22 September Tuesday

ജലനിരപ്പ്‌ ഉയർന്നു

സ്വന്തം ലേഖകൻUpdated: Sunday Aug 9, 2020

ചെട്ടികുളങ്ങര കണ്ണമംഗലം കോഴിപ്പാലത്തിന് സമീപം വെള്ളം കയറിയതിനെത്തുടർന്ന് ആടുകളുമായി സുരക്ഷിത സ്ഥാനത്തേക്ക് മാറുന്ന കുടുംബം

ആലപ്പുഴ
ജില്ലയിൽ മഴയ്‌ക്ക്‌ നേരിയ ശമനം. ശനിയാഴ്‌ച പുലർച്ചെയും പകലും ഒന്നിടവിട്ടാണ്‌ പെയ്‌ത്തെങ്കിലും ജലനിരപ്പ്‌ ഉയരുകയാണ്‌. 
പത്തനംതിട്ട ജില്ലയിലെ ഡാമുകളിൽനിന്നുള്ള വെള്ളവും കിഴക്കൻവെള്ളത്തിന്റെ വരവുമാണ്‌ കുട്ടനാടിനെ ആശങ്കയിലാക്കുന്നത്‌. പമ്പയാറിലും അച്ചൻകോവിലാറിലും ജലനിരപ്പ് ഉയർന്നതോടെ ചെങ്ങന്നൂരും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആലപ്പുഴ-–-ചങ്ങനാശേരി റോഡിൽ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. ത‌ൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ ശക്തമായ കടലാക്രമണമുണ്ടായി. 20 വീട്‌ ഭാഗികമായി തകർന്നു. ജില്ലയിൽ 26 ദുരിതാശ്വാസക്യാമ്പ്‌ തുറന്നു.  
കാർത്തികപ്പള്ളി താലൂക്കിൽ 14ഉം ചേർത്തലയിൽ നാലും അമ്പലപ്പുഴയിൽ രണ്ടും വീടുകൾ തകർന്നു. ശനിയാഴ്‌ച 1.32 കോടി രൂപയുടെ ക‌ൃഷിനാശമുണ്ടായി. 2.23 കോടി രൂപയുടെ നഷ്‌ടം വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്‌തിരുന്നു. വൈദ്യുതിമേഖലയിൽ 13.71 ലക്ഷം രൂപയുടെ നഷ്‌ടം കൂടിയുണ്ടായി. 1.74 കോടി രൂപയുടെ നഷ്‌ടമാണ് വെള്ളിയാഴ്‌ച റിപ്പോർട്ട്ചെയ്‌തത്.
226 കുടുംബങ്ങളിലായി 833 പേർ ക്യാമ്പിലാണ്‌. ചെങ്ങന്നൂർ – -17   കുട്ടനാട് –- 5‌, മാവേലിക്കര – -2 ചേർത്തല – 1, കാർത്തികപ്പള്ളി –- 1 വീതവുമാണ്‌ ക്യാമ്പ്. ‌ കുട്ടനാട്ടിൽ കഞ്ഞിവീഴ്‌ത്തൽ കേന്ദ്രങ്ങളും തുടങ്ങി. 
എസി റോഡിൽ ബസ് സർവീസ് ഭാഗികം
പലയിടത്തും വെള്ളം കയറിയതിനാൽ ആലപ്പുഴ-–-ചങ്ങനാശേരി റോഡിൽ (എസി റോഡ്) കെഎസ്ആർടിസി ബസ് സർവീസ് ഭാഗികം. ആലപ്പുഴയിൽനിന്ന് മങ്കൊമ്പ് ബ്ലോക്ക് ജങ്ഷൻവരെയേയുള്ളൂ സർവീസ്. ചങ്ങനാശേരിയിൽനിന്ന് ആലപ്പുഴ സർവീസ് നിർത്തി. ആലപ്പുഴയ്‌ക്കും മങ്കൊമ്പിനുമിടയിൽ ചെറിയ ദൂരത്തിലേക്ക് ഇപ്പോഴും സർവീസുകൾ നടത്തുന്നുണ്ടെന്ന് ആലപ്പുഴ എടിഒ വി അശോക്‌കുമാർ പറഞ്ഞു.
25 കിടപ്പുരോഗികളെ ആലപ്പുഴയിലേക്ക് മാറ്റി
മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള 25 രോഗികളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റിപ്പാർപ്പിച്ചു. മെഡിക്കൽ ടീം, സെക്യൂരിറ്റി അടക്കമുള്ള സൗകര്യങ്ങൾ റെയ്ബാനിൽ ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്.
 

വലിയതുരുത്ത് പാടത്ത്‌ മടവീണു 

മങ്കൊമ്പ്
വലിയതുരുത്ത് പാടശേഖരത്തിൽ മട വീണു. കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തമായതോടെയാണ് 100 ഏക്കർ പാടശേഖരത്തിൽ ശനിയാഴ്‌ച വൈകിട്ട് ഏഴോടെ മടവീഴ്‌ചയുണ്ടായത്. മടവീഴ്‌ചയെത്തുടർന്ന് ഇതിനോട്‌ ചേർന്നുള്ള വനജ പുഷ്‌പന്റെ വീടിനകത്തുകൂടെ വെള്ളമൊഴുകയാണ്. പാതിതകർന്ന വീട്ടിൽനിന്ന്‌ വനജയുടെ പ്രായമായ അമ്മയേയും മകളെയും അയൽവാസികൾ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. വിത കഴിഞ്ഞ്‌ 40 ദിവസം പിന്നിടുന്ന പാടത്ത്‌ കഴിഞ്ഞ മൂന്ന്‌ തവണയും മടവീഴ്‌ച ഉണ്ടായിരുന്നു. അഞ്ചുകോടി ചെലവഴിച്ച്‌  പാടശേഖരത്തിന്റെ ചുറ്റും കല്ലുകെട്ടുന്ന പ്രവൃത്തി കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. പാടത്ത്‌ മട വീണതോടെ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങും. കൈനകരി വടക്ക് വാവക്കാട് 200 ഏക്കർ പാടശേഖരത്തിൽ മടവീണു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. 200 ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. 
 

പമ്പാതീരത്ത് ജാഗ്രതാ നിർദേശം 

ആലപ്പുഴ
പത്തനംതിട്ടയിൽ ശക്തമായ മഴ തുടരുന്നതിനാൽ പമ്പാ ഡാമിന്റെ വൃഷ്‌ടിപ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. പമ്പാനദിയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നദികളിൽ ഇറങ്ങരുതെന്നും കലക്‌ടർ അറിയിച്ചു. 
ചെങ്ങന്നൂർ നഗരസഭ, ചെറുതന, മാന്നാർ, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, ത‌ൃപ്പെരുന്തുറ, വീയപുരം, കുമാരപുരം, കുട്ടനാട് പ്രദേശങ്ങളിലുള്ളവർ ശ്രദ്ധിക്കണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top