12 August Friday

വർഗീയത വീഴും വികസനം വാഴും

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019
മഞ്ചേശ്വരം
തുളനാടിന്റെ മണ്ണ‌് വലതുപക്ഷത്തിന‌് തീറെഴുതിയിട്ടില്ലെന്ന‌് പലതവണ തെളിയിച്ചതാണ‌്. വർഗീയത വിഷയമാക്കി ജനങ്ങളെ ഭിന്നിച്ച‌് ജയിക്കാനെത്തുന്നവരെ തുരത്തിയോടിച്ച പാരമ്പര്യമുള്ളവരാണ‌് മഞ്ചേശ്വരത്തെ ജനങ്ങൾ. ഡോ. സുബ്ബറാവുവും സി എച്ച‌് കുഞ്ഞമ്പുവും എൽഡിഎഫ‌് പ്രതിനിധികളായി നിയമസഭയിലെത്തിയത‌് ഇവിടെ നിന്നാണ‌്. ഡോ. സുബ്ബറാവു മന്ത്രിയായപ്പോൾ ആരംഭിച്ച മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളേജും  സി എച്ച‌് കുഞ്ഞമ്പുവിനെ കാലത്ത‌് നടപ്പാക്കിയ നിരവധി  പ്രവർത്തനങ്ങളും എൽഡിഎഫ‌ിന്റെ വികസന നയങ്ങൾക്ക‌് സാക്ഷ്യം പറയുന്നു. പലതവണ ജയിച്ചിട്ടും കാര്യമായൊന്നും  പറയാനില്ലാത്ത യുഡിഎഫിന്റെ ജനവിരുദ്ധത നയങ്ങൾ  വിചാരണ ചെയ്യപ്പെടുന്നു. തീവ്രഹിന്ദുത്വം ആയുധമാക്കി മഞ്ചേശ്വരത്ത‌് ഭിന്നിപ്പിന്റെ രാഷ‌്ട്രീയം പയറ്റുന്ന ബിജെപിയെ എക്കാലവും തള്ളിക്കളഞ്ഞവരാണ‌് തുളുനാട്ടുകാർ. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മത്സരം കനക്കുമ്പോൾ മഞ്ചേശ്വരത്തിന്റെ മനസ‌് ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന സൂചനകളാണ‌് കാണുന്നത‌്. പ്രചാരണത്തിലും പ്രവർത്തനത്തിലും മുന്നിട്ടുനിൽക്കുന്ന എൽഡിഎഫിന‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രന‌് മഞ്ചേശ്വരം മണ്ഡലത്തിലെങ്ങുമുള്ള സ്വീകാര്യതയും മുതൽകൂട്ടാകും. വികസനത്തിൽ പക്ഷപാതിത്വം കാണിക്കാത്ത എൽഡിഎഫ‌് സർക്കാർ നടപ്പാക്കിയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും കെ പി സതീഷ‌്ചന്ദ്രന‌് പ്രചാരണത്തിൽ മുന്നേറ്റമുണ്ടാക്കുന്നു. കന്നഡ വിഭാഗക്കാരനായ സുബ്ബയ്യ റൈക്ക‌് സ്ഥാനാർഥി മോഹം നൽകി വഞ്ചിച്ച‌് പുറത്തുനിന്നുള്ളയാളെ കെട്ടിയിറക്കിയതിൽ കോൺഗ്രസുകാർ തന്നെ അസംതൃപ‌്തരാണ‌്. വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ വിശ്വസിക്കാനാവുക ഇടതുപക്ഷത്തിനെയാണെന്നും മഞ്ചേശ്വരം തലകുലുക്കി സമ്മതിക്കുന്ന കാഴ‌്ചകളാണ‌് പൊതുപര്യടന കേന്ദ്രങ്ങളിലെ ബഹുജനപ്രവാഹം. വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും കൈപിഴ പറ്റാതിരിക്കാൻ ഇടതുപക്ഷത്തിന്റെ കരുത്ത‌് വർധിപ്പിക്കേണ്ടതുണ്ടെന്ന‌് മഞ്ചേശ്വരത്തിന‌് ബോധ്യമാകുകയാണ‌്. മഞ്ചേശ്വരം,വോർക്കാടി, മീഞ്ച, പൈവളിഗെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ പഞ്ചായത്തുകളാണ‌് മണ്ഡലത്തിലുള്ളത‌്. പൈവളിഗെ, പുത്തിഗെ പഞ്ചായത്തുകളിൽ എൽഡിഎഫാണ‌് ഭരണം. മറ്റുള്ള പഞ്ചായത്തുകളിൽ ഭരണം യുഡിഎഫിനാണ‌്. ബിജെപിക്ക‌് ഒറ്റ പഞ്ചായത്തുമില്ല.  
