11 August Tuesday
ഐഎഫ്‌സി വായ്‌പ

കുട്ടനാട്‌ പരിസ്ഥിതി പുന:സ്ഥാപന പദ്ധതിക്ക്‌ വേഗം കൂടും

സ്വന്തം ലേഖകൻUpdated: Thursday Jul 9, 2020
ആലപ്പുഴ
കുട്ടനാട്‌ പരിസ്ഥിതി പുനസ്ഥാപന പദ്ധതിക്ക്‌ കിഫ്‌ബി വഴി ഇന്റർനാഷണൽ ഫിനാൻസ്‌ കോർപറേഷൻ (ഐഎഫ്‌സി) വായ്‌പ ലഭ്യമാക്കുന്നത് പദ്ധതിക്ക്‌ വേഗം കൂട്ടും. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ നടപടികൾ ഇറിഗേഷൻ വകുപ്പിന്റെ നേത‌ൃത്വത്തിൽ പുരോഗമിക്കുകയാണ്‌. വിവിധ ഹരിത പദ്ധതികൾക്ക്‌ കിഫ്‌ബിയിലൂടെ 1100 കൂടി രൂപ സംസ്ഥാനത്ത് ഐഎഫ്‌സി നിക്ഷേപിക്കുമെന്ന്‌ കഴിഞ്ഞദിവസം ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വ്യക്തമാക്കിയിരുന്നു. ഇക്കൂട്ടത്തിലാണ് കുട്ടനാട്‌ പരിസ്ഥിതി പുനസ്ഥാപന പദ്ധതിയും ഉൾപ്പെടുത്തിയത്‌.
പാടശേഖരങ്ങളുടെ പുറംബണ്ട്‌ സംരക്ഷണവും തോടുകളുടെ നവീകരണവുമാണ്‌ ആദ്യഘട്ടത്തിൽ‌. പരിസ്ഥിതിക്ക്‌ അനുയോജ്യമായ മണൽബണ്ട്‌ നിർമിക്കാനാണ്‌ പദ്ധതി‌. ഇതിനുള്ള മണ്ണ്‌ ഇടത്തോടുകളിൽ നിന്നെടുക്കും. തോടുകളിലെ നീരൊഴുക്ക്‌ വർധിപ്പിക്കാൻ ഇതിലൂടെയാകും. കുട്ടനാട്ടിലെ പരിസ്ഥിതി സംരക്ഷണത്തിന്‌ ഇതു ഗുണം ചെയ്യും. 
ആദ്യഘട്ടത്തെ രണ്ടാക്കി വിഭജിച്ചാണ് പദ്ധതി‌ നടപ്പാക്കുന്നത്‌. കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിലെ 182 പാടശേഖരങ്ങൾക്കായി 339 കോടി രൂപയുടേതാണ്‌ ആദ്യഘട്ടം. ഇതിൽ 160 കോടി രൂപയുടേതിനാണ്‌‌ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കിയത്‌. ഇറിഗേഷൻ വകുപ്പിന്റെ ഭരണാനുമതിയും ലഭിച്ചു. കിഫ്‌ബി ഫണ്ട് അനുവദിക്കാൻ ഇനി വിശദമായ എസ്‌റ്റിമേറ്റ്‌ സമർപ്പിക്കും. ഫണ്ട്‌‌ അനുവദിക്കുന്നതോടെ ടെൻഡർ ചെയ്യാനാവും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top