ഇരിട്ടി
ഉരുൾപൊട്ടിയുണ്ടായ മണ്ണിടിച്ചിലിൽ വീടുകളും 26 സെന്റ് പുരിയിടവും തകർന്ന കരിക്കോട്ടക്കരി വെന്തചാപ്പയിലെ സഹോദരങ്ങളായ ഒറ്റപ്പനാൽ മോഹനൻ, രവീന്ദ്രൻ എന്നിവരുടെ കുടുംബത്തിന് തലശേരി അതിരൂപത 7,20,000 രൂപ നൽകി. ഇരുവർക്കും വീടു നിർമിക്കാൻ ആറു സെന്റ് ഭൂമി വീതം വാങ്ങാനാണ് സഹായം. വീട് തകർന്ന് വാടക വീട്ടിൽ കഴിയുന്ന കുടുംബങ്ങളുടെ കണ്ണീർക്കഥ ദേശാഭിമാനിയിൽ ഉൾപ്പെടെ വാർത്തയായിരുന്നു. പ്രളയപുനരധിവാസത്തിന് സ്വരൂപിച്ച ഏഴു കോടി രൂപയിൽനിന്നാണ് തുക നൽകിയത്.
പ്രളയശേഷം ഇവരുടെ 26 സെന്റ് ഭൂമി ഉപയോഗിക്കാൻ പറ്റാത്ത പരുവത്തിലായി. സ്ഥലം ലഭ്യമാക്കിയാൽ വീട് നിർമിക്കാൻ നിരവധി സംഘടനകളും വ്യക്തികളും രംഗത്തെത്തിയിരുന്നു. കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളിയിൽ ചേർന്ന ചടങ്ങിൽ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് ചെക്ക് കൈമാറി. ഫാ. തോമസ് തയ്യിൽ, ഫാ. ആന്റണി പുന്നൂർ, ഫാ.ജിൻസ് പ്ലാവ്നിൽക്കും തടത്തിൽ, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സെബാസ്റ്റ്യൻ, ബീന റോജസ്, മേരി വാഴാംപ്ലാക്കൽ, എൻ പി ജോസഫ്, ഷീജ മോൾ ചാക്കോ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ ദിവസം തലശേരി അതിരൂപതയിലെ വൈദികർ പ്രതിമാസ അലവൻസിന്റെ ആദ്യഗഡുവായി 12 ലക്ഷം രൂപ സമാഹരിച്ച് മന്ത്രി ഇ പി ജയരാജന് കൈമാറിയിരുന്നു. കേരളമെമ്പാടും ദുരിതമേഖലയിൽ നിരവധി സേവനപ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. പ്രളയശേഷം ഏഴു കോടിയുടെ പ്രത്യേക പാർപ്പിട നിർമാണ പദ്ധതിക്കും അതിരൂപത തുടക്കമിട്ടു.