യുഡിഎഫും എൽഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പം നിൽക്കുന്ന മണ്ഡലത്തിൽ  2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ത്രസിപ്പിക്കുന്ന പോരാട്ടമാണ‌് നടന്നത‌്. 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ‌്  യുഡിഎഫ‌്  സ്ഥാനാർഥി മുസ്ലിംലീഗിലെ അബ്ദുൾ റസാഖ‌്  ബിജെപി  സ്ഥാനാർഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത‌്.  തെരഞ്ഞെടുപ്പ‌് റദ്ദാക്കണമെന്ന‌് ആവശ്യപ്പെട്ട‌്  കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ  കേസിൽ വിചാരണ നടക്കവെ അബ്ദുൾ റസാഖ‌് നിര്യാതനായി.  2016 ലെ തെരഞ്ഞെടുപ്പിൽ അബ്ദുൾ റസാഖിന‌് 56,870 വോട്ടാണ‌് ലഭിച്ചത‌് (35.8 ശതമാനം).   സുരേന്ദ്രന‌് 56,781 വോട്ട‌് കിട്ടി (35.7 ശതമാനം). എൽഡിഎഫിലെ സിപിഐ എം സ്ഥാനാർഥി സി എച്ച‌് കുഞ്ഞമ്പുവിന‌് 42,565 വോട്ട‌് കിട്ടി (26.8 ശതമാനം). 2006 ലെ നിയമസഭ തെരഞ്ഞെടുപ്പ‌ിൽ എൽഡിഎഫിലെ സി എച്ച‌് കുഞ്ഞമ്പു 19 വർഷം യുഡിഎഫിലെ ചെർക്കളം അബ‌്ദുള്ള കുത്തകയാക്കിയ മണ്ഡലത്തിൽ അട്ടിമറി ജയം നേടി.   4829 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ‌് സി എച്ച‌് കുഞ്ഞമ്പു വിജയിച്ചത‌്. സി എച്ചിന‌് 39,242 വോട്ടും ബിജെപിയുടെ നാരായണ ഭട്ടിന‌് 34,413 വോട്ടുമാണ‌് ലഭിച്ചത‌്. ചെർക്കളം 34,113 വോട്ടോടെ മൂന്നാമതായി.   1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ കർണാടക സമിതിയുടെ ഉമേഷ‌് റാവു എതിരില്ലാതെ ജയിച്ചു. 1960 ലും കർണാടക സമിതിക്കായിരുന്നു ജയം. കെ മഹാബല ഭണ്ഡാരി കമ്യൂണിസ‌്റ്റ‌് പാർടിയുടെ ബി എം രാമപ്പയെ പരാജയപ്പെടുത്തി. 1965ൽ സിപിഐ എമ്മിലെ എം രാമണ്ണറൈയെ  തോൽപിച്ച‌് മഹാബല ഭണ്ഡാരി വീണ്ടും എംഎൽഎയായി. 67ലും മഹാബല ഭണ്ഡാരി എംഎൽഎയായി. രാമണ്ണറൈയാണ‌് ഇക്കുറിയും പരാജയപ്പെടുത്തിയത‌്. 70ൽ ഐക്യ മുന്നണി സ്ഥാനാർഥി സിപിഐയുടെ ബി എം രാമപ്പ തെരഞ്ഞെടുക്കപ്പെട്ടു. കർണാടക സമിതിയുടെ യു പി കുനിക്കുല്ലായയെയാണ‌് തോൽപിച്ചത‌്. 77ൽ ബി എം രാമപ്പ വീണ്ടും എംഎൽഎയായി. ഭാരതീയ ലോക‌്ദളിന്റെ എച്ച‌് ശങ്കര ആൾവയെയാണ‌് പരാജയപ്പെടുത്തിയത‌്. 1980ൽ  എൽഡിഎഫിലെ സിപിഐ സ്ഥാനാർഥി ഡോ. എ സുബ്ബറാവു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ ചെക്കളം അബ‌്ദുള്ളയാണ‌് തോറ്റത‌്. 1982ലും സുബ്ബറാവു എംഎൽഎയായി. യുഡിഎഫിലെ എൻ രാമകൃഷ‌്ണനെയാണ‌് പരാജയപ്പെടുത്തിയത‌്. ബിജെപിയുടെ ശങ്കര ആൾവക്കായിരുന്നു മൂന്നാം സ്ഥാനം. കോൺഗ്രസ‌് റിബലായി ഐ രാമറൈയും മത്സരിച്ചിരുന്നു. 82ലാണ‌് മഞ്ചേശ്വരത്ത‌് ത്രികോണ മത്സരം തുടങ്ങുന്നത‌്‌. 87 മുതൽ 2001 വരെ ചെർക്കളം അബ‌്ദുള്ളയാണ‌് വിജയിച്ചത‌്. 87ൽ ബിജെപിയുടെ ശങ്കര ആൾവയെയും 91ൽ കെ ജി മാരാറെയും 96ൽ എ ബാലകൃഷ‌്ണഷെട്ടിയെയും 2001ൽ  സി കെ പത്മനാഭനെയുമാണ‌് ചെർക്കളം പരാജയപ്പെടുത്തിയത‌്. 2006ൽ സി എച്ച‌് കുഞ്ഞമ്പുവിനോട‌് പരാജയം ഏറ്റുവാങ്ങി ചെർക്കളം  പിൻവാങ്ങി. 2011ലാണ‌് പി ബി അബ‌്ദുൾ റസാഖ‌് ആദ്യമായി എംഎൽഎ ആകുന്നത‌്. 5,828 വോട്ടിന്റെ ഭൂരിപക്ഷത്തിന‌് ബിജെപിയുടെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തി. പുതിയ പട്ടികപ്രകാരം ആകെ വോട്ട‌് 2,08,616. പുരുഷന്മാർ 1,04,830. സ‌്ത്രീകൾ 1,03,786.  അന്തിമപട്ടികയിൽ മാറ്റമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top