20 September Friday

പ്രളയജലം നീന്തി വിനോദസഞ്ചാരം

സ്വന്തം ലേഖകൻUpdated: Friday Aug 9, 2019
 
ആലപ്പുഴ
കായലും കടലും അതിരിടുന്ന ആലപ്പുഴയുടെ വിനോദസഞ്ചാരമേഖലയും പ്രളയാനന്തര അതിജീവനപാതയിൽ. ആലപ്പുഴയുടെ പ്രക‌ൃതിഭംഗിയും തനതുരുചിയും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ വർധിച്ചു. ഏപ്രിൽ മുതൽ ജൂൺവരെയുള്ള രണ്ടാംപാദത്തിൽ എത്തിയ സഞ്ചാരികൾ 12,904 ആയി. മുൻവർഷം ഇത്‌ 9,795 ആയിരുന്നു. 
  വിനാദസഞ്ചാരവകുപ്പ്‌ പുറത്തിറക്കിയ രണ്ടാംപാദ റിപ്പോർട്ടിലാണ്‌ സന്തോഷകരമായ കണക്കുകൾ. വിനോദസഞ്ചാരികളിൽ വർധന രേഖപ്പെടുത്തിയ 12 ജില്ലകളിൽ പ്രളയം തകർത്ത ആലപ്പുഴയും സ്ഥാനം പിടിച്ചു. പ്രളയം  ദുരന്തത്തിന്‌ ഒരുവർഷം തികയുമ്പോൾ ഈ  കുതിപ്പ്‌ ആലപ്പുഴയുടെ വിനോദസഞ്ചാര മേഖലയ്‌ക്ക്‌ ആത്മവിശ്വാസം പകരുന്നതാണ്‌. 
നെഹ്‌റുട്രോഫി ജലമേളയോടനുബന്ധിച്ച്‌   വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടാകും.  
പ്രളയത്തെ അതിജീവിക്കാൻ അടിസ്ഥാന സൗകര്യവികസനത്തിന്‌  ആലപ്പുഴയ്‌ക്ക്‌ ആകെയും കുട്ടനാടിന്‌ പ്രത്യേകിച്ചും സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ വിജയമാണ്‌ ടൂറിസത്തിന്‌ താങ്ങായത്‌. ഒപ്പം വിനോദസഞ്ചാരവകുപ്പ്‌ നാട്ടിലും വിദേശത്തും നടപ്പാക്കിയ പ്രചാരണവും സഹായകമായി. 
കുട്ടനാട്ടിലേക്കുള്ള റോഡുകൾ സഞ്ചാരയോഗ്യമായതും കായലും തോടും മാലിന്യമുക്തമാക്കിയതും സഞ്ചാരികളുടെ ഒഴുക്കിന്‌ സഹായകമായി. പ്രളയത്തെ കുട്ടനാട്‌ എങ്ങനെ അതിജീവിച്ചുവെന്ന്‌  കണ്ടറിയാനും വിദേശ സഞ്ചാരികൾ വന്നു. 
പ്രളയത്തെ അതിജീവിക്കുന്ന സുസ്ഥിര ടൂറിസം എന്ന സന്ദേശവുമായാണ്‌ വിനോദസഞ്ചാരവകുപ്പ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌. സാഹസിക വിനോദസഞ്ചാരം, മൺസൂൺ വിനോദസഞ്ചാരം എന്നീ പദ്ധതികളും ഈ കാലയളവിൽ നടപ്പാക്കിയെന്ന്‌ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി  മാലിൻ മുരളീധരൻ പറഞ്ഞു. 
ബാക്‌ ടു ബാക്‌ വാട്ടേഴ്‌സ്‌ എന്ന ക്യാമ്പയിന്റെ ഭാഗമായി ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേത‌ൃത്വത്തിൽ കുട്ടനാട്ടിൽ ബോട്ടുയാത്ര നടത്തി. പ്രളയസമയത്ത്‌ മാറ്റിവച്ച നെഹ്‌റുട്രോഫി വീണ്ടും നടന്നതും വിനോദസഞ്ചാരികളെ ആകർഷിച്ചു. ഡിസംബറിൽ ബീച്ച്‌ ഫെസ്‌റ്റിവൽ നടത്തി. 
ഹൗസ്‌ ബോട്ടുകൾ അന്ന്‌ നിരക്ക്‌ കുറയ്‌ക്കാനും സന്നദ്ധമായി. ഇതൊക്കെ വിനോദസഞ്ചാരമേഖലയുടെ അതിജീവനത്തിന്‌ സഹായിച്ചതായും മാലിൻ മുരളീധരൻ പറഞ്ഞു. സഞ്ചാരികളുടെ എണ്ണത്തിലെ വർധന  ജില്ലയിലെ ടൂറിസം മേഖലയ്‌ക്ക്‌ ഉണർവേകുമെന്ന്‌ ആലപ്പുഴ ടൂറിസം ഡെവലപ്‌മെന്റ്‌ സൊസൈറ്റി സെക്രട്ടറി ടി ജി രഘുവും  പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top