07 June Sunday

തടസ്സമില്ലാതെ വൈദ്യുതി; ഈ സേവനത്തിന്‌ സല്യൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

കാസർകോട്‌

കോവിഡ് -19 മഹാമാരിയെ പ്രതിരോധിക്കുന്നതിനും മുടക്കമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നതിനുമുള്ള പരിശ്രമത്തിലാണ് ജില്ലയിലെ വൈദ്യുതി വകുപ്പ്. ലോക്ക്ഡൗൺ കാലഘട്ടത്തിലും  അവശ്യസർവീസ് എന്ന നിലയിൽ  വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും ജില്ലയിലെ വൈദ്യുതി ജീവനക്കാരും ഓഫീസർമാരും മികച്ച പ്രവർത്തനമാണ് നടത്തുന്നത്.
കാസർകോട്‌ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അധ്യക്ഷനും ഉന്നത ഓഫീസർമാരും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും അംഗങ്ങളായ ജില്ലാതല കോവിഡ് റെസ്പോൺസ് ടീം രൂപീകരിച്ചാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.ആശുപത്രികൾ,കോവിഡ് ഐസൊലേഷൻ വാർഡുകൾ,ക്വാറൻറീനിലുള്ളവരുടെ വീടുകൾ എന്നിവിടങ്ങളിലെ വൈദ്യുതി ലഭ്യത കൃത്യമായ ഇടവേളകളിൽ ഉറപ്പുവരുത്തുന്നു.മുഖ്യമന്ത്രി പതിവ് വാർത്താസമ്മേളനത്തിന്റെ ഭാഗമായി  പ്രഖ്യാപിച്ച് 24 മണിക്കൂറിനകം ഉക്കിനടുക്കയിലെ  മെഡിക്കൽ കോളേജിന് 160 കിലോവാട്ട്‌ ട്രാൻസ്ഫോർമർ സ്ഥാപിച്ച് വൈദ്യുതി എത്തിക്കാൻ സാധിച്ചു. കലക്ടറുടെ നിർദ്ദേശത്തിനനുസരിച്ച് പാറക്കട്ട വനിതാ ഹോസ്റ്റലിന് മണിക്കൂറുകൾക്കകം വൈദ്യുതി കണക്ഷൻ നൽകി.കൊറോണയുടെ സാമൂഹ്യവ്യാപനം തടയുന്നതിനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ ആവശ്യമായ ജീവനക്കാരുടെ വിന്യാസം എല്ലാ തലത്തിലും ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.അത്യാവശ്യ ഘട്ടങ്ങളിൽ ബദൽ സംവിധാനം ഒരുക്കുന്നതിനായി കരാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ കരുതൽ ബാക്ക് അപ്പും സജ്ജമാക്കി.
പൊതുജനസമ്പർക്കം പരമാവധി കുറച്ച് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വൈദ്യുതി സംബന്ധമായ പരാതികൾ സ്വീകരിക്കുന്നതിനും സംശയനിവാരണത്തിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന പരാതിപരിഹാര സംവിധാനമായ 1912 എന്ന നമ്പറിലോ സെക്ഷൻ ഓഫീസുകളിലെ ഫോണിലോ ബന്ധപ്പെടാം. 
മീറ്റർ റീഡിംഗ് താല്ക്കാലികമായി നിർത്തിയതിനാൽ, ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ ബിൽ തയ്യാറാക്കി ബിൽ തുക സംബന്ധിച്ച അറിയിപ്പ് എസ്‌എംഎസ്‌, ഇ-മെയിൽ സംവിധാനങ്ങളിലുടെ ലഭ്യമാക്കും.വൈദ്യുതി ബിൽ അടക്കുന്നതിന് ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാം.www.kseb.in മുഖേന എളുപ്പത്തിൽ വൈദ്യുതി ബിൽ അടക്കാം.
പ്രധാന വാർത്തകൾ
 Top