25 August Sunday

പടന്നക്കാട‌് ആയുർവേദാശുപത്രിയിൽ വായനയുടെ സുഖചികിത്സ

സ്വന്തം ലേഖകൻUpdated: Sunday Jul 7, 2019
കാഞ്ഞങ്ങാട്
വായന പക്ഷാചരണം ഞായറാഴ്ച സമാപിക്കുമ്പോൾ പടന്നക്കാട്ടെ ജില്ലാ ആയുർവേദാശുപത്രിയിൽ വായനയുടെ സുഖാനുഭവത്തിന‌് ഒന്നാം വാർഷികാഘോഷം. ആയുർവേദാശുപത്രിയിൽ എണ്ണയുടെയും തൈലത്തിന്റെയും കിഴിപിടിക്കലിന്റെയും ഗന്ധംമാത്രമല്ല   ഒരു വർഷമായി വായനയുടെ സുഖചികിത്സകൂടിയുണ്ടിവിടെ. മൈത്രി ചാരിറ്റബിൾ ട്രസ‌്റ്റ‌് നടത്തുന്ന വൃദ്ധസദത്തിലേക്കുകൂടി സഞ്ചരിക്കുന്ന വായനശാലയുടെ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കയാണ‌് .   രോഗികളും  കൂട്ടിരിപ്പുകാരും ഡോക്ടർമാരും മറ്റ് ജീവനക്കാരുമെല്ലാം വായനാചികിത്സയിൽ പങ്കാളികളാകുന്നു.  ഒഴിഞ്ഞവളപ്പ് ഇ കെ നായനാർ സ്മാരക ഗ്രന്ഥാലയമാണ് വായനയുടെ പുതു ഗന്ധമുള്ള പ്രവർത്തനങ്ങളുമായി ആതുരാലയത്തിലെത്തിയത‌്. 
ജില്ലയ്ക്കകത്തും പുറത്തുനിന്നും നൂറുകണക്കിന് രോഗികളെ ത്തുന്ന ആശുപത്രിയാണിത‌്. നടുവേദന ക്ക‌് ചികിത്സ തേടിയെത്തുന്ന   യുവാക്കളിൽ പലരും സമയം കളയുന്നത‌് മൊബൈൽ ഫോണിലൂടെയായിരുന്നു. ഇവിടെ പതിവ് തെറ്റുകയാണ്. ന്യൂ ജൻ അക്ഷരങ്ങളുടെ കൂട്ടുകാരായിത്തീർന്നതിന്റെ കഥയാണ്‌ പടന്നക്കാട‌് ആയുർവേദ ആശുപത്രിക്ക‌് പറയാനുള്ളത‌്.  ദീർഘകാലത്തെ ചികിത്സ കഴിഞ്ഞ‌്  മടങ്ങിപ്പോകുന്നവർക്ക‌് കുളിർമയുള്ള ഓർമയാണ‌് ഈ വായനാനുഭവം. ചികിത്സപോലെ  വായനയും ആസ്വാദ്യകരമാണെന്ന‌് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ  എം പി പൂർണിമ പറയുന്നു.  ഞായറാഴ‌്ചകളിൽ രാവി ലെ പത്തിന‌് മുറതെറ്റാതെ ഇവർ ആശുപത്രിയിലെത്തും. വായിച്ചുകഴിഞ്ഞ പുസ‌്തകങ്ങൾ തിരിച്ചെടുക്കുന്നതും പുതിയവ നൽകുന്നതും രോഗികളുമായി സൗഹൃദത്തിനുകൂടി കാരണമാകുന്നു.  ഒരോ ആഴ‌്ചയും ശരാശരി അമ്പത് പുസ്തകം  നൽകുന്നു.  രണ്ടുമാസം മുമ്പാണ‌് മൈത്രി ചാരിറ്റബിൾ ട്രസ‌്റ്റിൽ പുസ‌്തക വിതരണം തുടങ്ങിയത‌്.  ആശുപത്രിലെ വിതരണം കഴിഞ്ഞാൽ നേരെ വൃദ്ധസദത്തിലേക്ക‌്. അവിടെ അവശത മറന്ന‌് കാത്തിരിക്കുന്ന പുസ‌്തകസ‌്നേഹികളുടെ മുഖത്ത‌് എന്തെന്നില്ലാത്ത സന്തോഷം.
കഴിഞ്ഞ വർഷം ജൂലൈ ഏഴിനാരംഭിച്ച ഈ പുസ്തകച്ചങ്ങാത്തത്തിന‌് ഒരു വർഷം തികഞ്ഞു. അഭിരുചിക്കനുസരിച്ച പുസ‌്തകങ്ങൾ എത്തിച്ചു നൽകാൻ ലൈബ്രേറിയന്മാർ പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.ലൈബ്രേറിയനൊപ്പം ഗ്രന്ഥശാലാ ഭാരവാഹികളും പുസ്തകം ചുമന്ന് ആശുപത്രിയിലെത്തുന്ന കാഴ‌്ച അപൂർവം.    ഗ്രന്ഥാലയം പ്രസിഡന്റ‌് പി വി പ്രമോദ‌്, സെക്രട്ടറി കെ സന്തോഷ‌്, ലൈബ്രേറിയൻ സജിത എന്നിവരാണ‌്  നേതൃത്വം നൽകുന്നത‌്. വാർഷികത്തിന്റെ ഭാഗമായി  ഇക്കുറി ആശുപത്രിയിലേക്ക‌് ബിപി അപ്പാർട്ടും സംഭാവന നൽകി.
 

 

പ്രധാന വാർത്തകൾ
 Top