സ്വന്തം ലേഖകൻ
മലപ്പുറം
പേമാരിയിൽ കുത്തിയൊഴുകിയ കടലുണ്ടിപ്പുഴ കരയെടുത്തപ്പോൾ ഉമ്മത്തൂർ കിഴക്കെതൊടി ഒറ്റപ്പെട്ടു.
ഏക സഞ്ചാരമാർഗമായിരുന്ന ആനക്കടവ് ﹣കിഴക്കെതൊടി റോഡ് പൂർണമായും തകർന്നു. 150 മീറ്ററുള്ള പാതയുടെ പലഭാഗവും വെള്ളപ്പാച്ചിലിൽ ഇടിഞ്ഞു. ഇതോടെ 20 കുടുംബങ്ങളിലെ 150ഓളം പേർക്ക് പുറംലോകത്തെത്താൻ പ്രയാസമായി.
പ്രളയത്തിൽ പരന്നൊഴുകിയ പുഴ കോഡൂർ പഞ്ചായത്തിൽ വലിയ നാശമാണുണ്ടാക്കിയത്. അഞ്ചാംവാർഡ് ഉമ്മത്തൂരിൽ ആനക്കടവ് പാലത്തിനുതാഴെയുള്ള ഭാഗത്ത് വലിയ തോതിലാണ് വെള്ളംകയറിയത്. കരയിടിച്ചിലിൽ കിഴക്കെതൊടി റോഡിന്റെ പല ഭാഗങ്ങളും ഒഴുകിപ്പോയി. ഇരുപത്തിയഞ്ച് മീറ്ററിലധികം റോഡ് പിളർന്നു.
ഇതിലെ നടക്കാൻപോലുമാകില്ല. രോഗികളെ ആശുപത്രികളിലെത്തിക്കാനും ബുദ്ധിമുട്ടേറെ. ഉമ്മത്തൂർ പള്ളി ജങ്ഷനിലേക്ക് താങ്ങിയും ഏറ്റിയുമാണ് വാഹനങ്ങളുടെ അടുത്തേക്ക് രോഗികളെ എത്തിക്കുന്നത്. സാമഗ്രികൾ കൊണ്ടുവരാൻ കഴിയാത്തതിനാൽ നിർമാണത്തിലിരുന്ന പല വീടുകളുടെയും പ്രവൃത്തിനിർത്തി. സ്കൂൾ വിദ്യാർഥികളും വലിയ ബുദ്ധിമുട്ടിലാണ്.
മുകളിലൂടെ പല ചവിട്ടുവഴികളും ഉണ്ടാക്കിയാണ് പ്രദേശത്തുകാർ ഉമ്മത്തൂർ ﹣ചെമ്മങ്കടവ് റോഡിലെത്തുന്നത്.
പ്രളയത്തിൽ വീടുകളുടെ ചുമരുകൾക്കും തറകൾക്കും കേടുപാടുണ്ടായി. തറയിൽ ഷാഹുൽ ഹമീദിന്റെ വീടിന്റെ മുൻഭാഗം തകർന്നു. പല വീടുകളുടെ മതിലുകളും നശിച്ചു. പ്രദേശത്ത് വൻതോതിൽ മാലിന്യങ്ങളും ഒഴുകിയെത്തിയിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകരും പ്രദേശവാസികളും നീക്കംചെയ്തെങ്കിലും കൂമ്പാരം ഇനിയും കിടക്കുന്നു.