05 August Wednesday
രോഗികൾ 400 കടന്നു

പേടിച്ചേ പറ്റൂ

സ്വന്തം ലേഖകൻUpdated: Wednesday Jul 8, 2020
ആലപ്പുഴ
ജില്ലയിൽ കോവിഡ്‌ രോഗികൾ 400 കടന്നു. ചൊവ്വാഴ്‌ച 18 പേർക്ക് രോ​ഗം സ്ഥിരീകരിച്ചതോടെ 411 പേർ രോഗബാധിതരായി. അഞ്ചുപേർ രോ​ഗമുക്തരായി. ഒരാഴ്‌ചയ്‌ക്കിടെ 111 പേർക്ക്‌ രോ​ഗം ബാധിച്ചു. 
മൂന്നുദിവസത്തിനിടെ  46 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്‌. ചൊവ്വാഴ്‌ച രോ​ഗം ബാധിച്ചവരിൽ ഏഴുപേർ വിദേശത്തുനിന്നു വന്നവരാണ്. നാലുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി. നൂറനാട് ഐടിബിപി കേന്ദ്രത്തിലെ മൂന്നുപേർക്കും രോ​ഗംസ്ഥിരീകരിച്ചു. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 18പേരിൽ ആറുപേർ 50 വയസിന്‌ മുകളിലുള്ളവരാണ്‌.  സമ്പർക്കത്തിലൂടെ 27പേർ രോഗബാധിതരായി. 
റിയാദിൽനിന്നെത്തിയ വള്ളികുന്നം സ്വദേശികൾ, ദമാമിൽനിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി, മസ്‌കത്തിൽനിന്നെത്തിയ ഭരണിക്കാവ്, മാവേലിക്കര സ്വദേശികൾ, ദുബായിൽനിന്നെത്തിയ പുലിയൂർ സ്വദേശി,  സൗദിയിൽനിന്നെത്തിയ ആറാട്ടുപുഴ സ്വദേശി, ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ നൂറനാട് ഐടിബിപി ക്യാമ്പിലെ നാല് ഉദ്യോഗസ്ഥർ, ചെന്നൈയിൽനിന്നെത്തിയ താമരക്കുളം സ്വദേശിനി, മഹാരാഷ്‌ട്രയിൽനിന്നെത്തിയ രാമങ്കരി സ്വദേശി, ഡൽഹിയിൽനിന്നെത്തിയ ആലപ്പുഴ സ്വദേശി, മുംബൈയിൽനിന്നെത്തിയ അമ്പലപ്പുഴ സ്വദേശി എന്നിവർക്കാണ് രോ​ഗം.  
കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ സുഹൃത്തിന് സമ്പർക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചു. ഇയാൾ പത്തിയൂർ സ്വദേശിയാണ്. 
നേരത്തെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശി മത്സ്യം എടുത്തിരുന്ന കായംകുളം മാർക്കറ്റിലെ മറ്റൊരു മത്സ്യക്കച്ചവടക്കാരനും രോ​ഗമുണ്ട്. കായംകുളം സ്വദേശിയാണ്. തിരുവനന്തപുരത്തുനിന്നും സ്വകാര്യവാഹനത്തിലെത്തിയ തിരുവനന്തപുരം എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് സമ്പർക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ച മൂന്നാമൻ. 
എല്ലാവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 219പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 
5 പേർക്ക് രോ​ഗമുക്തി
മുംബൈയിൽനിന്നെത്തിയ മുളക്കുഴ സ്വദേശി, ബം​ഗളൂരുവിൽനിന്നെത്തിയ പുന്നപ്ര സ്വദേശിനി, കുവൈത്തിൽനിന്നെത്തിയ കുപ്പപ്പുറം സ്വദേശി, സമ്പർക്കത്തിലൂടെ രോഗബാധിതനായ പുന്നപ്ര സ്വദേശി, ചെന്നൈയിൽനിന്നെത്തി പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന ആല സ്വദേശി എന്നിവരാണ് രോഗമുക്തരായത്. ആകെ 192 പേർ രോ​ഗമുക്തരായി. 
 
