കണ്ണൂർ
മുസ്ലിംലീഗിൽ തർക്കം രൂക്ഷമായി തുടരുന്ന കൊളച്ചേരി പഞ്ചായത്തിൽ വികസന സ്ഥിരം സമിതി അധ്യക്ഷനെ മാറ്റി. ഭരണ പരാജയത്തെ തുടർന്ന് കെ പി അബ്ദുൾ സലാമിനാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം നഷ്ടമായത്. പകരം ലീഗിലെ എൽ നിസാറിനെ വികസന സ്ഥിരം സമിതി ചെയർമാനായി തെരഞ്ഞെടുത്തു.
ഭരണ പരാജയത്തിന്റെ പേരിൽ ലീഗ് രാജി ആവശ്യപ്പെടുകയായിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അസ്മയോടും ലീഗ് രാജി എഴുതി വാങ്ങിയതായി അറിയുന്നു. പകരം നാസിഫയെയാണ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായി പരിഗണിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൾ മജീദിനോടും രാജി എഴുതിവാങ്ങിയിരുന്നു. ലീഗ് ജില്ലാ കമ്മിറ്റിയുടെ ഇടപെടലിന്റെ ഭാഗമായാണ് തൽക്കാലം അബ്ദുൾ മജീദ് പ്രസിഡന്റ് പദവിയിൽ തുടരുന്നത്.
കൊളച്ചേരി പഞ്ചായത്ത് ഭരണസമിതിയിലെ 17 അംഗങ്ങളിൽ പതിനൊന്നുപേർ യുഡിഎഫാണ്. എട്ട് അംഗങ്ങളാണ് ലീഗിനുള്ളത്. മൂന്നുപേർ കോൺഗ്രസിൽനിന്നാണ്. എൽഡിഎഫിന് അഞ്ചും ബിജെപിക്ക് ഒരംഗവുമാണുള്ളത്.
ലീഗിലെ ഭൂരിഭാഗവും കോൺഗ്രസ് അംഗങ്ങളും പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ രംഗത്തുവന്നതിനെ തുടർന്നാണ് വികസന സ്ഥിരം സമിതി അധ്യക്ഷനെ മാറ്റിയത്. ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരിയുടെ തട്ടകത്തിലെ പോര് ലീഗിന് കനത്ത തിരിച്ചടിയാണ്.
ഈ സാമ്പത്തിക വർഷം പഞ്ചായത്തിൽ ഒറ്റ റോഡ് വികസന പ്രവർത്തനവും നടന്നിട്ടില്ല. 1.60 കോടി രൂപയുടെ റോഡ് വികസന പദ്ധതിയാണ് ഭരണസമിതിയുടെ പിടിപ്പുകേടുമൂലം ലാപ്സായത്.
പൊതു കിണർ ശുചീകരണം ഉൾപ്പെടെ നിലച്ചു. കാർഷിക മേഖലയിൽ വിനിയോഗിക്കാൻ തുകയുണ്ടായിട്ടും പശ്ചാത്തല വികസനമടക്കം നടക്കുന്നില്ല. ഭരണ പരാജയവും വികസന മുരടിപ്പുമാണ് കൊളച്ചേരി പഞ്ചായത്തിന്റെ മുഖമുദ്ര. തളിപ്പറമ്പ് മണ്ഡലത്തിൽ ഡിജിറ്റൽ സാക്ഷരതാ പദ്ധതി തുടങ്ങാത്ത ഏക പഞ്ചായത്താണ് കൊളച്ചേരി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..