22 October Tuesday
കാസർകോട്‌ ക്രിക്കറ്റ്‌ സ്‌റ്റേഡിയം ക്രമക്കേട്‌

കൈയേറ്റക്കാർക്കെതിരെ അടിയന്തര നടപടി വേണമെന്ന്‌ ഡിഡിപി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019
കാസർകോട്‌
ക്രിക്കറ്റ്‌ സ്‌റ്റേഡിയം നിർമിക്കാൻ ബേള വില്ലേജിലെ മാന്യ മുണ്ടോട്‌ കെസിഎ കൈയേറിയ സർക്കാർ ഭൂമിയിലെ തോട്‌ നികത്തിയ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ ബദിയടുക്ക പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നോട്ടീസ്‌ നൽകി. കലക്ടറുടെ നിർദേശപ്രകാരമാണ്‌ ഇപ്പോൾ നിയമനടപടികളുമായി പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ മുന്നോട്ടുപോകുന്നത്‌. തോട്‌ ഉൾപ്പെടെയുള്ള 1.09 ഏക്കർ സർക്കാർ സ്ഥലമാണ്‌ സ്‌റ്റേഡിയം നിർമാണത്തിനായി കൈയേറിയതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഗ്രൗണ്ടിന്‌ നടുവിലൂടെ ഒഴുകിയിരുന്ന തോടാണ്‌ ഗതിമാറ്റിയത്‌. 5.6 മീറ്റർ വീതിയിലുള്ള തോട്‌ കടന്നുപോകുന്ന 32 സെന്റ്‌ ഭൂമി അനുമതിയില്ലാതെ മണ്ണിട്ട്‌ നികത്തി വഴിതിരിച്ചുവിട്ടു. 
1994ലെ കേരള പഞ്ചായത്ത്‌ രാജ്‌ ആക്ട്‌ വകുപ്പ്‌ 201 (4)ന്റെ ലംഘനമാണ്‌ കെസിഎ നടത്തിയത്‌. 15 ദിവസത്തിനുള്ളിൽ നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കണമെന്നാണ്‌ ഡിഡിപിയുടെ നോട്ടീസിലുള്ളത്‌. സർക്കാർ പുറമ്പോക്ക്‌ ഭൂമിയിലെ തോട്‌ മണ്ണിട്ട്‌ മൂടിയ ശേഷം ഗതിമാറ്റിയതായി പരിശോധനയിൽ ബോധ്യപ്പെട്ടിരുന്നു. ഇത്‌ പൂർവസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ മുൻ സെക്രട്ടറി 2018 ഡിസംബറിൽ കെസിഎയ്‌ക്ക്‌ കത്ത്‌ നൽകിയതുമാണ്‌. എന്നാൽ ഇതിനു തയ്യാറാകാതെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമീപനമാണ്‌ കെസിഎ സ്വീകരിച്ചത്‌. 
തോട്‌ കടന്നുപോകുന്ന  ഭൂമി വാങ്ങുമ്പോൾ  നിയമോപദേശം തേടിയില്ലെന്നും ഭൂമി വിൽപന നിയമങ്ങൾ പാലിച്ചില്ലെന്നും കെസിഎ നിയോഗിച്ച അന്വേഷണ കമ്മിറ്റിയും റിപ്പോർട്ട്‌ നൽകിയിരുന്നു. കെസിഎയുടെ ഇന്നത്തെ ട്രഷററും അന്നത്തെ സ്ഥിരം ക്ഷണിതാവുമായിരുന്ന കെ എം അബ്ദുൾറഹ്മാൻ ഉൾപ്പെടുന്ന അഞ്ചംഗ കമ്മിറ്റിയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കി നൽകിയത്‌. ഈ റിപ്പോർട്ട്‌ ക്രിക്കറ്റ്‌ അസോസിയേഷൻ ഓംബുഡ്‌സ്‌മാൻ ജസ്‌റ്റിസ്‌ വി രാംകുമാറും ശരിവച്ചിരുന്നു. സർക്കാർ ഭൂമിയിൽ നിർമാണം നടത്തിയത്‌ തെറ്റാണെന്ന്‌ റിപ്പോർട്ട്‌ നൽകിയ കെസിഎ ട്രഷറർ ഇപ്പോൾ പറയുന്നത്‌ പുറമ്പോക്ക്‌ ഭൂമിക്ക്‌  സർക്കാർ നിർദേശിക്കുന്ന നഷ്ടപരിഹാര തുക അടയ്‌ക്കാൻ ഒരുക്കമാണെന്നാണ്‌. തങ്ങൾ നടത്തിയ ക്രമക്കേടിനെ വെള്ളപൂശാൻ പണമടച്ച്‌ ക്രമവൽക്കരിക്കാനാണ്‌ കെസിഎ ശ്രമം. 
കൈയേറ്റം സംബന്ധിച്ചുള്ള പരാതിയിൽ റവന്യു അധികൃതരുടെയും പൊലീസിന്റെയും നടപടി കൂടി വരുന്നതോടെ സ്‌റ്റേഡിയം നിർമാണത്തിന്റെ മറവിൽ നടന്ന കോടിക്കണക്കിന്‌ രൂപയുടെ ക്രമക്കേടുകൾ വരുംദിവസങ്ങളിൽ പുറത്തുവരും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top