14 April Wednesday

കോവിഡ് നിയന്ത്രണം കർശനമാക്കുന്നു നിയമം ലംഘിച്ചാൽ കേസ്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

 കാസർകോട്‌

ഗുരുതരമായ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ള കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണം. കർശനമാക്കുന്നു. മാസ്‌ക്, സാമൂഹിക അകലം, കൂട്ടം ചേരൽ എന്നിവ  ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാൻ ഡ്യൂട്ടി മജിസ്ട്രേറ്റുമാർക്കും പോലീസിനും  കൊറോണ കോർ കമ്മിറ്റി യോഗം നിർദേശം നൽകി.   കലക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷനായി. കോവിഡ് വാക്സിനേഷൻ നൽകുന്നതിനൊപ്പം പരിശോധനയും ഊർജിതമാക്കും.
തെരഞ്ഞെടുപ്പിന്‌ മുൻനിരയിൽ പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകർ, പോളിങ്‌ ഏജൻറുമാർ അടക്കമുള്ളവർ കോവിഡ് പരിശോധന നടത്തുകയോ സ്വയം നിരീക്ഷണത്തിൽ കഴിയുകയോ ചെയ്യണം.
45 വയസ്സ് കഴിഞ്ഞ മുഴുവനാളുകൾക്കും കോവിഡ് വാക്സിൻ നൽകും. ബസ്‌സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ അതിനായി  സൗകര്യം ഒരുക്കും.
ആരോഗ്യ വകുപ്പ്‌ ജീവനക്കാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതായി ഡിഎംഒ ഡോ. വി രാംദാസ് അറിയിച്ചു. ആദ്യഘട്ടത്തിൽ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ച സർക്കാർ ജീവനക്കാർ 13നകം രണ്ടാം ഡോസ് സ്വീകരിക്കണം.  വകുപ്പ് മേധാവികൾ അതുറപ്പാക്കണം. ജീവനക്കാർക്കായി സിവിൽ സ്റ്റേഷനുകളിലും താലൂക്ക് ഓഫീസുകളിലും വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തും. 
 
ഫുട്‌ബോളിന്‌ വിലക്ക്‌ 
തൃക്കരിപ്പൂർ ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, അജാനൂർ പള്ളിക്കര, ചെമ്മനാട് ചെങ്കള മേഖലകളിലാണ് കൂടുതൽ രോഗികൾ. വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും കോവിഡ് മാർഗനിർദേശം കർശനമായി പാലിക്കണം. കുട്ടികൾ കൂട്ടം കൂടി ഫുട്ബോൾ കളിക്കുന്നത് രോഗവ്യാപനത്തിന് കാരണമായതിനാൽ വിലക്ക്‌ ഏർപ്പെടുത്തി. 
പരിശോധനകളുടെ എണ്ണം കൂട്ടും. വ്യാപാരികൾ, കടകളിലെ ജീവനക്കാർ, പൊതുഗതാഗത സംവിധാനത്തിലെ ജീവനക്കാർ തുടങ്ങിയ മേഖലകളിലുള്ളവർ ആർടിപിസിആർ പരിശോധന നടത്തണമെന്ന് നിർദേശിച്ചു.
 
തട്ടുകടകളിൽ 
പാർസൽ മാത്രം
തട്ടുകടകളിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത്. പാർസൽ മാത്രം. എല്ലാ കടകളിലും മാസ്‌കും കയ്യുറയും നിർബന്ധമാക്കി. 
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികളേയും അധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ആരോഗ്യ വകുപ്പിൽ താൽക്കാലികമായി നഴ്സുമാരെ നിയമിക്കാനും നിർദേശം നൽകി. ഓൺലൈൻ യോഗത്തിൽ എഡിഎം അതുൽ എസ് നാഥ്, കൊറോണ കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
 
ബോധവൽക്കരണവുമായി കലക്ടർ
കാസർകോട്‌
കോവിഡ് പെരുമാറ്റച്ചട്ടം സർക്കാർ ഓഫീസുകളിൽ കർശനമാക്കുന്നതിന്റെ ഭാഗമായി ലഘുലേഖയുമായി കലക്ടർ  ഡോ. ഡി. സജിത് ബാബു  സിവിൽ സ്‌റ്റേഷനുകളിലെ ഓഫീസുകളിൽ ബോധവത്കരണം നടത്തി. മാസ്‌ക് ഇടാതെയും പകുതി താഴ്ത്തിയും ഓഫീസുകളിൽ ഇരുന്നവർക്ക് മുന്നറിയിപ്പ് നൽകി. പ്രതിരോധ കുത്തിവെപ്പ് എടുത്തെങ്കിലും കോവിഡിനോട് അലസ മനോഭാവം പാടില്ലെന്നറിയിച്ചു.  കലക്ടറേറ്റിൽ മുഴുവൻ സെക്ഷനുകളിലും വിവിധ വകുപ്പുകളുടെ പത്തോളം ഓഫീസുകളിലും കലക്ടർ നേരിട്ടെത്തി.
ജില്ലാ മാസ്മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ സയന, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റൻറ് എഡിറ്റർ പി പി വിനീഷ് എന്നിവർ അനുഗമിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top