15 July Wednesday

ഭൂമിക്ക്‌ കുടചൂടാൻ നാടാകെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി  ഓഫീസിൽ ജില്ലാ സെക്രട്ടറി വി എൻ വാസവൻ വൃക്ഷത്തൈ നടുന്നു

 

കോട്ടയം
ഭൂമിക്ക്‌ കുടചൂടാൻ നാടൊരുമിച്ചു. കോവിഡ്‌ മഹാമാരിയുടെ പിടിയിലും ലോകപരിസ്ഥിതി ദിനാഘോഷം‌ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിലെമ്പാടും നടന്നു. സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ബ്രാഞ്ച്‌, ലോക്കൽ, ഏരിയ കേന്ദ്രങ്ങളിലും ഫലവൃക്ഷതൈ നടീൽ നടന്നു. സർക്കാർ വകുപ്പുകളും പരിസ്ഥിതി സംഘടനകളും യുവജനസംഘടനകളും  വിവിധ കേന്ദ്രങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടു. 
 കോട്ടയത്ത്‌ സിപിഐ എം ജില്ലകമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഫലവ്യക്ഷതൈ നട്ടു. ജില്ലാ കമ്മിറ്റിയംഗം എം എസ്‌ സാനു, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ്‌ എന്നിവർ പങ്കെടുത്തു. മെഡിക്കൽ കോളേജിലും നടന്ന ചടങ്ങിൽ അദ്ദേഹം ഫലവ്യക്ഷതൈ നട്ടു. 
കോട്ടയം ഏരിയയിൽ  നാട്ടകം ലോക്കലിൽ ഏരിയ സെക്രട്ടറി ബി ശശികുമാർ ഉദ്‌ഘാടനം ചെയ്‌തു. ചങ്ങനാശേരി ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രൊഫ. എം ടി ജോസഫ്‌, എ വി റസൽ, ഏരിയ സെക്രട്ടറി  കെ സി ജോസഫ്‌ എന്നിവർ ഫലവൃക്ഷതൈ നട്ടു. കാഞ്ഞിരപ്പള്ളിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. എം ടി ജോസഫ്‌, ഏരിയ സെക്രട്ടറി കെ രാജേഷ് എന്നിവർ  വ്യക്ഷതൈ നട്ടു. വാഴൂർ ഏരിയയിൽ ഏരിയ സെക്രട്ടറി വി ജി ലാൽ, തലയോലപ്പറമ്പിൽ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. പി കെ ഹരികുമാർ കുലശേഖരമംഗലത്തും പൂഞ്ഞാറിൽ ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജും ഏറ്റുമാനൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ സുരേഷ് ‌കുറുപ്പ്‌ എംഎൽഎയും ഉദ്‌ഘാടനം ചെയ്‌തു. അയർക്കുന്നം ഏരിയയിൽ  ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥനും കടുത്തുരുത്തിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫും പാലായിൽ ഏരിയ സെക്രട്ടറി പി എം ജോസഫും തൈകൾ നട്ടു.    
  പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാൽലക്ഷം വൃക്ഷതൈകൾ നട്ട് ഡിവൈഎഫ്ഐ. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെച്ചൂർ ഇടയാഴത്ത്കണ്ടൽ ചെടികൾ നട്ട് സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നിർവഹിച്ചു.  ജില്ലയിൽ 1227 യൂണിറ്റുകളിൽ ഫലവൃക്ഷ തൈകൾ നട്ടു. ജില്ലാ പ്രസിഡന്റ് കെ ആർ അജയ് അധ്യക്ഷനായി. 
കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ നേതൃത്വത്തിൽ കോട്ടയം ഈസ്‌റ്റ്‌ സെക്ഷൻ ഓഫീസിൽ വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി പി എൻ പ്രദീപ്‌ അധ്യക്ഷനായി. 
എൻജിഒ യൂണിയൻ വൃക്ഷങ്ങൾ നട്ടു. യൂണിയൻ വൈക്കം, മീനച്ചിൽ, കാഞ്ഞിരപ്പള്ളി,ചങ്ങനാശേരി, പാമ്പാടി, ഏറ്റുമാനൂർ, കോട്ടയം ടൗൺ, സിവിൽ സ്‌റ്റേഷൻ എന്നീ ഏരിയ കമ്മിറ്റികൾ ജില്ലയിലെ വിവിധ ഓഫീസ് പരിസരങ്ങളിൽ വൃക്ഷങ്ങൾ നട്ടു.     
 പരിസ്ഥിതിദിനത്തിൽ എസ്എഫ്ഐ കോട്ടയം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കൃഷിത്തോട്ടം ഒരുക്കി. തിരുവാതുക്കലിൽ ഒരുക്കിയ കൃഷിത്തോട്ടം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു.  
കൃഷി വകുപ്പ്, സാമൂഹ്യ വനവൽക്കരണ വിഭാഗം, തദ്ദേശസ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വിവിധ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ തൈകൾ നട്ടത്. 
 കൃഷിവകുപ്പ് നടപ്പാക്കുന്ന ഒരുകോടി ഫലവൃക്ഷത്തെ വിതരണത്തിന്റെ ഒന്നാംഘട്ടം കുമാരനല്ലൂർ കൃഷിഭവനിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും തരിശ് നിലകൃഷിയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപിയും അടുക്കള ആരാമം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും നിർവഹിച്ചു. 
 ഹരിതകേരളം മിഷന്റെ 25000 ഓളം വൃക്ഷത്തൈകൾ നട്ട് പച്ചതുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. കോട്ടയം മുട്ടമ്പലം ഗവ. ഓഫീസേഴ്‌സ് റെസിഡൻസ് അസോസിയേഷനും ഹരിതകേരളം മിഷനും സംയുക്തമായി  ഒരു വീടിന് ഒരു മരം പദ്ധതി നടപ്പിലാക്കി.  കലക്ടർ എം അഞ്ജന ഔദ്യോഗിക വസതിയിൽ വൃക്ഷതൈ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.   
  കോട്ടയം സിഎംഎസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിൽ  ‘എന്റെ ഹരിത വിദ്യാലയം എന്റെ ഹരിത വീട്’ പദ്ധതി സാമൂഹ്യ വനവൽക്കരണ വിഭാഗം അസി. കൺസർവേറ്റർ ഡോ. ജി പ്രസാദ് ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ നടപ്പാക്കുന്ന ‘സുഭിക്ഷ കേരളം’ പദ്ധതി പച്ചക്കറി തൈകൾ നട്ട് ചെയർമാൻ പി ജെ വർഗീസ് ഉദ്ഘാടനംചെയ്തു.
പ്രധാന വാർത്തകൾ
 Top