18 November Monday

ദേശാഭിമാനി വാർത്ത സ്ഥിരീകരിച്ച്‌ ഓഡിറ്റ്‌ റിപ്പോർട്ട്‌ കാസർകോട്‌ നഗരസഭയിൽ പ്രവൃത്തി പൂർത്തിയായ ശേഷം ടെൻഡർ

കെ സി ലൈജുമോൻUpdated: Thursday Aug 8, 2019
കാസർകോട്‌
കാസർകോട്‌ നഗരസഭയിൽ പ്രവൃത്തി പൂർത്തീകരിച്ചതിനു ശേഷം ടെൻഡർ/ ഇ ടെൻഡർ ക്ഷണിച്ചതായി നഗരസഭാ ഓഡിറ്റ്‌ വിഭാഗവും കണ്ടെത്തി. നഗരസഭയിൽ ലക്ഷക്കണക്കിന്‌ രൂപയുടെ ക്രമവിരുദ്ധ പ്രവൃത്തികൾ നടക്കുന്നുണ്ടെന്ന "ദേശാഭിമാനി' വാർത്തകൾ സ്ഥിരീകരിക്കുന്നതാണ്‌ ഓഡിറ്റ്‌ റിപ്പോർട്ട്‌. ഏതാനും പ്രവൃത്തികൾ മാത്രം പരിശോധിച്ചതിൽനിന്നും ഇക്കാര്യം ബോധ്യപ്പെട്ടതായി ഓഡിറ്റ്‌ റിപ്പോർട്ടിലുണ്ട്‌. നഗരസഭാ ഭരണസമിതിയേയും ഉദ്യോഗസ്ഥരെയും പ്രതിക്കൂട്ടിലാക്കിയുള്ള റിപ്പോർട്ട്‌ സമർപ്പിച്ചിട്ട്‌ നാലുമാസം കഴിഞ്ഞു. റിപ്പോർട്ട്‌ ലഭിച്ച്‌ 60 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നതാണ്‌ ചട്ടം. കൗൺസിൽ ചേർന്ന്‌ റിപ്പോർട്ട്‌ ചർച്ച ചെയ്യണമെന്നുണ്ടെങ്കിലും ക്രമക്കേടുകളുടെ പരമ്പരതന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതിനാൽ ഭരണസമിതി‐ ഉദ്യോഗസ്ഥ കൂട്ടുകെട്ട്‌ ഇത്‌ മുക്കി. പ്രസക്ത ഭാഗങ്ങൾ കഴിഞ്ഞദിവസം ദേശാഭിമാനി പുറത്തുവിട്ടതോടെ ബുധനാഴ്‌ച കൗൺസിൽ യോഗം വിളിച്ചുചേർത്തിട്ടുണ്ട്‌.
പി. 2‐692/17 ഫയൽനമ്പറിലുള്ള പ്രവൃത്തികൾ  എൻജിനിയറിങ്‌ വിഭാഗം ജീവനക്കാരെയും കൂട്ടി 2018 മാർച്ച്‌ 19ന്‌ സംയുക്ത സ്ഥലപരിശോധന നടത്തിയാണ്‌ ക്രമക്കേടുകൾ സ്ഥിരീകരിച്ചതെന്നും ഓഡിറ്റ്‌ റിപ്പോർട്ടിലുണ്ട്‌. ചില പ്രവൃത്തികൾ പൂർണമായും ചിലത്‌ ഭാഗികമായും പൂർത്തീകരിച്ചിട്ടുണ്ട്‌. ഈ പ്രവൃത്തികൾ 2018 മാർച്ച്‌ ആറിനാണ്‌ ടെൻഡർ നോട്ടീസിൽ ഉൾപ്പെടുത്തിയിരുക്കുന്നത്‌. ടെൻഡർ വിളിക്കുന്നതിന്‌ മുമ്പുതന്നെ ഫയൽ നമ്പറിട്ട്‌ പ്രവൃത്തി നടത്തിയത്‌ ക്രമക്കേടാണെന്ന്‌ അറിയിച്ചതിനെ തുടർന്ന്‌ ടെൻഡറിൽനിന്ന്‌ ഒഴിവാക്കിയെന്നാണ്‌ നഗരസഭാ ഉദ്യോഗസ്ഥരുടെ മറുപടി.
സാധാരണ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഡിപിസി അംഗീകാരം വാങ്ങി ടെൻഡർ വളിച്ച്‌ പ്രവൃത്തി നടത്തേണ്ടതിന്‌ പകരം പിന്നീട്‌ പണം അനുവദിക്കാമെന്ന വ്യവസ്ഥയിൽ കരാർ ഉറപ്പിക്കാതെയും എൻജിനിയറിങ്‌ ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെയും  നിരവധി പ്രവൃത്തികളാണ്‌ നടത്തിയിട്ടുള്ളത്‌. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവൃത്തികൾ വീതംവച്ച്‌ നൽകിയും പിന്നീട്‌ അവ ടെൻഡറിൽ ഉൾപ്പെടുത്തി ബിൽ തയ്യാറാക്കി നൽകിയതും നിയമവിരുദ്ധമാണ്‌. ഇത്തരം നടപടി അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും  റിപ്പോർട്ടിലുണ്ട്‌. പ്രവൃത്തി പൂർത്തീകരിച്ചതിനു ശേഷം തയ്യാറാക്കിയ ടെൻഡറിൽ കരാറുകാരനെയും ഉൾപ്പെടുത്തി നീക്കുപോക്ക്‌ നടത്തി ഇയാൾക്കനുകൂലമായി ടെൻഡർ ഉറപ്പിക്കുകയായിരുന്നുവെന്നും ക്രമക്കേടുകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഓഡിറ്റ്‌ റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top