05 December Thursday

മൂവായിരത്തിനും ജീപ്പോ !!

സുബിൻ കൃഷ്‌ണUpdated: Thursday Nov 7, 2019
കൂത്തുപറമ്പ്‌ 
എന്തെങ്കിലും നേടിയെടുക്കണമെന്ന്‌ ഒരാൾ ആത്മാർഥമായി ആഗ്രഹിച്ചാൽ അതിനായി ലോകം മുഴുവൻ സഹായത്തിനെത്തുമെന്ന്‌ പൗലോ കൊയ്‌ലോ പറഞ്ഞത്‌ വെറുതെയല്ല. ഒരു വാഹനം നിർമിക്കണമെന്ന നരവൂരിലെ സാരംഗിന്റെ ആഗ്രഹത്തിനൊപ്പം വീട്ടുകാരും കൂട്ടുകാരും ഒപ്പം നിന്നപ്പോൾ റോഡിലിറക്കിയത്‌ ഒരു ജീപ്പ്‌. അതും വെറും മൂവായിരം രൂപ ചെലവിൽ. യന്ത്രഭാഗങ്ങൾ ശേഖരിച്ച് യൂട്യൂബ്‌ വീഡിയോകളുടെ സഹായത്തോടെയാണ്‌ രണ്ട് പേർക്ക് സുഖമായി സഞ്ചരിക്കാനുള്ള ജീപ്പ് നരവൂരിലെ  തൈക്കണ്ടിയിലെ സി കെ സഹജന്റെയും പി ബിന്ദുവിന്റേയും മകൻ സാരംഗ്‌ നിർമിച്ചത്‌. എൻജിനിയറിങ്‌ പഠനത്തിന്റെ പിൻബലമൊന്നുമില്ലാതെയുള്ള നിർമാണം നാടിനെയും വിസ്‌മയിപ്പിച്ചു. 
സ്വന്തമായി നിർമിച്ച ജീപ്പ്‌ ഓടിച്ചതിന്റെ സന്തോഷത്തിലാണ് ബംഗളൂരുവിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ എംബിഎ വിദ്യാർഥിയായ സാരംഗ്. ചെറുപ്പം മുതലേ സാരംഗിന് യന്ത്രങ്ങളും ഇലക്ട്രോണിക്സ് വസ്തുക്കളും ഏറെ കൗതുകമായിരുന്നു. 
കൂത്തുപറമ്പ് എം ഇ എസ് കോളേജിൽ ബിരുദപഠനത്തിനിടെയാണ്‌ ഒരു വണ്ടി നിർമിക്കണം എന്ന മോഹം മൊട്ടിടുന്നത്‌. വീട്ടിലെ ബൈക്കിന്റെ ചെറിയ  തകരാറുകൾ കണ്ടുപിടിച്ച് നന്നാക്കുക എന്നതിലപ്പുറം ഒരു ബന്ധവും യന്ത്രങ്ങളോട്‌ ഉണ്ടായിരുന്നില്ല.  കാര്യം അവതരിപ്പിച്ചപ്പോൾ വീട്ടുകാരിൽനിന്നും കൂട്ടുകാരിൽനിന്നും കിട്ടിയ പ്രോത്സാഹനം ഏറ്റവും വലിയ സ്വപ്നം യാഥാർഥ്യമാക്കാനുള്ള കരുത്തായി. പഴയ ഒരു വണ്ടി വാങ്ങി അതിന്റെ എൻജിൻ ഉപയോഗിച്ച് പുതിയൊരു ജീപ്പ് നിർമിക്കാനുള്ള ആദ്യ ശ്രമം വിഫലമായെങ്കിലും തോറ്റ് കൊടുക്കാൻ സാരംഗ് തയ്യാറായില്ല. ഇരുമ്പ് കമ്പികളും ഷീറ്റും വെൽഡ് ചെയ്ത ജീപ്പിന്റെ മാതൃക തയ്യാറാക്കി. ഒരു ലിറ്റർ പെട്രോളിൽ 20  കിലോമീറ്റർ ഓടിക്കാൻ സാധിക്കുന്നതാണ്‌ സാരംഗിന്റെ ജീപ്പ്‌. അച്ഛനും അമ്മയും സഹോദരി സാന്ദ്രയും അടങ്ങുന്ന കുടുംബത്തിനും നാടിനും അഭിമാനമായി മാറിയിരിക്കുകയാണ് ഈ മിടുക്കൻ.
പ്രധാന വാർത്തകൾ
 Top