27 November Friday

മാനംമുട്ടെ ആർപ്പോ...

സ്വന്തം ലേഖകന്‍Updated: Wednesday Oct 9, 2019
ഓച്ചിറ 
ആർപ്പോ വിളികളോടെ എങ്ങും ആർത്തിരമ്പുന്ന പുരുഷാരം. പൂഴിയിട്ടാൽ നിലത്തുവീഴാത്തത്ര ജനസാഗരം, മാനംമുട്ടെ ഉയരമുള്ള വർണ മനോഹര കെട്ടുകാഴ്‌ചകൾ, എങ്ങും താളമേളം ഓച്ചിറ പടനിലത്തു നടന്ന കെട്ടുത്സവം കാഴ്‌ചയുടെ പൂരം തന്നെയൊരുക്കി. 
28–-ാം ഓണ മഹോത്സവത്തോടനുബന്ധിച്ച്  ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കെട്ടുത്സവം ഏവരുടെയും മനം കവർന്നു. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട 52 കരകളിൽ നിന്നായി ചെറുതും വലുതുമായ 200ൽപരം  കെട്ടുകാളകളാണ് ഇക്കുറി പടനിലത്ത് അണി നിരന്നത്. 
ചൊവ്വാഴ്ച പകൽ മൂന്നിന് മാബ്രക്കന്നെൽ കെട്ടുത്സവ സമിതിയുടെ രണ്ടാംനമ്പർ പടുകൂറ്റൻ കെട്ടുകാള ഓണാട്ടുകതിരവൻ ആണ് ആദ്യം പടനിലത്തെത്തിയത്. കെട്ടുകാഴ്ചയെ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ പ്രൊഫ. ശ്രീധരൻപിള്ള, സെക്രട്ടറി കളരിക്കൽ ജയപ്രകാശ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് മറ്റു കെട്ടുകാഴ്‌ചകളുമെത്തി വലംവച്ച് നിശ്ചയിച്ച സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. 
കാളക്കൂറ്റന്മാരെ കാണാൻ രാവിലെ തന്നെ വിവിധയിടങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പടനിലത്തേക്ക് ഒഴുകിയെത്തിയിരുന്നു.  നിരവധി വിദേശികളും കാഴ്ചവിസ്‌മയത്തിനെത്തി. ഉച്ചതിരിഞ്ഞു കെട്ടുകാഴ്‌ചയുടെ  ഘോഷയാത്രകൾ തുടങ്ങിയതോടെ ഓച്ചിറ ടൗണും ഗ്രാമ വീഥികളും ജനനിബിഢമായി. തിരക്ക് നിയന്ത്രിക്കാൻ പൊലീസും വളന്റിയർമാരും നന്നെ പാടുപെട്ടു. 
ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി നെറ്റിപ്പട്ടവും വെഞ്ചാമരവും കുഞ്ചലവും കൂവള മാലയും മറ്റ് അലങ്കാരങ്ങളും അണിഞ്ഞ് കുടമണി കിലുക്കി പരബ്രഹ്മ സന്നിധിയിലേക്ക് കടന്നുവന്ന നന്ദികേശങ്ങൾ ഏവരുടെയും മനം കവർന്നു. സന്ധ്യയോടെ കെട്ടുകാഴ്‌ചകൾ നിരന്ന പടനിലത്തെ മൈതാനി ജനങ്ങളാൽ നിറഞ്ഞുകവിഞ്ഞു. 
അലങ്കാര വിളക്കുകൾകൂടെ തെളിഞ്ഞതോടെ ദൃശ്യവിരുന്ന്‌ പൂർണതയിലെത്തി. ക്ഷേത്രത്തിലെ എഴുന്നള്ളത്തും ഭരണ സമിതിയും കാളകളെ സ്വീകരിച്ചതോടെ ചടങ്ങുകൾ അവസാനിച്ചു. ഗ്രാമീണ കൂട്ടായ്മയും  കരവിരുതും മത സൗഹാർദവും ഒത്തുചേരുന്ന ഓച്ചിറ കെട്ടുത്സവത്തിനായി മാസങ്ങൾക്ക് മുമ്പേ കെട്ടുത്സവ സമിതികളിൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 
ഉത്സവത്തോടനുബന്ധിച്ച്‌ ദേശീയപാതയിൽ രാവിലെ മുതൽ തന്നെ ഗതാഗത ക്രമീകരണം ഉണ്ടായിരുന്നു. പോരുവഴി ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിലും 28–-ാം ഉത്സവത്തോടനുബന്ധിച്ച്  കെട്ടുത്സവം നടന്നു. ഇരുപതിലധികം കെട്ടുകാളകൾ ചക്കുവള്ളിയിൽ അണിനിരന്നു.
 
