15 May Saturday
ആനയിറങ്ങിയത്‌ ജനവാസകേന്ദ്രത്തിൽ

പൊഴുതനയിൽ കാട്ടാനക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

തേയിലത്തോട്ടത്തിലൂടെ കാട്ടാനകൾ കൂട്ടത്തോടെ സഞ്ചരിക്കുന്നു

 സ്വന്തം ലേഖകൻ

പൊഴുതന
പൊഴുതനയിൽ പട്ടാപ്പകൽ തേയിലത്തോട്ടത്തിൽ കാട്ടാനക്കൂട്ടം. തൊഴിലാളികളുടെ ലയങ്ങൾ ഉൾപ്പടെയുള്ള ജനവാസ പ്രദേശത്താണ് തൊട്ടടുത്ത വനപ്രദേശത്തുനിന്ന് ഇരുപതിലധികം ആനകൾ ഇറങ്ങിയത്.  തിങ്കളാഴ്‌ച പകൽ മൂന്നിനാണ്‌ സംഭവം.  
   പ്രദേശത്തെ ആശങ്കയിലാഴ്‌ത്തി തേയിലത്തോട്ടത്തിലൂടെ കറങ്ങിനടന്ന കാട്ടാനക്കൂട്ടത്തെ മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ്‌  നാട്ടുകാരും വനപാലകരും ചേർന്ന്‌ കാട്ടിലേക്ക് തുരത്തിയത്. പൊഴുതന പഞ്ചായത്തിലെ വൈത്തിരി –-തരുവണ റൂട്ടിലെ പ്രധാന പാതയോട് ചേർന്ന പെരുങ്കോട ഭാഗത്താണ് കുട്ടിയാനകളടക്കമുള്ള  കാട്ടാനകൾ ഇറങ്ങിയത്.  ഈ സമയത്ത് തൊഴിലാളികൾ തോട്ടത്തിൽ നിന്നിറങ്ങിയ സമയമായതിനാൽ അപകട സാധ്യത ഇല്ലാതായി. ഒരുവിധ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല . 
    ഈ പ്രദേശത്തെ വനഭാഗത്ത് വന്യമൃഗ പ്രതിരോധ വൈദ്യുതി കമ്പിവേലി ഇല്ലാത്തതിനാലാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത്. കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തുന്നതുവരെ പ്രദേശവാസികൾ ആശങ്കയിലായിരുന്നു. അടിയന്തരമായി ഫെൻസിങ്‌ ഉൾപ്പടെയുള്ള  വന്യമൃഗ പ്രതിരോധ സംവിധാനങ്ങൾ പ്രദേശത്തെ വനാതിർത്തികളിൽ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.    കഴിഞ്ഞ കുറച്ചുദിവസങ്ങളായി പൊഴുതന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്.കുടിവെള്ള സ്രോതസ്സുകളും കൃഷിയിടങ്ങളും നശിപ്പിക്കലും പതിവാണ്. ഇതിനുമുമ്പ് ഇത്തരത്തിൽ പ്രശ്നം ഉണ്ടായപ്പോൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കുകയും പലവിധ ചർച്ചകൾ നടത്തുകയുമുണ്ടായി.  അതിന്റെ  ഭാഗമായി ചില പദ്ധതികൾ നടത്തിയിട്ടുണ്ടെങ്കിലും ശാശ്വത പരിഹാരം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല. ദിവസങ്ങൾക്കുമുമ്പ്‌ തോട്ടം തൊഴിലാളികൾ ജോലിചെയ്യുന്ന മേഖലയിൽ  കാട്ടാനയിറങ്ങിയത്‌ പരിഭ്രാന്തി പടർത്തിയതിന്‌ പിന്നാലെയാണ്‌ വീണ്ടും കാട്ടാനകൾ കൂട്ടമായി  എത്തിയത്‌. ഫെൻസിങ് ലൈനുകൾ എത്രയും പെട്ടെന്ന് സ്ഥാപിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന്‌ പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top