18 January Tuesday

ഹോട്ടൽ കുത്തിത്തുറന്ന് മോഷണം : പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

 

പുതുക്കാട്   
കുറുമാലിയിൽ  ഹോട്ടൽ കുത്തിത്തുറന്ന് രണ്ട് ലക്ഷം  രൂപയും സ്കൂട്ടറും മൊബൈൽ ഫോണുകളും മോഷ്ടിച്ച  സംഭവത്തിലെ നാല് പ്രതികളെ  ചാലക്കുടി പൊലീസ്‌ പിടികൂടി. ഒരാൾ നേരത്തേ പിടിയിലായിരുന്നു.  മലപ്പുറം താനൂർ തോണിപ്പറമ്പിൽ  ഷിഹാബ് (31), മലപ്പുറം പുളിക്കൽ കിഴക്കയിൽ   അജിത് സുനിൽ കുമാർ (20), കോഴിക്കോട് കല്ലായി പന്നിയങ്കര  എൻവി   അജ്മൽ(21), കോഴിക്കോട് കൂട്ടാലിട  പാറച്ചിലിൽ   അജിത് വർഗീസ്(20),   മുതുവല്ലൂർ പാറക്കുളങ്ങര   ജിൻഷാദു (28) എന്നിവരാണ്  പിടിയിലായത്. ഇതിൽ ജിൻഷാദ് നേരത്തേ പിടിയിലായിരുന്നു. 
ഇവരെല്ലാവരും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിപണനത്തിനുമായി കോഴിക്കോട് ടൗൺ കേന്ദ്രീകരിച്ച് സംഘടിച്ചതിലൂടെയാണ് പരിചയത്തിലാവുന്നത്.
 കഴിഞ്ഞ ഒക്ടോബർ 23നാണ്‌   സംഭവം നടന്നത്. പുതുക്കാട് കുറുമാലിക്ക് സമീപം പ്രവാസി നടത്തുന്ന ഹോട്ടലിന്റെ മുൻ വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണുകളും ഹോട്ടലിന്റെ പാർക്കിങ്ങിൽ നിന്നും സ്കൂട്ടറും മോഷ്ടിച്ച് കടക്കുകയായിരുന്നു.
ശക്തമായ മഴമൂലം കറന്റ് പോയതിനാൽ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല.   സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംശയാസ്പദമായി കണ്ട ഇരുചക്ര വാഹനയാത്രികരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്കെത്തിയത്. 
പുതുക്കാട് സിഐ  ടി എൻ ഉണ്ണികൃഷ്ണൻ, എസ് ഐ സിദ്ദിഖ് അബ്ദുൾ ഖാദർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സി എ ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം മൂസ, വി യു സിൽജോ, എ യു റെജി, എം ജെ ബിനു, ഷിജോ തോമസ്, പുതുക്കാട് സ്റ്റേഷനിലെ എഎസ്ഐ കെ എസ് സുമേഷ് എന്നിവരടങ്ങിയ   സംഘമാണ് കേസന്വേഷിച്ച് പ്രതികളെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top