കാളകളെ കെട്ടിവലിച്ച് 
പെൺപടയും 
ഓച്ചിറ
കലൂർമുക്ക് വടക്കുംനാഥ കെട്ടുത്സവ സമിതിയുടെ ഇരുപത്തി അഞ്ചാം നമ്പർ കെട്ടുകാഴ്‌ചയെ ആവേശത്തോടെ കെട്ടിവലിച്ചത് കരയിലെ സ്ത്രീകളും കുട്ടികളുമാണ്. അമ്പതിലധികം പേരാണ്‌ ഇതിനായി ഉണ്ടായിരുന്നത്. എഴുപത്തിരണ്ടുകാരിയായ  പായിക്കുഴി മീനത്തിൽ മാധവിയായിരുന്നു കൂട്ടത്തിലെ കാരണവത്തി.   
ആറു വർഷമായി കാളയെ എഴുന്നള്ളിക്കുന്ന മാധവി  ഇപ്പോഴും മുൻനിരയിൽനിന്ന് ആർപ്പുവിളിച്ച് കെട്ടുകാഴ്ചയെ വലിച്ച് മുന്നേറും.  പായിക്കുഴി കുമാരഭവനിൽ  തങ്കമ്മ (66), കന്നിമേൽ  ശാന്ത (61),  തട്ടാരേത്ത് തെക്കതിൽ ശാന്ത (50), കന്നേൽ തെക്കതിൽ സേതു ലക്ഷ്മി (58) എന്നിവരാണ് കൂട്ടത്തിലെ  മറ്റുള്ള മുതിർന്നവർ.  
ഇവരുടെ മക്കളും മരുമക്കളും ചെറുമക്കളുമെല്ലാം അടങ്ങുന്നതായിരുന്നു ടീം.  ആർപ്പുവിളിച്ചും  നൃത്തം ചെയ്തും  താളം പിടിച്ചും യുവാക്കളും കുട്ടികളും  പടുകൂറ്റൻ  നന്ദികേശന്മാരെ  പടനിലത്തേക്ക് ആനയിച്ചു. വലിയ കെട്ടുകാഴ്ച്ചകളെല്ലാം ക്രെയിൻ ഉപയോഗിച്ച്  എത്തിച്ചത്.
 
സ്വർണക്കുഞ്ഞൻ മുതൽ കാലഭൈരവൻ വരെ
ഓച്ചിറ
ഓച്ചിറയിൽ കാഴ്‌ചവിസ്‌മയം പകർന്ന്‌ കൈവെള്ളയിൽ ഒതുങ്ങുന്ന കുഞ്ഞിക്കാള മുതൽ 62 അടി ഉയരമുള്ള കാളക്കൂറ്റന്മാർ വരെ. ചൊവ്വാഴ്ച വൈകിട്ടോടെ പടനിലത്തിൽ അണിനിരന്ന നന്ദികേശന്മാർ കാഴ്ച വൈവിധ്യംകൊണ്ടും ശ്രദ്ധേയമായി.  
ആദിനാട് വടക്ക് യുവജന സംഘടനയുടെ സ്വർണം പൊതിഞ്ഞ കാള സുവർണക്കാഴ്ചയായപ്പോൾ വള്ളിക്കാവ് തൃക്കാർത്തിക കാളകെട്ട് സമിതിയുടെ നേതൃത്വത്തിലുള്ള വെള്ളിയിൽ തീർത്ത കാളയും താരങ്ങളായി.
 പാട്ടത്തിൽ കടവ് മുണ്ടകപ്പാടം ശ്രീ പരമേശ്വര കാളകെട്ട് സമിതിയുടെ ഇരുമ്പ് ചട്ടങ്ങളോട് കൂടിയ കാള, കഴിഞ്ഞ വർഷംവരെ ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാളയ്ക്കുള്ള അവാർഡ് നേടിയ മാമ്പ്രക്കന്നേൽകരയുടെ 55 അടി പൊക്കക്കാരൻ ഓണാട്ടുകതിരവൻ, ഇത്തവണ 62 അടി ഉയരവുമായെത്തിയ ഞക്കനാൽ പടിഞ്ഞാറെ കരയുടെ വിശ്വ പ്രജാപതി കാലഭൈരവൻ തുടങ്ങി വ്യത്യസ്തമായ നന്ദികേശന്മാർ  പടനിലത്ത് കാഴ്‌ചയൊരുക്കി. 
പെൺകരുത്തിന്റെ പ്രതീകമായി ക്ലാപ്പന കിഴക്ക് ത്രിശൂലനാഥൻ വനിതാ കാളകെട്ട് സമിതിയുടെയും ആലുംപീടിക വളവുമുക്കിനു സമീപത്തെ വനിതാ സമിതിയുടെയും കാളകളും കാഴ്ച വിസ്മയം തീർത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top