ന്യൂമാഹി
മയ്യഴിപ്പുഴയുടെ തീരത്ത് കുരുന്നുകൾക്ക് ഇനി കളിച്ചുല്ലസിക്കാം. ന്യൂമാഹിയിൽ സജ്ജമാക്കുന്ന കുട്ടികളുടെ പാർക്ക് അവസാന മിനുക്കുപണിയിലാണ്. മയ്യഴിപ്പുഴയ്ക്ക് അഭിമുഖമായി മൂന്ന് ഏക്കറിലാണ് കുട്ടികൾക്കും വയോജനങ്ങൾക്കുമായി പാർക്ക് വരുന്നത്. ജില്ലാ പഞ്ചായത്ത് 2018ലെ വികസന ഫണ്ടിൽനിന്നും രണ്ട് കോടി രൂപ ചെലവഴിച്ചാണ് നിർമാണം.
ചെങ്കല്ല് ചെത്തിമിനുക്കി പണിത ഓപ്പൺ സ്റ്റേജ്, കരിങ്കല്ലുകൊണ്ട് ചുറ്റുമതിൽകെട്ടി മനോഹരമാക്കിയ കുളം, ഇന്റർലോക്ക് ചെയ്ത നടപ്പാത, തണൽമരങ്ങൾക്ക് ചുറ്റും ഗ്രാനെെറ്റ് പാകിയ ഇരിപ്പിടം, പവലീയൻ, കുട്ടികളുടെ കളിസ്ഥലം, ശൗചാലയം എന്നിങ്ങനെ എല്ലാ സൗകര്യവും പാർക്കിലുണ്ടാവും. ഇന്റർലോക്കിന്റെയും പൂന്തോട്ടത്തിന്റെയും വെളിച്ചസംവിധാനത്തിന്റെയും കവാടത്തിന്റെയും പണിയാണ് പുരോഗമിക്കുന്നത്.
കനത്ത മഴ വില്ലനായി എത്തിയതോടെ ഉദ്യാനത്തിന്റെ നിർമാണം പാതിവഴിയിലായിരുന്നു. ഡിസംബർ അവസാനത്തോടെ പണി പൂർത്തിയാക്കി തുറന്ന് നൽകും. വൈദ്യുതി കണക്ഷനും ജലവിതരണസംവിധാനവുമെല്ലാം സജ്ജമാണ്. ബോട്ട് ജെട്ടിയുടെ നിർമാണം നടക്കുന്നതിനാൽ വയോജനങ്ങൾക്കുള്ള പാർക്കിന്റെ നിർമാണം താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.