20 September Friday

വേദനകളെ മാറിനിൽക്കൂ... ഈ കുഞ്ഞ‌് പഠിക്കട്ടെ

സുപ്രിയ സുധാകർUpdated: Friday Jun 7, 2019

അഴീക്കോട‌് ഹയർ സെക്കൻഡറി സ‌്കൂളിൽ എട്ടാംക്ലാസിലേക്കെത്തിയ ആര്യമോൾ.

കണ്ണൂർ
ആര്യമോളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ക്യാൻസറിന്റെ വേദന മാറിനിന്നു. മുടങ്ങിപ്പോയ പഠനം തുടരാൻ രണ്ടുവർഷത്തിനിപ്പുറം ആര്യമോൾ വീണ്ടുമെത്തിയപ്പോൾ അഴീക്കോട‌് ഹയർ സെക്കൻഡറി സ‌്കൂളിന‌് ഇത്തവണത്തെ പ്രവേശനോത്സവത്തിന‌് മാറ്റുകൂടി. 
രണ്ടുവർഷം മുമ്പ‌് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ‌് ശരീരത്തിൽ മുഴുവൻ വ്രണങ്ങൾ ബാധിച്ച‌് ആര്യമോൾ പഠനം അവസാനിപ്പിക്കുന്നത‌്. പാട്ടിലും നൃത്തത്തിലും ചിത്രരചനയിലും എല്ലാം മികവ‌് പുലർത്തിയ ഈ മിടുക്കി കിടപ്പിലായതോടെ അധ്യാപകരും കുട്ടികളും വിഷമത്തിലായി. ഗുഡ‌്സ‌്‌ ഓട്ടോത്തൊഴിലാളിയായ വത്സലരാജും ഷൈമയും മകളുടെ രോഗത്തിനുള്ള ചികിത്സാ ചെലവ‌് കണ്ടെത്താനാകാതെ വലഞ്ഞപ്പോൾ അഴീക്കോട്ടെ ജനശക്തിയാണ‌് താങ്ങായി കുടുംബത്തിനൊപ്പം നിന്നത‌്. 
ശരീരം മുഴുവൻ വ്രണം ബാധിച്ച‌് നിലവിളിക്കുന്ന ആര്യമോളുടെ ദയനീയാവസ്ഥ വാർത്തയായതോടെ സർക്കാർ ചികിത്സാചെലവ‌് ഏറ്റെടുത്തു. സുമനസ്സുകളായ ധാരാളംപേരും സഹായവുമായെത്തി. രക്താർബുദം, ട്യൂമർ, ത്വക‌് രോഗം എന്നിവ ബാധിച്ച ആര്യയെ പരിയാരം മെഡിക്കൽ കോളേജ‌്, മംഗളൂരു, തിരുവനന്തപുരം ആർസിസി, വെല്ലൂർ, എറണാകുളം അമൃത ഹോസ‌്പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സയ‌്ക്ക‌് വിധേയമാക്കിയിട്ടുണ്ട‌്. കൊച്ചി അമൃത കോളേജിൽ ഡോ. പവിത്രന്റെ കീഴിൽ ഇപ്പോഴും ചികിത്സയിലാണ‌്. രണ്ടുമാസം കൂടുമ്പോൾ അമൃതയിൽ തുടർ ചികിത്സയ‌്ക്കായി പോകേണ്ടതുണ്ട‌്. പൂർണമായും ഭേദമായില്ലെങ്കിലും സ‌്കൂളിൽ പോകാമെന്ന ഡോക്ടറുടെ നിർദേശ പ്രകാരമാണ‌് ആര്യ സ‌്കൂളിൽ എത്തിയത‌്. തോട്ടടയിലാണ‌് ഇപ്പോൾ താമസമെങ്കിലും ആര്യമോളുടെ നിർബന്ധപ്രകാരമാണ‌് അഴീക്കോട‌് എച്ച‌്എസ‌്എസിൽതന്നെ വീണ്ടും പഠിക്കാനെത്തിയത‌്. ആര്യ എട്ടാംക്ലാസിലേക്ക‌് വീണ്ടും പ്രവേശനം നേടിയപ്പോൾ അനിയൻ അർജുനും കൂട്ടിനുണ്ട‌്.
പ്രധാന വാർത്തകൾ
 Top