09 September Monday

ചരിത്രം പറയുന്ന തുക്കിടിക്കച്ചേരി

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

മലപ്പുറം ജില്ല നിലവിൽ വന്നതിനെത്തുടർന്ന്‌ താൽക്കാലിക കലക്ടറേറ്റായി പ്രവർത്തിച്ച മലപ്പുറം എംഎസ്‌പി ഓഫീസിനുമുന്നിലെ അന്നത്തെ സബ്‌ കലക്ടർ ഓഫീസായിരുന്ന പഴയ തുക്കിടിക്കച്ചേരി

 മലപ്പുറം

ദേശീയപാതയിൽ മലപ്പുറം എംഎസ്‌പി കാര്യാലയത്തിനു മുന്നിലെ ബ്രിട്ടീഷുകാരുടെ കാലത്തുള്ള കെട്ടിടത്തിന്‌ പറയാൻ ഒരു കഥയുണ്ട്‌. മലപ്പുറം ജില്ല നിലവിൽ വന്നതിനെത്തുടർന്ന്‌ 1969 ജൂൺ 16ന്‌ രാവിലെ 9.30ന്‌ ജില്ലാ ആസ്ഥാനമായി കണക്കാക്കി കലക്ടർ ദേശീയപതാക ഉയർത്തിയത്‌ ഈ കെട്ടിടത്തിന്റെ മുന്നിലെ കൊടിമരത്തിലാണ്‌. സബ്‌ കലക്ടർ ഓഫീസ്‌ ആയി പ്രവർത്തിച്ചിരുന്ന (തുക്കിടിക്കച്ചേരി) കെട്ടിടം ഇപ്പോൾ ജില്ലാ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ ആയി ആഭ്യന്തര വകുപ്പിന്റെ കൈയിലാണ്‌. 
കോഴിക്കോട്‌ പാലക്കാട്‌ ദേശീയപാതയിലെ ഈ തുക്കിടിക്കച്ചേരിക്ക്‌ സ്വാതന്ത്ര്യസമരത്തിന്റെ ചോരതുടിക്കുന്ന ഒരു ചരിത്രംകൂടിയുണ്ട്‌. 1921 ജനുവരി 13ന്‌ ഇതിന്റെ അകത്തളത്തിൽ മലബാർ ചരിത്രത്തിലെ മറ്റൊരു അവിസ്‌മരണീയ സംഭവം നടന്നു. തുക്കിടിക്കച്ചേരിയിലെ പ്രതിക്കൂട്ടിൽ മലബാർ കലാപത്തിലെ വീരനായകരിൽ ഒരാളായ വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി നിൽക്കുന്നു. വിചാരണയ്‌ക്കുശേഷം പ്രതി ചെയ്‌ത രാജ്യദ്രോഹക്കുറ്റങ്ങൾ വായിച്ചുകേൾപ്പിച്ച്‌ വെള്ളക്കാരനായ ജഡ്‌ജി  വെടിവച്ചുകൊല്ലാൻ വിധിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന്‌ ആ ധീരദേശാഭിമാനിയുടെ മറുപടി ഇതായിരുന്നു: ‘വിധി സ്വീകരിക്കുന്നു. വെടിവച്ചുകൊല്ലുമ്പോൾ എന്റെ കണ്ണുകൾ മൂടിക്കെട്ടരുത്‌. പിറകിൽനിന്നല്ലാതെ മുന്നിൽനിന്ന്‌ നെഞ്ചിലേക്കുതന്നെ നിറയൊഴിക്കണം. മരിച്ചുവീഴുമ്പോഴും എന്റെ ജന്മനാടിനെ കണ്ണുനിറയെ കാണണം. ഒരു ധീരനായ പടയാളിയായി മരിക്കാൻ അവസരം തരണം’.
മലപ്പുറം ജില്ല രൂപീകരിക്കാൻ തീരുമാനമെടുത്ത സർക്കാരിനെ നയിച്ച ഇ എം എസിന്റെ 114ാം ജന്മവാർഷികദിനമാണ്‌ ജൂൺ 13. ജില്ലാ രൂപീകരണത്തിന്‌ 54 വർഷം തികയുന്ന ദിവസമാണ്‌ ജൂൺ 16. ജില്ലാ രൂപീകരണത്തെ യോജിച്ച്‌ എതിർത്തവരാണ്‌ കോൺഗ്രസും അന്നത്തെ ജനസംഘമായ ഇന്നത്തെ ബിജെപിയും. കുട്ടിപ്പാക്കിസ്ഥാൻ രൂപീകരിക്കുകയാണ്‌ ഇ എം എസ്‌ എന്നുള്ള ആക്ഷേപംവരെ ഉയർന്നു. എന്നിട്ടും പതറാതെ അദ്ദേഹവും പാർടിയും തീരുമാനത്തിൽ ഉറച്ചുനിന്നു. എതിർപ്പുകൾക്കുമുന്നിൽ മുട്ടുമടക്കാതിരുന്ന ഇ എം എസിനോട്‌ കടപ്പെട്ടിരിക്കുന്നു നാട്‌. 
‘മലപ്പുറം ജില്ലക്കെതിരായ സമരം മതേതരത്വത്തിനെതിരായ സമരമാണ്‌’ എന്നായിരുന്നു ഇ എം എസിന്റെ പ്രതികരണം. ‘മലപ്പുറം ജില്ലാ വിരുദ്ധ മുദ്രാവാക്യമുയർത്തുന്ന ജനസംഘക്കാർക്ക്‌ വ്യക്തമായ ചില രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ട്‌. ഇന്ത്യയെ ഒരു ഹിന്ദു രാഷ്‌ട്രമാക്കി മാറ്റുകയെന്നതാണ്‌ അവരുടെ ലക്ഷ്യം’–- ഇ എം എസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top