15 May Saturday

ഇവിടെ എല്ലാം സുഭിക്ഷമാണെന്നേ

ബിമൽ പേരയംUpdated: Monday Apr 5, 2021

അനിൽ കൃഷിയിടത്തിൽ

വിതുര
‘‘അഞ്ചു വർഷം മുമ്പ് കൃഷിയിടത്തിലെ പ്രതിസന്ധിയെയും വെല്ലുവിളികളെയും അതിജീവിക്കാൻ പ്രയാസമായ ഒരു കാലമുണ്ടായിരുന്നു. മണ്ണിനോട് പോരടിക്കുമ്പോഴും മനസ്സ് വല്ലാതെ തളർന്നിട്ടുണ്ട്. കൃഷിയിടത്തിൽ തേകുന്ന ജലത്തുള്ളികൾക്കൊപ്പം കണ്ണീർ കണങ്ങൾ അടർന്നുവീണ് ഉടഞ്ഞിട്ടുണ്ട്. എന്നാൽ, ഇന്ന് ഞാനേറെ ഹാപ്പിയാണ്. ഇവിടെ ഇപ്പോൾ എല്ലാം സുഭിക്ഷമാണെന്നേ’’–-  അഭിമാനത്തോടെ ശിരസ്സുയർത്തിയാണ്‌ മരുതാമലയിലെ യുവകർഷകൻ അനിൽ കുമാർ ഇതു പറയുന്നത്‌.
‘‘രണ്ടേക്കർ തരിശായി കിടന്ന മണ്ണ് പാട്ടത്തിനെടുത്ത് കൃഷിയിറക്കാൻ ആത്മവിശ്വാസത്തിന്റെ വിത്തെറിഞ്ഞത് പിണറായി സർക്കാരാണ്. അരുവിക്കരയിൽ എന്റെ വോട്ട് ജി സ്റ്റീഫനാണ്. പക്ഷേ, ഞാൻ വോട്ട് ചെയ്യുന്നത് പിണറായിക്കാണ്. ഈ സർക്കാർ തുടർന്നെങ്കിലേ എന്നെപ്പോലുള്ള പാവങ്ങൾക്ക് ഇവിടെ ജീവിക്കാനാകൂ’’–- വിയർപ്പിന്റെയും അധ്വാനത്തിന്റെയും വിലയറിഞ്ഞവർ നാട് ഭരിക്കട്ടെ എന്നാണ് അനിലിന്റെ പക്ഷം.
      ജൈവ പച്ചക്കറിസ്റ്റാളുകൾ എല്ലായിടത്തുമുണ്ട്. ഉൽപന്നങ്ങൾക്ക് നല്ല വിലയുമുണ്ട്. തമിഴ്നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മലയോരത്തെത്തുന്ന പച്ചക്കറിയുടെ അളവും കുറഞ്ഞിട്ടുണ്ട്‌. പച്ചക്കറികൾക്ക് തറവില നിശ്ചയിച്ചതും സുഭിക്ഷ കേരളം പദ്ധതിയുമെല്ലാം തെക്കൻ മലയോരത്തെ യുവകർഷകരെയും പാടത്തേക്കിറങ്ങാൻ സ്വാധീനിച്ചു.
   പയർ, പാവൽ, വഴുതന, ചീര എന്നിവയാണ് അനിലിന്റെ  കൃഷിയിടത്തിലെ പ്രധാന വിളകൾ. നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റും പ്രധാന വിൽപന കേന്ദ്രമാണ്. സുഭിക്ഷ കേരളം പദ്ധതിയുടെ സഹായങ്ങൾക്കൊപ്പം കോവിഡ് പ്രതിസന്ധി തരണം ചെയ്യാനായി സഹകരണ വകുപ്പിന്റെ പ്രോത്സാഹനവും ലഭിച്ചു. വിതുര സർവീസ് സഹകരണ ബാങ്കിലൂടെ വായ്പാ സഹായം കൃഷി വ്യാപനത്തിനായി ലഭിച്ചു.
ഭാര്യ സുനിത കുടുംബശ്രീ അംഗമായതിനാൽ ആ വഴിക്കും വിളനിലം കാക്കാൻ സഹായമെത്തി. മികച്ച വിദ്യാഭ്യാസം മക്കളായ ആര്യക്കും അഭിലയ്ക്കും ഉറപ്പാകുമ്പോൾ ജീവിതത്തിനും സ്വപ്നങ്ങൾക്കും പച്ചപ്പേകുന്ന ഈ സർക്കാർ തുടരണമെന്ന് ഈ കുടുംബമൊന്നാകെ പറയുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top