19 November Tuesday

എഴുത്തുകാർ വലിയവരെന്ന്‌ നടിക്കുന്നവർ: എം മുകുന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
പുന്നയൂർക്കുളം
വ്യക്തിപരതയിൽനിന്ന്‌ എഴുത്തുകാർ  മാനവികതയിലേക്ക്  ഉയരണമെന്ന്‌ എം മുകുന്ദൻ. സാഹിത്യ അക്കാദമി പുന്നയൂർക്കുളം കമലാസുരയ്യ സ്മാരകത്തിൽ സംഘടിപ്പിച്ച ‘വൈദ്യവും ശാസ്ത്രവും’   ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. ചെറിയ ലോകത്തിരുന്ന് വലിയ സാഹിത്യകാരന്മാരെന്ന് അവകാശപ്പെടുന്നവരാണ് പലരും. ചെറിയ വൃത്തങ്ങളിൽനിന്ന്‌ പുറത്തുകടന്ന്‌  വീടിനെ പ്രപഞ്ചത്തോളം വളരാൻ അവസരം നൽകണം. ശാസ്ത്രവും സൗന്ദര്യവും സമ്മേളിക്കുന്ന മേഖലകളെ തിരിച്ചറിയാൻ വൈദ്യശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കണമെന്നും   അദ്ദേഹം പറഞ്ഞു.   സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖൻ അധ്യക്ഷനായി. ഡോ.ബി  ഇക്ബാൽ മുഖ്യാതിഥിയായി.  ഡോ. ഖദീജ മുംതാസ് ആമുഖഭാഷണം നടത്തി. അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ എ ഡി ധനീപ്,  എൻ ജി നയനതാര എന്നിവർ സംസാരിച്ചു. ഡോ.ബി ഇക്ബാൽ (രോഗവും സാഹിത്യവും), ഇ പി രാജഗോപാലൻ (രോഗം, അധികാരം, ആഖ്യാനം), ഡോ.പി എം മധു (വൈദ്യചരിത്രം-,സാഹിത്യ കൃതികളിലൂടെ), കെ പി രാമനുണ്ണി (ശരീരമെഴുത്തും രോഗമെഴുത്തും) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.  അനിൽദാസ്, നിവേദിത സുനിൽ എന്നിവരുടെ ഗസൽ അരങ്ങേറി. ശിൽപ്പശാല ഞായറാഴ്ച സമാപിക്കും.
പ്രധാന വാർത്തകൾ
 Top