3 കണ്ടെയ്‌ൻമെന്റ് സോൺ കൂടി
ജില്ലയിൽ മൂന്ന് വാർഡുകൂടി കണ്ടെയ്‌ൻമെന്റ് സോണായി. നൂറനാട്  ഒമ്പതാംവാർഡ്,  താമരക്കുളം ആറ്, ഏഴ് വാർഡ്‌ എന്നിവയാണ് കണ്ടെയ്‌ൻമെന്റ് സോണാക്കിയത്. തിങ്കളാഴ്‌ച മൂന്നുപ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു. 
നിരീക്ഷണം–- 7076
ആലപ്പുഴ
കോവിഡ് പ്രതിരോധത്തിൽ  516 പേരെകൂടി നിരീക്ഷണത്തിലാക്കി. ആകെ 7076 പേർ നിരീക്ഷണത്തിലുണ്ട്‌. 508 പേരെ ഒഴിവാക്കി. വിദേശത്തുനിന്ന് 7765 പേരെത്തി. 228 പേര്‍ ചൊവ്വാഴ്‌ചയെത്തി. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് 335 പേരും. ആകെ 17,138 പേര്‍. 16 പേരെ ആശുപത്രി നിരീക്ഷണത്തിലാക്കി. ആറുപേരെ ഒഴിവാക്കി. 242 പേരാണ് നിലവില്‍ ആശുപത്രി നിരീക്ഷണത്തില്‍. 172 സാമ്പിള്‍ പരിശോധനയ്‌ക്ക്‌ അയച്ചു.
 
ഐടിബിപി ക്യാമ്പില്‍
9 പേര്‍ക്ക് കോവിഡ്
 മാവേലിക്കര 
നൂറനാട് ഐടിബിപി ക്യാമ്പിൽ ഒമ്പതു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നാല്‌ വാർഡ്‌ കണ്ടെയ്‌മെന്റ് സോണാക്കും. പാലമേൽ–-1‌, താമരക്കുളം–-6, 7, നൂറനാട്–- 9 എന്നീ വാർഡുകളാണ്‌  കണ്ടെയ്‌ൻമെന്റ്‌ സോണാക്കുക. 
ക്യാമ്പിലെ 26 പേരുടെ സ്രവ പരിശോധനയിലാണ് ഒമ്പതുപേർക്ക്‌ രോഗംസ്ഥിരീകരിച്ചത്‌.
 കണ്ടെയ്‌ൻമെന്റ്‌ സോണിലുള്ള ഭരണിക്കാവ് പഞ്ചായത്തിലെ മൂന്നു വാർഡുകളുടെയും സമീപസ്ഥലമായ വള്ളികുന്നം ചൂനാട് ടൗൺ അടച്ചിടും. ഐടിബിപി ക്യാമ്പിൽ 339 പേരാണുള്ളത്. 
ഐടിബിപി ഉദ്യോഗസ്ഥരിൽ ചിലർ ക്യാമ്പിനു പുറത്ത് കുടുംബസമേതം വാടകയ്‌ക്ക് താമസിക്കുന്നുണ്ട്‌. ക്യാമ്പിൽ ബുധനാഴ്‌ചയും പഞ്ചായത്തുതലത്തിൽ വ്യാഴാഴ്‌ചയും സ്രവപരിശോധന നടത്തും.  
ബ്ലോക്ക് തലത്തിൽ പരിശോധന ആരംഭിക്കും. കോവിഡ് കെയർ സെന്റർ എണ്ണം വർധിപ്പിക്കാൻ ആർ രാജേഷ്‌ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു‌. 
 
സ്രവപരിശോധന മറച്ച്‌ ആശുപത്രിയിൽ പ്രവേശിച്ചയാൾക്ക്‌ രോഗം 
മാവേലിക്കര
സ്രവം പരിശോധനക്കെടുത്ത വിവരം മറച്ച്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ച കായംകുളം എരുവ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. 
തിങ്കളാഴ്‌ച വൈകിട്ടാണ് ഇയാൾ പനിബാധിച്ച് കണ്ടിയൂരിലെ ആശുപത്രിയിൽ എത്തിയത്. ഇവിടെ വരും മുമ്പ്  കായംകുളം താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ സ്രവം പരിശോധനയ്‌ക്കെടുത്തിരുന്നു. 
പേവാർഡിലെ 111–--ാം നമ്പർ മുറിയിൽ പ്രവേശിപ്പിച്ച ഇയാളുടെ സ്രവ പരിശോധന ഫലം ചൊവ്വാഴ്‌ച ഉച്ചയോടെയാണ്‌ പുറത്തുവന്നത്. ഉടൻ ആലപ്പുഴയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ചികിത്സിച്ച ഡോക്‌ടർമാരോടും ജീവനക്കാരോടും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്‌.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top