23 September Wednesday

മഴ കനത്തു; കരുതലോടെ അധികൃതർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

തലവടി ചക്കുളം കുതിരച്ചാല്‍ കോളനിയില്‍ വെള്ളം കയറിയപ്പോള്‍

 മാവേലിക്കര

അച്ചൻകോവിലാറ്റിൽ ജലനിരപ്പുയരുന്നു. മുൻവർഷങ്ങളിൽ പ്രളയം നാശംവിതച്ച നഗരസഭയിലെ പ്രായിക്കര, കണ്ടിയൂർ കുരുവിക്കാട്, ചെട്ടികുളങ്ങര കണ്ണമംഗലം കോഴിപ്പാലം, തഴക്കര വെട്ടിയാർ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കഴിഞ്ഞവർഷം ഈ സമയം ക്യാമ്പുകൾ ആരംഭിച്ചിരുന്നു. തോട്ടപ്പള്ളി പൊഴിമുറിച്ചത് കാരണമാണ് തുടക്കത്തിൽ ഭീഷണിയില്ലാതായതെന്ന് തഹസിൽദാർ എസ് സന്തോഷ്‌കുമാർ പറഞ്ഞു. ശനിയാഴ്‌ച ക്യാമ്പുകൾ തുറക്കേണ്ടിവരുമെന്ന്‌ അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്‌ച കാറ്റിലും മഴയിലും മാവേലിക്കരയിൽ വ്യാപകനാശമുണ്ടായി. 11 വീടുകൾ തകർന്നു. താലൂക്കിലാകെ 47 വീടുകൾക്ക് നാശമുണ്ടായി. തഴക്കര, കണ്ണമംഗലം, ചുനക്കര, കറ്റാനം പെരിങ്ങാല വില്ലേജുകളിലാണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. തഴക്കരയിൽ ആക്കനാട്ടുകര തണ്ടാൻവിള കുഞ്ഞുമോൾ, മാധവസദനത്തിൽ രത്നമ്മ, ചെട്ടികുള‍ങ്ങര കൈതവടക്ക് അഖിൽഭവനം അനിതകുമാരി, കടവൂർ പുത്തൻവീട്ടിൽ തെക്കതിൽ സുഭാഷ്, കൊയ്‌പ്പള്ളികാരാഴ്‌മ ഗോപുരത്തിൽ ഗോപിനാഥപിള്ള എന്നിവരുടെ വീടുകൾക്ക് മേൽ മരം വീണു.
മാന്നാർ
മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ 500 ഓളം വീടുകൾ വെള്ളത്തിലായി.  ഒന്നുമുതൽ നാലുവരെയുള്ള വാർഡുകളിലെ പാവുക്കര, വൈദ്യൻ കോളനി, ഇടത്തെ കോളനി, പാവുക്കര പടിഞ്ഞാറ് മാന്തറ കോളനി, അങ്കമാലി, ചെറ്റാളപറമ്പിൽ, കല്ലുപുരക്കൽ കോളനി എന്നിവിടങ്ങളിലെ വീടുകളിലാണ്‌ വെള്ളം കയറിയത്. 
ഒന്നാം വാർഡിൽ വള്ളക്കാലി ഭാ​ഗത്ത് മരംവീണ് വൈദ്യുത പോസ്റ്റുകൾ നിലംപൊത്തി. ചക്കിട്ടപാലത്തിനു സമീപം വൈദ്യുത ലൈനിനുമുകളിൽ മരംവീണു. മാന്നാർ നായർ സമാജം സ്കൂളിൽ ക്യാമ്പ് തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചു. ബുധനൂർ പ്ലാക്കാത്തറ, കടമ്പൂര്, പൊണ്ണത്തറ, താഴാന്ത്ര എന്നിവിടങ്ങളിൽ വെള്ളംകയറി. പഞ്ചായത്തും റവന്യൂഅധികൃതരും ക്യാമ്പുകൾ തുറക്കുവാനുള്ള നടപടികൾ സ്വീകരിച്ചു.
ശക്തമായ കാറ്റിൽ മരം കടപുഴകിവീണ് ബ്രിക്‌സ്‌ കമ്പനി കെട്ടിടം തകർന്നു. ചെന്നിത്തല പഞ്ചായത്ത് തെക്കുംമുറി മുണ്ടുവേലിക്കടവ് ജയാ ഭവനിൻ ജിജിരാജിന്റെ ഉടമസ്ഥയിലുള്ള മാതാ ബ്രിക്‌സ് കമ്പനി കെട്ടിടത്തിലാണ്‌ മരം വീണത്. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. മേൽക്കൂര പൂർണമായി തകർന്ന് ഭിത്തികൾ പൊട്ടിയ നിലയിലാണ്.
കായംകുളം
ശക്തമായ മഴയിൽ തീരദേശപ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി വീടുകളിൽ വെള്ളം കയറി. പത്തിയൂർ കരിപ്പുഴ തോട് കരകവിഞ്ഞു.   ഇരുവശങ്ങളിലുമുള്ള വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വയലിൽ പീടിക, ചിറകുളങ്ങര പള്ളി‌ക്ക്‌ പടിഞ്ഞാറ് ഭാഗങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. ക‌ൃഷ്‌ണപുരത്തെ ആറ് കടമ്പ തോട് കവിഞ്ഞൊഴുകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top