തൊടുപുഴ
കോവിഡ് പ്രതിസന്ധിക്കിടെ എസ്എസ്എൽസി, രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം. മതിയായ കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചാണ് പരീക്ഷാകേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുള്ളതെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ് പറഞ്ഞു. ജില്ലയിൽ എസ്എസ്എൽസി പരീക്ഷയ്ക്കായി 154 പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ആകെ 11,470 വിദ്യാർഥികൾ പരീക്ഷയെഴുതും. ഇതിൽ 6001 പേർ ആൺകുട്ടികളും 5469 പേർ പെൺകുട്ടികളുമാണ്. എസ്എസ്എൽസി പരീക്ഷ വ്യാഴാഴ്ച മുതൽ 12 വരെ ഉച്ചയ്ക്കുശേഷവും 15 മുതൽ രാവിലെയുമാണ് നടത്തുക. 29ന് സമാപിക്കും.
സർക്കാർ സ്കൂളുകളിൽ കല്ലാർ ഗവ. എച്ച്എസ്എസിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്. 356 പേർ. കുറവ് ഖജനാപ്പാറ ഗവ. എച്ച്എസിലാണ്. ഇവിടെ ഏഴുപേർ മാത്രമാണുള്ളത്. എയ്ഡഡ് സ്കൂളുകളിൽ കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലാണ് കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്. 296 പേർ.
ക്ലാസ് മുറികൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കും.
വിദ്യാർഥികളെ കൈകൾ അണുവിമുക്തമാക്കി, ഡിജിറ്റൽ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുക. ഒരു പരീക്ഷാഹാളിൽ 20 കുട്ടികളാണുണ്ടാവുക. കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർഥികളെ വേറെ മുറിയിൽ ഇരുത്തി പരീക്ഷ എഴുതിക്കും. ഹയർസെക്കൻഡറി പരീക്ഷ 26നും വിഎച്ച്എസ്ഇ പരീക്ഷ ഒമ്പതിന് ആരംഭിച്ച് 26നും സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..