14 May Friday

യുഡിഎഫിൽ നെഞ്ചത്തടിയും കൂട്ടക്കരച്ചിലും

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021
പത്തനംതിട്ട
തെരഞ്ഞെടുപ്പ്‌ ഫലം വന്നതോടെ ജില്ലയിൽ യുഡിഎഫിൽ ഇതുവരെയില്ലാത്ത വിലാപമാണ്‌ ഉയരുന്നത്‌. പ്രതീക്ഷകളെല്ലാം അസ്‌തമിച്ചതിന്റെ വേദനയും സങ്കടവും എങ്ങും പ്രകടമാണ്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെയും യുഡിഎഫ്‌ കൺവീനർ എം എം ഹസന്റെയുമൊക്കെ തള്ളലിനൊത്ത്‌ തുള്ളിക്കളിച്ചവർ തങ്ങളുടെ ഭാവിയോർത്ത്‌ ഇന്ന്‌ വിലപിക്കുകയാണ്‌.  ഒരു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പോലും അടുത്തകാലത്തൊന്നും തിരിച്ചു വരാനാവാത്ത വിധം ശിഥിലമായിപ്പോയ കോൺഗ്രസിൽ ആർക്കും വിശ്വാസം ഇല്ലാതയി. ഇത്‌ നേതാക്കളുടെ സംഭാഷണങ്ങളിലും പ്രതികരണങ്ങളിലും പ്രതിഫലിക്കുന്നുണ്ട്‌. ദീർഘനിശ്വാസങ്ങളും നെടുവീർപ്പുകളു മാത്രമാണ്‌ കോൺഗ്രസ്‌ ഓഫീസുകളിൽ കേൾക്കുന്നത്‌. ഈ കൂടാരം  വിട്ട്‌ ഇടതുപക്ഷത്ത്‌ പോയവർ ഭാഗ്യവാന്മാർ എന്നാണ്‌ ചില നേതാക്കൾ പറയുന്നത്‌. അന്ന്‌ ആ കൂട്ടത്തിൽ പോകാതെ മടിച്ചു നിന്ന നിമിഷത്തെ  അവർ ശപിക്കുന്നു.
മുങ്ങിത്താഴുന്ന കപ്പലിൽ ചാടിക്കയറിയതിൽ പരിതപിക്കുകയാണ്‌ ചില ഘടകകക്ഷി നേതാക്കൾ. എൽഡിഎഫിനൊപ്പം നിന്നപ്പോൾ ഒരു പാർടിയെന്ന നിലയിൽ കിട്ടിയിരുന്ന അംഗീകാരവും ബഹുമാനവും ഇന്ന്‌ എങ്ങുമില്ല. നിയമസഭയിൽപോലും പ്രാതിനിധ്യം നഷ്ടപ്പെട്ട്‌ അസ്‌തിത്വമില്ലാത്ത പാർടിയായി മാറിപ്പോയതിന്റെ ദുഃഖം അവർ മറച്ചു വയ്‌ക്കുന്നില്ല.
ദീർഘകാലം മന്ത്രിയും രാജ്യസഭ  ഉപാധ്യക്ഷനുമായിരുന്ന മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ പി ജെ കുര്യൻ കോൺഗ്രസിന്റെ തകർച്ചക്ക്‌ കാരണം ഗ്രൂപ്പാണെന്ന്‌ വിദഗ്‌ധ പരിശോധനയിൽ അവസാനം കണ്ടെത്തി. ഗ്രൂപ്പു കളിയെപ്പറ്റി അദ്ദേഹത്തിന്‌ ആദ്യമായുണ്ടായ  തിരിച്ചറിവാണെന്ന്‌ തോന്നുന്നു.  ഒത്തുവന്നാൽ ഇത്തവണയും ഒരങ്കത്തിന്‌ ബാല്യം ഉണ്ടെന്ന്‌ പ്രഖ്യാപിച്ച്‌ തയാറായി നിന്നയാളാണ്‌.  ചെന്നിത്തല കൊണ്ടു വന്ന പ്രശ്‌നങ്ങൾ ജനം അംഗീകരിച്ചില്ലെന്നും അദ്ദേഹം വൈകിയാണെങ്കിലും കണ്ടെത്തിയിട്ടുണ്ട്‌. 
