06 December Friday
ഇന്ന്‌ ലോക ഭിന്നശേഷി ദിനം

തടസ്സങ്ങളെ തന്ത്രിയിലൊതുക്കി വിഘ്‌നേഷ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
ജെയ‌്സൻ ഫ്രാൻസിസ‌്
തിരുവനന്തപുരം
മനസ്സിൽ പതിഞ്ഞ കാഴ്‌ചകളെ കടലാസിൽ പകർത്തുമ്പോഴാണ്‌ കൊച്ചുവിഘ്‌നേഷിനെ തേടി ആ വയലിൻ നാദം എത്തിയത്‌. മധുരശബ്ദത്തിന്‌ കാതുകൂർപ്പിച്ച്‌ സ്വയംമറന്ന അവൻ ചെന്നുനിന്നത്‌ വയലിൻ ക്ലാസിൽ. പിന്നീട്‌ വീട്ടിലും വിദ്യാലയത്തിലും വയലിൻ വായന അനുകരിച്ച്‌ നടക്കുന്നതുകണ്ട അധ്യാപിക പ്രഭ വീട്ടുകാരോട്‌ പറഞ്ഞു ‘ഇവനെ വയലിൻ പഠിപ്പിക്കൂ’. മകന്റെ ഇഷ്ടത്തിനൊപ്പംനിന്നു അമ്മ ജ്യോതിയും അച്ഛൻ സെൽവകുമാറും. മാനസികവെല്ലുവിളിയെന്ന വിഘ്‌നേഷിന്റെ ‘പരിമിതി’യേക്കാൾ അവന്റെ കഴിവിൽ അവർ വിശ്വസിച്ചു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജ്‌ വരെ എത്തിനിൽക്കുകയാണ്‌, പ്രതിബന്ധങ്ങളെ ശ്രുതിമീട്ടി മായ്‌ച്ച വിഘ്‌നേഷിന്റെ സംഗീതപഠനയാത്ര. 
മാനസിക വെല്ലുവിളിയെ ഈ പതിനെട്ടുകാരൻ അതിജീവിക്കുന്നത്‌ വയലിനെ ചേർത്തുപിടിച്ചാണ്‌.  കുഞ്ഞുനാളിൽ വിഘ്‌നേഷിന്‌ ഇഷ്ടം സംഗീതവും വരയുമായിരുന്നു. അധ്യാപകരാണ്‌ സഹപാഠികൾക്കൊപ്പം എത്താനുള്ള അവന്റെ ‘പരിമിതി’ തിരിച്ചറിഞ്ഞത്‌. മകന്റെ കഴിവ്‌ മനസ്സിലാക്കി അവനെ അടുത്തുള്ള കലാകേന്ദ്രത്തിൽ ചേർക്കുകയാണ്‌ വീട്ടുകാർ ചെയ്‌തത്‌. ഇവിടെനിന്നാണ്‌ വയലിനിലേക്ക്‌ വിഘ്‌നേഷ്‌ തിരിയുന്നത്‌. വിദ്യാഭ്യാസവും തുടർന്നു. ‘മികച്ച വയലിനിസ്‌റ്റ്‌ ആകണമെന്ന ആഗ്രഹം സംഗീത കോളേജിൽ എത്തിച്ചു. വയലിൻ ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ്‌ ഇപ്പോൾ. കരമന തളിയൽ മഹാദേവ നഗറിലാണ്‌ താമസം. കോളേജ്‌ വിട്ടുവന്നാൽ പ്രാക്ടീസ്‌. ഓട്ടിസം ബാധിതനായ ചേട്ടൻ സഞ്‌ജീവിന്റെ അരികിൽ ഇരുന്നാണ്‌ വായന. ഇഷ്ടമുള്ള വയലിൻ വാദകരുടെ പട്ടികയിൽ അക്കരൈ സുബ്ബുലക്ഷ്‌മി മുതൽ ബാലഭാസ്‌കർ വരെ.  ‘അറിയപ്പെടുന്ന നല്ല വയലിനിസ്‌റ്റ്‌’ അതാണ്‌ ജീവിതലക്ഷ്യം. അച്ഛൻ സെൽവകുമാർ പെട്രോൾ പമ്പിലെ തൊഴിലാളി. അമ്മ ജ്യോതി ആശാ വർക്കർ. 
പ്രധാന വാർത്തകൾ
 Top