14 May Friday

നിരക്ക്‌ കുറച്ചതോടെ ലാഭം കുറഞ്ഞു സ്വകാര്യലാബുകൾ ആർടിപിസിആർ ടെസ്‌റ്റ്‌ നിർത്തുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021
കണ്ണൂർ 
കോവിഡ്‌ ആർടിപിസിആർ നിരക്ക്‌ കുറച്ചതിനെ തുടർന്ന്‌ ലാബുകൾ  പരിശോധന നിർത്തുന്നു. കോവിഡ്‌ കേസുകൾ വർധിച്ച സാഹചര്യത്തിലും  ആർടിപിസിആർ ടെസ്റ്റ്‌ നടത്താതെ ആളുകളെ തിരിച്ചയക്കുകയാണ്‌ മിക്ക ലാബുകളും. വിദേശ യാത്രയ്‌ക്ക്‌ ഉൾപ്പെടെ ആർടിപിസിആർ റിപ്പോർട്ട്‌ നിർബന്ധമാക്കിയിരിക്കെ ടെസ്‌റ്റ്‌ നടത്താൻ നെട്ടോട്ടമോടുകയാണ്‌ ജനം. കോവിഡ്‌ കാലത്ത്‌ സർക്കാർ മുൻകൈയെടുത്ത്‌ നിരക്ക്‌ കുറച്ചതിന്റെ ഗുണം  ലാബുകളുടെ ‘ടെസ്‌റ്റ്‌ ഒഴിവാക്കൽ’ മൂലം ജനങ്ങളിലെത്താതെ പോവുകയാണ്‌. 
4700 ൽനിന്ന്‌ 
അഞ്ഞൂറിലേക്ക്‌
ജില്ലയിൽ സ്വകാര്യ ആശുപത്രികളിലേതിലടക്കം മുപ്പതിൽ താഴെ ലാബുകളിലാണ്‌ ആർപിസിആർ ടെസ്‌റ്റിന്‌ സാമ്പിൾ എടുക്കുന്നത്‌.  ഇതിൽ  ഒരു ലാബിലാണ്‌ ടെസ്‌റ്റ്‌ നേരിട്ട്‌ നടത്തുന്നത്‌. ബാക്കി സ്വകാര്യ ലാബുകളെല്ലാം സ്വാബ്‌ കളക്ഷൻ സെന്ററുകളാണ്‌.  കോഴിക്കോട്ടും കൊച്ചിയിലുമുള്ള പ്രൊസസിങ്‌ സെന്ററുകളിലേക്ക്‌ സ്വാബ്‌ അയച്ചാണ്‌ പരിശോധന നടത്തുന്നത്‌. ആദ്യഘട്ടത്തിൽ 4700 രൂപയുണ്ടായിരുന്ന നിരക്ക്‌ സർക്കാർ നിർദേശത്തെ തുടർന്ന്‌ 3500 ആക്കി. പിന്നീട്‌ ഇത്‌ 2100 രൂപയും 1500 രൂപയുമാക്കി. ഉടമകൾ കോടതിയെ സമീപിച്ചതിനെതുടർന്ന്‌  വീണ്ടും 1700 ആക്കിയെങ്കിലും കഴിഞ്ഞ 30ന്‌ സർക്കാർ വീണ്ടും 500 ആയി കുറച്ച്‌ ഉത്തരവിറക്കി. ഉടമകൾ സമർപ്പിച്ച ഹർജിയിൽ സർക്കാർ തീരുമാനം ശരിയെന്ന്‌ ചൊവ്വാഴ്‌ച ഹൈക്കോടതിയും പറഞ്ഞ സാഹചര്യത്തിൽ ലാബുകളുടെ സമീപനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്‌. 
ഫലം വൈകുന്നു
കുറഞ്ഞ നിരക്കിൽ ആർടിപിസിആർ ടെസ്‌റ്റുകൾ ചെയ്യുന്ന ചുരുക്കം ചില ലാബുകളുണ്ട്‌. പുതിയ നിരക്കിനനുസരിച്ച്‌ ടെസ്‌റ്റിങ്‌ നടപടികൾ ക്രമീകരിക്കുകയാണ്‌ ചില ലാബുകൾ ചെയ്‌തത്‌. ജില്ലയിലെ  ഒരു സ്വകാര്യ ലാബ്‌  സ്വാബുകളുമായി  കൊച്ചിയിലേക്കുപോകുന്ന ട്രിപ്പുകളുടെ എണ്ണം കുറച്ചു.  ഒരു ദിവസം മൂന്ന്‌ തവണ പോകുന്നത്‌ ഒറ്റത്തവണയാക്കി മാറ്റി. അതിനാൽ   ഫലവും വൈകുന്നു 
രോഗികളേക്കാൾ  വിദേശയാത്രയ്‌ക്കൊരുങ്ങുന്നവരാണ്‌ ആർടിപിസിആർ ടെസ്‌റ്റിനെത്തുന്നത്‌. വിദേശയാത്രകളിൽ  48 മണിക്കൂറിനുള്ളിലുള്ള ഫലം വേണമെന്ന നിഷ്‌കർഷയും ഫലം വൈകുമ്പോൾ പ്രതിസന്ധിയാവുന്നുണ്ട്‌. 
താങ്ങാനാവില്ലെന്ന്‌ 
ഉടമകൾ
കൂടുതൽ ടെസ്‌റ്റുകൾ നടത്തുന്ന ലാബുകൾക്കേ പുതിയ നിരക്കിൽ പ്രവർത്തിക്കാനാവൂവെന്നാണ്‌ ഉടമകളുടെ വാദം. ടെസ്‌റ്റ്‌ നടത്തുന്നതിന്റെ ചെലവ്‌  താങ്ങാനാവാത്തതിനാലാണ്‌ ലാബുകൾ സാമ്പിൾ സ്വീകരിക്കാത്തതെന്ന്‌ മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി  കെ രജീഷ്‌ കുമാർ പറഞ്ഞു. ലാബുകൾ കലക്ട്‌ ചെയ്യുന്ന സാമ്പിളുകൾ ടെസ്‌റ്റ്‌ ചെയ്യുന്ന കേന്ദ്രങ്ങളിലെ  നിരക്ക്‌ കുറക്കാത്തതാണ്‌ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top