കോൺഗ്രസ്‌ നന്നാകാൻ ഒരു ത്യാഗം എന്ന നിലയിൽ  ഡിസിസി പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കാൻ  തയറാണെന്ന്‌  ബാബു ജോർജും പ്രഖ്യാപിച്ചിട്ടുണ്ട്‌.  തദ്ദേശ തെരഞ്ഞെടുപ്പിലെ ‘വിലപ്പെട്ട സേവനം’ പരിഗണിച്ച്‌ അന്നേ കേന്ദ്രനേതൃത്വം പറഞ്ഞു വിടാനിരുന്നതാണ്‌. അസംബ്ലി തെരഞ്ഞെടുപ്പു കഴിഞ്ഞേ ആകാവു എന്ന അഭ്യർഥന പരിഗണിച്ച്‌ തുടർന്നു വരികയാണ്‌. ആ ഔദാര്യത്തിൽ തുടരുന്ന നേതാവാണ്‌ ഇപ്പോൾ പുതിയ നേതൃത്വത്തിനായി ഒഴിയാം എന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.  പരാജയം  ഡിസിസിയുടെ വീഴ്ചകൊണ്ടല്ലെന്നും എല്ലാവർക്കും കൂട്ടുത്തരവാദിത്തം  ഉണ്ടെന്നും അദ്ദേഹം സമർഥിക്കുന്നു.
റാന്നിയിൽ അമ്മയുടെയും മകന്റെയും വിലാപം ചില കോൺഗ്രസുകാർക്ക്‌ സന്തോഷം നൽകുന്നുണ്ട്‌. റിങ്കു ചെറിയാന്റെ തോൽവി നേട്ടമായാണ്‌ വലിയൊരു വിഭാഗം കോൺഗ്രസുകാരും യുഡിഎഫുകാരും കരുതുന്നത്‌. 96 മുതൽ യുഡിഎഫ്‌ സ്ഥാനാർഥികളെ മാറിമാറി തോൽപ്പിച്ചതിന്‌ കിട്ടിയ പ്രതിഫലമാണ്‌ ഇന്നുണ്ടായിരിക്കുന്നതെന്ന്‌ അവർ പറയുന്നു. സ്ഥാനാർഥിയുടെ പഞ്ചായത്തിൽ പോലും യുഡിഎഫ്‌ പിന്നിൽ പോയി.
കോൺഗ്രസ്‌ എന്നാൽ താനാണെന്നും കോന്നിയിൽ തന്റെ വാക്ക്‌ അവസാനത്തേതാണെന്നും വിശ്വസിപ്പിക്കാൻ ശ്രമിച്ച അടൂർ പ്രകാശിന്റെ കരച്ചിലും ഉയരുന്നുണ്ട്‌. തന്റെ പിൻഗാമിയായി അവതരിപ്പിച്ച റോബിൻ പീറ്ററെ വിജയിപ്പിക്കാൻ അടൂർ പ്രകാശിനും  അദ്ദേഹത്തിന്റെ പണത്തിനും കഴിഞ്ഞില്ല.  ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണമെന്ന്‌ ചുരുങ്ങിയ നാളുകൾ കൊണ്ട്‌ സമൂഹത്തിന്‌ കാട്ടിക്കൊടുത്ത ജനീഷ്‌ കുമാർ അവിടത്തെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചെന്നതാണ്‌ എൽഡിഎഫിന്റെ വിജയം വ്യക്തമാക്കുന്നത്‌. അതുകൊണ്ടു തന്നെ അടൂർ പ്രകാശിന്റെയും റോബിൻ പീറ്ററുടെയും കരച്ചിൽ ഏറെക്കാലം നീണ്ടു നിൽക്കും. ഡിസിസി ഭാരവാഹികൾ മുന്നറിയിപ്പ്‌ നൽകിയിട്ടും സംസ്ഥാന നേതൃത്വം തങ്ങളുടെ വാക്കുകൾ ശ്രവിച്ചില്ലെന്ന  ആക്ഷേപം ഇന്നും അവർക്കുണ്ട്‌. 
നേതൃത്വത്തിന്റെ അനുമതിയോടെ ആറന്മുള മോഹിച്ചെത്തിയ മോഹൻരാജിന്റെ കണ്ണീരിന്റെ വില എന്തെന്ന്‌ കെ ശിവദാസൻ നായർ ഇപ്പോൾ മനസിലാക്കുന്നു. ആ വിലാപവും അടങ്ങുന്നില്ല. ആരോരുമറിയാത്ത ബിജു മാത്യുവിനെ ബിജെപിയുടെ എ ക്ലാസ്‌ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയതിന്റെ  തന്ത്രം തിരിച്ചറിഞ്ഞ യഥാർഥ ജനാധിപത്യ വിശ്വാസികൾ കൃത്യതയോടെ പ്രതികരിച്ചപ്പോൾ വീണാ ജോർജിന്റെ ഭൂരിപക്ഷം ഇരട്ടിയിലധികം വർധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top