് ഫുട്ബോൾ നെഞ്ചിലേറ്റിയവരുടെ  തീർഥാടന കേന്ദ്രമായിരുന്നു കണ്ണൂർ നഗരം. വൈകിട്ട് കളിക്കാൻ നഗരത്തിലെത്തുന്നവരുടെ പത്തിരട്ടിയാളുകൾ  കളിമൈതാനികളിൽ  പരിശീലനം കാണാൻ തടിച്ചുകൂടുമായിരുന്നു. നേരത്തെ പണിതീർത്തെത്തുന്ന തൊഴിലാളികൾമുതൽ സ്കൂൾ കുട്ടികൾവരെ അതിലുണ്ടായിരിക്കും. ഗ്രൗണ്ടിന് പുറത്ത് സൈക്കിൾ സ്റ്റാന്റിൽ നിർത്തി ലൈനിൽ ഇരുന്ന‌് ആവേശം കൊള്ളുന്ന വൻ പടയുടെ  കാഴ്ച മറയ്ക്കാനാവാത്തതാണ്. മോഹൻബഗാനെ ലക്കിസ്റ്റാർ അട്ടിമറിച്ചതും ബ്രദേഴ്സ് ക്ലബ് മദ്രാസിന്റെ മനംകവർന്നതും ജിംഖാന കറാച്ചി കിക്കേഴ്സിനോട് ഫൈനലിൽ തോറ്റതും സ്പിരിറ്റഡ് യൂത്ത്സ് എംആർസിയെ കീഴടക്കിയതുമായ കഥകളൊക്കെ ചർച്ചയാവും. ഒാരോ താരത്തിനും ഇരട്ടപേരുണ്ടാവും. അത് വിളിച്ചാണ്  ആവേശം കൊള്ളിക്കുകയും പഴിപറയുകയും ചെയ്യുക.
 കണ്ണൂരിലെ എണ്ണം പറഞ്ഞ ആ ടീമുകൾ നിത്യവും പരിശീലിച്ചത് നഗരത്തിലെ മൈതാനങ്ങളിലായിരുന്നു. ഡോ പി മാധവൻ കളിക്കാരെ സസൂക്ഷ്മം പുറത്തുനിന്ന് വിലയിരുത്തുന്നുണ്ടായിരിക്കും. റഫീക്കിന്റെ നേതൃത്വത്തിലായിരിക്കും പരിശീലനം.  പൊലീസ് മൈതാനിയിൽ ജില്ലാ പൊലീസ് ടീം. ഇന്റർനാഷണൽ ടി ബാലചന്ദ്രനായിരിക്കും ശ്രദ്ധാകേന്ദ്രം. കേരളപൊലീസിന്റെ  സ്റ്റേറ്റ് ടീമായിരുന്നു അന്ന് കണ്ണൂരിലേത്. 
സ്റ്റേഡിയത്തിൽ ലക്കിസ്റ്റാർ.  കോട്ടമൈതാനിയിൽ ബ്രദേഴ്സ്, ടൗൺ ഹൈസ്കൂൾ ഗ്രൗണ്ടിൽ  ജിംഖാന, റെഡ്സ്റ്റാർ, ചാലാട് മൈത്രിഎന്നിങ്ങനെ ടീമുകൾ നഗരത്തിന് പരിസരത്തുമായി പരിശീലിക്കുന്നു.  കണ്ണുരിലെ ടീമുകളിൽനിന്നുള്ള മികച്ച താരങ്ങളെ  ഉൾപ്പെടുത്തിയാണ് കെൽട്രോൾ ക്ലബ് നിലവിൽവന്നത്. ജില്ലാ ലീഗ് ഫുട്ബോളിന് പന്തുരുണ്ടാൽ എല്ലാം മാറി. ഒരോരുത്തരും ടീമുകളുടെ വക്താക്കളായി. ലക്കിസ്റ്റാറും സ്പിരിറ്റഡ് യൂത്ത്സും ഏറ്റുമുട്ടുന്ന ദിവസങ്ങളിൽ കണ്ണൂരും പരിസരവും  യുദ്ധസമാനമാവും. 
ഒരോ വർഷവും കളി കഴിഞ്ഞിറങ്ങുമ്പോൾ നിരവധിപേരുകൾ മനസ്സിൽ മായാതെ നിൽക്കും. ചട്ടവാസുവിനും കെക്കേൻ പപ്പുവിനും നരിക്കുട്ടി ഗോപിക്കും ഡോ. പി മാധവനും എൻ ടി കരുണനും പിൻഗാമിയായി കൊട്ടൻ ദിവാകരൻ, വി പി സത്യൻ, തിലകൻ, റഫീഖ്,  ചന്ദ്രൻ, ഗോളി വിനോദ്, മോഹനൻ(പൊലീസ്), സെയ്ത്, എം മോഹനൻ, പനക്കാട്ട് സഹോദരങ്ങളായ ഹമീദ്, അബ്ദുൾ ഖാദർ, അബ്ദുൾ സലാം, ജയഗോപാൽ, സുരേഷ്, എൻ അജിത്ത്, എ എം അജിത്കുമാർ, എം പി അനിൽ, കെ വി ശിവദാസൻ, രഘൂത്തമൻ, എ വി രാജീവൻ, സി സി പ്രശാന്ത്, നവീൻ,  ഗോളി ശ്യാം, കുരികേശ് മാത്യു, ജിജോ ജേക്കബ് എന്നിങ്ങനെ എത്രയെത്ര താരങ്ങൾ....
പ്രധാന വാർത്തകൾ
 Top