28 May Thursday

ഒറ്റ ക്ലിക്ക്‌, സാധനങ്ങള്‍ വീട്ടിലെത്തും

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020

ഡിവൈഎഫ്‌ഐയുടെ ഗെറ്റ്‌എനി ആപ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌ പുറത്തിറക്കുന്നു

കോഴിക്കോട്‌ 
ലോക്ക്‌ ഡൗണിൽ വീടുകളിൽ കുടുങ്ങിയിക്കുന്നവര്‍ക്ക് സാധനം വാങ്ങാൻ  ഇനി ഒറ്റ ക്ലിക്ക്‌ മതി. യുവതയുടെ വളന്റിയർമാർ വീട്ടിലെത്തും. ഭക്ഷണം മുതൽ മരുന്നു വരെയെത്തിക്കാൻ ഡിവൈഎഫ്‌ഐയുടെ ആപ്‌  സജ്ജമായി. ‘ഗെറ്റ്‌ എനി' (getany) ആപ്‌ ഡൗൺലോഡ്‌ ചെയ്‌താൽ വീടുകളിലേക്ക്‌ വേണ്ട അവശ്യസാധനങ്ങൾ ലഭ്യമാകും. 
ഭക്ഷണം മുതൽ ഫർണിച്ചർവരെ വീടുകളിലെത്തിക്കുന്ന ബ്രാന്റഡ്‌ കമ്പനികളുടെ ആപ്പിന്റെ അതേ മാതൃകയിലാണ്‌ ഗെറ്റ്‌എനിയും. പ്രമേഹം, ബ്ലഡ്‌ പ്രഷർ പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക്‌ മരുന്നിന്‌ അത്യാവശ്യമുണ്ടെങ്കിൽ ആപ്പിൽ ക്ലിക്ക്‌ ചെയ്‌താൽ മതി. എന്നാല്‍, ഡോക്ടറുടെ കുറിപ്പടി അത്യാവശ്യമുള്ള മരുന്നുകൾ എത്തിക്കുന്നില്ല. പച്ചക്കറിയും മറ്റ്‌ അവശ്യ വസ്‌തുക്കളും  ലഭിക്കും. കോർപറേഷൻ പരിധിയിലാണ് ഇപ്പോൾ സേവനം. 150 വളന്റിയർമാർ ഇതിനായുണ്ട്‌. 15 കേന്ദ്രങ്ങളിലായി 10 പേർ വീതം സദാസമയം ആപ്പിലൂടെ സാധനങ്ങള്‍ എത്തിക്കാനുണ്ടാകും. 
ഡിവൈഎഫ്ഐ  അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ആപ്‌ പുറത്തിറക്കി. ജില്ലാ സെക്രട്ടറി വി വസീഫ്, ആപ്‌ നിർമാതാവ് ജംഷിദ് തുടങ്ങിയവർ പങ്കെടുത്തു. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ് ഡിവൈഎഫ്ഐ.  അതിന്‌ പുറമെയാണ്‌ ആപ്‌ വഴിയുള്ള സേവനം.  ഐടി മേഖലയിലെ യുവസംരംഭകരായ അരുൺരാജ്‌, രാജു ജോർജ്‌, കെ കെ ജംഷീദ്‌ എന്നിവരാണ്‌ ഈ സേവനത്തിന്‌ പിന്നിൽ.  www.getanyapp.com എന്ന വെബ്‌സൈറ്റ് വഴിയും ഗൂഗിൾ പ്ലേ-സ്റ്റോറിൽനിന്ന് നേരിട്ടും ആപ്‌ ഡൗൺലോഡ് ചെയ്യാം.
പ്രധാന വാർത്തകൾ
 Top