മറയൂർ
കോവിഡ് നിയന്ത്രണത്തിന്റെ ഇളവിൽ ദീപാവലി ആഘോഷിക്കാൻ തമിഴ് ജനത ഉൾപ്പെടുന്ന മറയൂരിലെ ഗ്രാമങ്ങൾ ഒരുങ്ങി. മഴ തിമിർത്ത് പെയ്യുന്നുണ്ടെങ്കിലും ദീപാവലി വിപണി ഉണർന്നുതന്നെയാണ്. ലക്ഷക്കണക്കിന് രൂപയുടെ മധുരപലഹാരങ്ങളും പടക്കവ്യാപാരവും ദീപാവലിയോട് അനുബന്ധിച്ച് നടക്കുന്നു. മധുരം വിളമ്പിയും ദീപങ്ങളുടെ ഉത്സവക്കാഴ്ച ഒരുക്കിയുമാണ് അഞ്ചുനാട് ഗ്രാമങ്ങൾ ദീപാവലിയെ വരവേൽക്കുന്നത്.
തൊഴിലാളി ലയങ്ങൾ ആഹ്ലാദത്തിമിർപ്പിലാണ്. നവവിവാഹിതരുടെ വീടുകളിലാണ് ആഘോഷങ്ങൾക്ക് പൊലിമ കൂടുതൽ. തലൈ ദീപാവലി എന്നാണ് വിവാഹിതരുടെ ആദ്യ ദീപാവലി ആഘോഷത്തിന് പറയുന്നത്. വധൂവരന്മാരെ വധുവിന്റെ വീട്ടിലേക്ക് ക്ഷണിച്ച് മധുരവും സ്വർണവും പുതുവസ്ത്രങ്ങളും നൽകിയാണ് സന്തോഷം പങ്കിടുന്നത്. കേരളത്തിൽ ഓണത്തിനെന്നപോലെ സർക്കാരും വ്യവസായ സ്ഥാപനങ്ങളും ദീപാവലിക്ക് ബോണസും നൽകും.
മറയൂർ, കാന്തല്ലൂർ, കോവിൽക്കടവ് പ്രദേശങ്ങളിൽ പടക്കക്കടകൾ സജീവമായി. ബേക്കറികളിൽ മധുര പലഹാരക്കിറ്റുകൾ നിറഞ്ഞു. ജിലേബി, ലഡു, മൈസൂർപാം, ബാധുഷ, പാൽസ്വീറ്റ്, കൈമുറുക്ക്, മിക്സ്ചർ എന്നിവ അടങ്ങിയ ഒരു കിലോയുടെ ബോക്സിന് 400 രൂപയും അരക്കിലോ ബോക്സിന് 200 രൂപയുമാണ് വില. 25 വിധം പലഹാരങ്ങൾ നിറച്ച 1500 രൂപയുടെ ദീപാവലി സ്വീറ്റ്സ് ബോക്സുകൾ തമിഴ്നാട് വിപണിയിൽ ലഭ്യമാണെന്ന് മറയൂരിലെ വ്യാപാരികൾ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..