27 September Sunday

കസബ കടപ്പുറത്ത്‌ 88 പേർക്ക്‌ കോവിഡ്‌ കാസർകോട്‌ കടപ്പുറം അപകടമേഖല

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
കാസർകോട്‌
പൂന്തുറക്ക്‌ പിന്നാലെ കാസർകോട്‌ കസബ കടപ്പുറം  കോവിഡ്‌ അപകട മേഖലയാകുന്നു. ഇവിടെ 88 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. രണ്ട്‌ ക്യാമ്പുകളിലായി നടന്ന പരിശോധനയിൽ 83 പേർക്ക്‌ രോഗം കണ്ടെത്തി. വ്യാഴാഴ്‌ച ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള പ്രത്യേക സംഘം ഫിഷറീസ്‌ സ്‌കൂളിൽ പരിശോധന നടത്തും. ആന്റിജൻ പരിശോധനയാണ്‌ നടത്തുന്നതെങ്കിലും സംശയമുള്ളവരുടെ പിസിആർ പരിശോധനയും നടത്തും. ചൊവ്വാഴ്‌ച പരിശോധിച്ച 75 പേരിൽ 49 പേർക്കും കോവിഡ്‌ സ്ഥിരീകരിച്ചു. 36 പേരും സ്‌ത്രീകളാണ്‌. എല്ലാവരെയും മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ പ്രഥമിക ചികിത്സാ കേന്ദ്രത്തിലേക്ക്‌ മാറ്റി. തിരുവനന്തപുരം പൂന്തുറയിലെ പാഠം ഉൾക്കൊണ്ടാണ്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസിന്റെ നിർദേശപ്രകാരം കടപ്പുറത്ത്‌  ആന്റിജൻ പരിശോധന നടത്തിയത്‌. ഇതിൽ 37 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു.
പിടിച്ചുകെട്ടാൻ നൂതന രീതി
കാസർകോട്‌ കടപ്പുറത്ത്‌ പരിശോധനയിലും  നിയന്ത്രണത്തിലും നൂതന രീതി. സംസ്ഥാനത്ത്‌ ആദ്യമാണിത്‌. ക്യാമ്പിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ പ്രാഥമിക, ദ്വീദീയ സമ്പർക്കത്തിലുള്ളവരുടെ പരിശോധന നടത്തും. ഇത്‌ രോഗവ്യാപനം തടഞ്ഞ്‌ പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ സഹായിക്കുമെന്ന്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ വി ശ്രീജിത്ത്‌ പറഞ്ഞു. വ്യാഴാഴ്‌ച 50 പേരെയാണ്‌ ആദ്യം പരിശോധിക്കുക. രോഗം സ്ഥിരീകരിക്കുന്നവരുടെ സമ്പർക്കമുള്ളവരുടെ സ്രവം പരിശോധിക്കും. രോഗികൾ കൂടുതലുള്ള 35, 36,37 വാർഡുകളിലെ പ്രദേശങ്ങൾ പ്രത്യേക മേഖലയാക്കി പുട്ടിയിട്ടു. എല്ലാവരെയും വീട്ടിൽ ക്വാറന്റൈനിലാക്കി. ആവശ്യ സാധനങ്ങളും മരുന്നും  എത്തിക്കാൻ 15 സന്നദ്ധ സേവകരെ നിയോഗിച്ചു.  ഇവർക്ക്‌ മാത്രമാണ്‌ കണ്ടയിൻമെന്റ്‌ മേഖല വിട്ട്‌ പുറത്തുവരാൻ അനുമതി. പൊലീസിന്റെ കർക്കശമായ നിയന്ത്രണവും പ്രദേശത്തുണ്ട്‌.  മത്സ്യബന്ധനവും വിൽപനയും അസാധ്യമായതിനാൽ ഭക്ഷണ ധാന്യങ്ങളുടെ കിറ്റ്‌ എത്തിക്കും.
ചികിത്സാ കേന്ദ്രവും കടപ്പുറത്ത്‌
രോഗികൾക്ക്‌ കടപ്പുറത്തുള്ള മത്സ്യഫെഡിന്റെ ഇരുനില കെട്ടിടത്തിൽ പ്രാഥമിക ചികിത്സാ കേന്ദ്രമൊരുക്കും. രോഗ ലക്ഷണമില്ലാത്ത ആരോഗ്യമുള്ളവർക്കാണ്‌ ഇവിടെ സൗകര്യം. നൂറോളം കിടക്കകൾ ഒരുക്കും. 68 ബെഡുകൾ തയ്യാറായി. വ്യാഴാഴ്‌ച മുതൽ സമൂഹ അടുക്കളയും ആരംഭിക്കും. രോഗികൾ വർധിച്ചാൽ കടപ്പുറത്തെ ഇതര കെട്ടിടങ്ങളിലും സൗകര്യമൊരുക്കും.   
ഇതര രോഗികൾക്കും കരുതൽ 
കോവിഡ്‌ ഇതര രോഗികൾക്കായി  മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്‌. പന, ഛർദി, വയറിളക്കം തുടങ്ങിയ രോഗങ്ങളുള്ളവർക്കാണ്‌ പ്രത്യേക സൗകര്യം. മരുന്നും നൽകുന്നു. ബുധനാഴ്‌ച സുനാമി കോളനിയിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ നൂറോളം പേരെ പരിശോധിച്ചു. കൂടാതെ അങ്കണവാടിയിൽ ടെലിമെഡിസിൻ സംവിധാനവുമുണ്ട്‌. നാട്ടുകാരായ സ്‌റ്റാഫ്‌ നേഴ്‌സിനെയും ഫാർമസിസ്‌റ്റിനെയും മുഴുവൻ സമയ പ്രവർത്തനത്തിന്‌ നിയോഗിച്ചിട്ടുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top