26 September Saturday

പെരുമഴ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

 പാലക്കാട്‌ 

കലിതുള്ളിയെത്തിയ കാലവർഷം വിതച്ചത്‌ കനത്ത നാശം. 2018, 2019 വർഷങ്ങളിലും ഓഗസ്‌ത്‌ ഏഴിന്‌ ഉയർന്ന മഴയും കെടുതിയുമായിരുന്നു‌ ജില്ലയിൽ. നാല്‌ ദിവസമായി മഴ തുടരുകയാണ്‌. പുഴകൾ നിറഞ്ഞൊഴുകി, ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ നൂറോളം വീടുകൾ 
തകർന്നു. 
പട്ടാമ്പി ഓങ്ങല്ലൂരിൽ പോക്കുപ്പടിയിൽ കനത്ത മഴയിൽ വീട് തകർന്ന് വയോധികൻ മരിച്ചു. പോക്കുപ്പടി കൂടമംഗലം നാലുസെന്റിൽ മച്ചിങ്ങത്തൊടി മൊയ്‌തീൻകുട്ടി( 70)യാണ്‌ മരിച്ചത്‌. അഞ്ചിന് വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ചിറ്റൂർ കോഴിപ്പതി വില്ലേജ് സ്വദേശിയായ ലീലാവതി (50) മരിച്ചിരുന്നു. കാഞ്ഞിരപ്പുഴ, മംഗലം ഡാമുകൾ തുറന്നു. വാളയാർ ഡാം ശനിയാഴ്‌ച തുറന്നേക്കും. 
മറ്റ്‌ ഡാമുകളും നിറയുകയാണ്‌. മണ്ണിടിച്ചിലുണ്ടായ  മണ്ണാർക്കാട്‌, അട്ടപ്പാടി നെല്ലിയാമ്പതി എന്നിവിടങ്ങൾ ദേശീയ ദുരന്തനിവാരണസേന സന്ദർശിച്ച്‌ സ്ഥിതി വിലയിരുത്തി. മഴയോടൊപ്പം കാറ്റും ശക്തമായതോടെ വ്യാപകമായി കൃഷിയും നശിച്ചു. 
കഴിഞ്ഞദിവസംവരെ 10കോടിയോളംരൂപയുടെ കൃഷിനാശമുണ്ടായതാണ്‌ പ്രാഥമിക വിവരം. വിവിധ ഭാഗങ്ങളിലായി 66 വൈദ്യുതിത്തൂണുകളും തകർന്നു. ഒറ്റപ്പാലത്ത്‌ മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ മരംവീണ്‌ വീടും വാഴയും നശിച്ചു. വാണിയംകുളം കൂനത്തറ ഒടുവൻകാട്ടിൽ ഉണ്ണിയുടെ നൂറോളം വാഴകൾ കാറ്റിൽ വീണു നശിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top