14 May Friday
സ്വന്തം ലേഖകൻ

കല്ലമ്പലത്ത് അരമണിക്കൂറിനിടെ രണ്ട് ബസ് അപകടം;
യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

ആഴാംകോണത്ത്‌ കെഎസ്ആർടിസി ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം

കിളിമാനൂർ
കല്ലമ്പലം പൊലീസ് സ്റ്റേഷനു സമീപം ദേശീയപാതയിൽ ആഴാംകോണത്തും നാവായിക്കുളത്തുമുണ്ടായ രണ്ട് ബസപകടങ്ങളില്‍ യുവാവ് മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു. ആഴാംകോണത്ത് കെഎസ്ആർടിസി ബ സും മിനിലോറിയും കൂട്ടിയിടിച്ച് മിനിലോറി ഡ്രൈവർ പുന്നപ്ര സ്വദേശിയാണ് മരിച്ചത്. ഒരാളുടെ നില അതീവ ​ഗുരുതരമാണ്. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 12.30 ഓടെയാണ്‌  അപകടം. മിനിലോറി ഡ്രൈവർ അമ്പലപ്പുഴ വടക്ക് പുന്നപ്ര വണ്ടാനം പുതുവൽ വീട്ടിൽ മുനീർ (31) ആണ് മരിച്ചത്. 
ആലപ്പുഴ കുറവൻതോട് പള്ളിവെളി തൻസീറിനെ ​ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണംചെയ്തിട്ടില്ല. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും ആയിരംതെങ്ങിൽനിന്ന് മീനെടുത്ത് മടങ്ങിയ മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. ഈ സമയം ശക്തമായ മഴയുണ്ടായിരുന്നു. മിനിവാനിന്റെ മുൻവശം പൂർണമായും തകർന്നു. അമിത വേഗതയിൽ തെറ്റായ ദിശയിലായിരുന്നു മിനിവാനെന്ന് പൊലീസ് പറഞ്ഞു. മുനീറിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ. നൗഫിയാണ് ഭാര്യ. മക്കൾ: മുഹമ്മദ് സെയിൻ, മുഹമ്മദ് ഇസിൻ. 
പരിക്കേറ്റ ബസ് ഡ്രൈവർ പുരവൂർ സ്വദേശി സന്തോഷ്‌ കുമാർ, കണ്ടക്ടർ ആറ്റിങ്ങൽ അവനവൻചേരി സ്വദേശി ട്വിസി, കല്ലടയിലെ വത്സല, പ്രസാദ്, കുളച്ചലിലെ രാജേഷ്, കല്ലൻകോട്ടെ റൂബിൻ, വിൽബർട്ട്, രാമനാഥപുരത്തെ മുത്തു കൃഷ്ണൻ, വീര മുഹിയിദ്ദീൻ, കുളച്ചലിലെ രാജു, ആന്റണി, ചാത്തന്നൂരിലെ നിതീഷ്, അഖിലേഷ്, സുജിൻ, കല്ലുവാതുക്കലിലെ ഗീത, ചിറയിൻകീഴിലെ വിനോദ്, തമിഴ്നാട് സ്വദേശി റസീൽ, ആറ്റിങ്ങലിലെ പ്രണവ്, അനൂപ്, നെടുമങ്ങാട്ടെ അക്ഷയ്, കൊല്ലം സ്വദേശി ജയകുമാർ എന്നിവരെ ചാത്തമ്പറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
പരിക്കേറ്റ നാഗർകോവിലിലെ വില്യം, (63) ചാത്തന്നൂരിലെ  സജിത(45), ചവറയിലെ യൂജിന്‍ (48), പുന്നപ്രയിലെ അനീഷ്,  ആറ്റിങ്ങലിലെ സരളാ മണി(67), രാമനാട് മീരാസാഹിബ് (62), രാമനാഥപുരത്തെ മീരാന്‍ മെഹബൂബ് (65), ജയകുമാര്‍ (47)തിരുനെല്‍വേലി, കുളച്ചല്‍ ആന്റണി (34)എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
അര മണിക്കൂറിനുശേഷമാണ് നാവായിക്കുളം മങ്ങാട്ടുവാതുക്കലിൽ കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ് എതിരെവന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് ഇറങ്ങിയത്. സംരക്ഷണക്കല്ലിൽ ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവായി. ബസിൽ 22 യാത്രക്കാരുണ്ടായിരുന്നു. നാലുപേർക്ക് നിസ്സാര പരിക്കേറ്റു. രണ്ട് അപകടസമയത്തും പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top