28 May Thursday

ചക്കക്കുരു തൊലിയിൽ പൂവുണ്ടാക്കിയാലൊ !

ജയൻ ചടയമംഗലംUpdated: Wednesday Apr 8, 2020

ഗായത്രി പാഴ്‌വസ്തു ഉപയോഗിച്ചു നിർമിച്ച കരകൗശല വസ്തുക്കൾക്കൊപ്പം

ചടയമംഗലം
ചക്കക്കുരുത്തൊലി എന്തിനു കൊള്ളാം?. ഇങ്ങനെ ചോദിക്കാൻ വരട്ടെ. ചക്കക്കുരു തൊലിയിൽ നിർമിച്ച മനോഹരമായ പൂക്കൾ കാണിച്ചുതരും  ഇളമാട് തേവന്നൂർ സൗപർണികയിൽജെ എസ് ഗായത്രി. ലോക്ക്‌ ഡൗൺ കാലത്ത്‌ പാഴ്‌വസ്‌തുക്കളാൽ വിസ്‌മയലോകം തീർക്കുകയാണ്‌ ഈ പെൺകുട്ടി. 
കാലിയായ ചില്ലുകുപ്പികളിലും പാഴ് വസ്തുക്കളിലും കൗതുകക്കാഴ്ചയുടെ വിസ്മയച്ചെപ്പ് സൃഷ്ടിക്കുകയാണ്‌ ലോക്ക്‌ ഡൗൺ കാലത്ത്‌ ഒരു പെൺകുട്ടി. 
ഒഴിഞ്ഞ കുപ്പിയ്ക്കു പുറമെ പാക്ക്, മുട്ട, കപ്പലണ്ടി, പിസ്ത എന്നിവയുടെ പുറംതോട്, ഉപയോഗ ശൂന്യമായ പേപ്പർ, തടി, തുണി, വിവിധതരം പായലുകൾ, ഇത്തിൾ ഇല, ചക്കക്കുരുത്തൊലി, തെങ്ങിൻ പൂങ്കുല, തേങ്ങയുടെ ക്ലാഞ്ഞിൽ, വെള്ളക്ക, കൊതുമ്പ്, പാള, ചണം, മെഴുക് എന്നിവയിലും കൗതുകവസ്‌തുക്കൾ നിർമിക്കും.  
വീട്ടിലുണ്ടായിരുന്ന കുപ്പികളിലും മറ്റു പാഴ് വസ്തുക്കളും ഉപയോഗിച്ചു വിനോദത്തിനായി ചെയ്തുതുടങ്ങിയതാണ്‌. എന്നാൽ, ലോക്ക്ഡൗൺ കാലത്ത്‌ സമയം ധാരാളം ലഭിച്ചതോടെയാണ്‌ വ്യത്യസ്ത വസ്തുക്കൾ കരകൗശല വസ്തുക്കളുടെ നിർമാണത്തിനായി ഉപയോഗിച്ചു തുടങ്ങിയതെന്ന്‌ ഗായത്രി പറഞ്ഞു. വീട്ടിലെ സ്വീകരണമുറി മുഴുവൻ ഗായത്രിയുടെ കരവിരുതകുളാണ്‌. അമ്മ ജീനയുടെയും തേവന്നൂർ ഗവ. എച്ച്എസ്എസിലെ എട്ടാം ക്ലാസുകാരനായ സഹോദരൻ ഗിരിയുടെയും പിന്തുണ ഗായത്രിക്കുണ്ട്. പരേതനായ സുനിൽകുമാറാണ്‌ അച്ഛൻ.  പാങ്ങോട് മന്നാനിയ കോളേജിലെ ബിരുദ വിദ്യാർഥിനിയാണ്‌.
പ്രധാന വാർത്തകൾ
 Top